രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കുവൈറ്റിനെ ഞെട്ടിച്ച് വൻ ലഹരിമരുന്ന് വേട്ട; 10 കിലോ ഹെറോയിനടക്കം പിടിച്ചെടുത്തു; പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 5.5 കോടി ഇന്ത്യൻ രൂപ (രണ്ട് ലക്ഷം കുവൈത്ത് ദിനാർ) വിലമതിക്കുന്ന 10 കിലോ ഹെറോയിനും മെത്താംഫെറ്റാമൈനും പിടികൂടി. രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വലിയൊരു ലഹരിമരുന്ന് വിതരണ ശൃംഖലയെയാണ് ഈ ഓപ്പറേഷനിലൂടെ തകർത്തത്.
ഈ കള്ളക്കടത്ത് ശൃംഖലയുടെ പ്രധാന കണ്ണിയായ ഒരു ഏഷ്യൻ സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ചോദ്യം ചെയ്യലിൽ, വിദേശത്തിരുന്ന് ഈ ശൃംഖല നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് തലവന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചു. ഈ വിദേശി നിലവിൽ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ പ്രാദേശികമായും അന്തർദ്ദേശീയമായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ 'സീറോ ടോളറൻസ്' നയം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്ത് ലഹരിമരുന്ന് കടത്ത് തടയുന്നതിൽ ഈ നീക്കം നിർണായകമായ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.