ഗുരുവായൂര്‍ നടയില്‍ കേക്ക് മുറിച്ച് വീഡിയോ; ഇതിന് പിന്നാലെ ക്ഷേത്രം ഭക്തന്‍മാര്‍ക്കുള്ള ഇടമാണെന്നും കോടതി വിധി; അത് ലംഘിച്ച് കിഴക്കേ നടയില്‍ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീണ്ടും വീഡിയോ; ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ ജസ്ന സലീം കുടുങ്ങിയത് ഇങ്ങനെ

ജസ്ന സലീം കുടുങ്ങിയത് ഇങ്ങനെ

Update: 2025-04-12 15:24 GMT
ഗുരുവായൂര്‍ നടയില്‍ കേക്ക് മുറിച്ച് വീഡിയോ; ഇതിന് പിന്നാലെ ക്ഷേത്രം ഭക്തന്‍മാര്‍ക്കുള്ള ഇടമാണെന്നും കോടതി വിധി; അത് ലംഘിച്ച് കിഴക്കേ നടയില്‍ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീണ്ടും വീഡിയോ; ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ ജസ്ന സലീം കുടുങ്ങിയത് ഇങ്ങനെ
  • whatsapp icon

കോഴിക്കോട്: ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിനെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം കാണിക്ക വഞ്ചിയും കൃഷ്ണ വിഗ്രഹവുമുണ്ട്. ഈ വിഗ്രഹത്തില്‍ മാല ചാര്‍ത്തി അതിന്റെ വീഡിയോ എടുത്ത് ജസ്ന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തല്‍സമയം തന്നെ ഇത് ചിലര്‍ ചോദ്യം ചെയ്തതോടെ ക്ഷേത്ര പരിസരത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത്.


നേരത്തെ ജസ്‌ന, ഗുരുവായൂര്‍ നടയില്‍ വച്ച് കേക്ക് മുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഇതിനുള്ള സ്ഥലമല്ലെന്നും ഭക്തന്‍മാര്‍ക്കുള്ള ഇടമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രനടയില്‍ ഫോട്ടോയ്ക്കും വീഡിയോയ്ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനശ്രദ്ധ പിടിച്ച് പറ്റാന്‍ ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തിരുന്നു. ഇപ്പോള്‍ ഹൈക്കോടതി വിധിയുടെ ലംഘനം കൂടി കൂട്ടിച്ചേര്‍ത്താണ് പൊലീസ് കേസ്. പുതിയ കേസിന്റെ അടിസ്ഥാനത്തില്‍ ജസ്നയുമായി ബന്ധപ്പെടാനുള്ള ശ്രമം, മറുനാടന്‍ മലയാളി നടത്തിയിരുന്നെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല.

നേരത്തെയും വിവാദ നായിക

നേരത്തെയും പലതവണ ജസ്ന വിവാദത്തില്‍ പെട്ടിട്ടുണ്ട്. ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്ലീ യുവതി എന്ന പേരില്‍ ശ്രദ്ധേയയായതോടെ കടുത്ത സൈബര്‍ ആക്രമണമാണ് അവര്‍ നേരിട്ടത്. ഇസ്ലാമിക മതമൗലികവാദികള്‍ വധഭീഷണിയടക്കം ഈ കലാകാരിക്കുനേരെ ഉയര്‍ത്തിയിരുന്നു. ഒരു വേള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ജസ്നക്ക് സംരക്ഷണം ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മാദിയെ വരെ കണ്ട് ജസ്ന തന്റെ കൃഷ്ണ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

സുരേഷ് ഗോപിയടക്കമുള്ളവര്‍ ജസ്നക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച സുരേഷ് ഗോപിക്കൊപ്പം, ജസ്ന നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നു. ജസ്ന തട്ടിപ്പുകാരിയാണെന്ന്, ശോഭാ സുരേന്ദ്രനെപ്പോലുള്ളവര്‍ തുറന്നടിക്കയും ചെയ്തിരുന്നു.

അതിനിടെയാണ് ഹണി ട്രാപ്പ് വിവാദം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ജസ്ന നല്‍കിയ പരാതിയുടെ എഫ്ഐആര്‍ കോപ്പി സഹിതമെടുത്ത്, ജസ്ന ഹണി ട്രാപ്പുകാരിയാണെന്ന് എന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു സൈബര്‍ ആക്രമണം. ഇതിന് വിശദീകരണവുമായി ജസ്നയും രംഗത്ത് വന്നു. താന്‍ കൃഷ്ണ ഭക്തയാണെന്നും, സ്വഭാവ ദൂഷ്യം ആരോപിക്കുന്നത് ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്നും ജസ്ന മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചു. അതിനിടെ ജസ്ന ആത്മഹത്യക്ക് ശ്രമിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് അത്തോളി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.

എന്നാല്‍ 2019-ല്‍ തന്നെ ക്രൂരമായി ബലാത്സംഗംചെയ്ത ഒരാള്‍ക്കെതിരെ കൊടുത്ത കേസാണ് ഹണി ട്രാപ്പായി വ്യാഖ്യാനിക്കപ്പെടുന്നത് എന്നാണ് ജസ്ന പറയുന്നത്. തന്റെ മകന് മദ്രസയില്‍ വെച്ചുണ്ടായ ചില പീഡനങ്ങളെ തുടര്‍ന്ന് ഉണ്ടായ മെന്റല്‍ ട്രോമ പരിഹരിക്കാനായി എത്തിയ ഡോക്ടറാണ്, കുട്ടിയില്ലാതെ അമ്മയോട് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചത് എന്നാണ്, ജസ്ന പറഞ്ഞിരുന്നത്.

തന്നെ ക്രൂരമായി ആക്രമിച്ച സൈക്കോ ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണെന്നും, നിരവധി കുടുംബങ്ങള്‍ ഇയാള്‍ തകര്‍ത്തിട്ടുണ്ടെന്നും, കേസില്‍ പൊലീസിന്റെ അനാസ്ഥയുണ്ടായി എന്നത് അടക്കമുള്ള അതിഗുരുതരമായ വെളിപ്പെടുത്തലാണ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ജസ്ന നടത്തിയത്. ചില രാഷ്ട്രീയ നേതാക്കള്‍ പ്രതിയെ രക്ഷിക്കയാണെന്നും ജസ്ന ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്ററായി ജസ്ന മുന്നോട്ട്പോകുകയായിരുന്നു. അതിനിടെയാണ് കേസ് ഉണ്ടാവുന്നത്.

Tags:    

Similar News