'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി; ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട്ട് എത്തും; ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല; ഷാഫിയും രാഹുലും ചെയ്ത നല്ലകാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'; തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവനെ കണ്ട് 'അനുഗ്രഹം വാങ്ങി'യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക്
'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി; ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട്ട് എത്തും
കൊച്ചി: മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയെന്നും എല്ലാ ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. തൃപ്പൂണിത്തുറക്കാരുടെയും സിറ്റിങ് എംഎല്‍എ കെ ബാബുവിന്റെയും 'അനുഗ്രഹം വാങ്ങി'യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക് പോയത്. പാലക്കാട്ടേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രമേഷ് പിഷാരടി താമസിക്കുന്നത് തൃപ്പൂണിത്തുറയില്‍ ആണ്. അവിടെ നിന്ന് വൈകിട്ട് നാലു മണിയോടെ പിഷാരടി പാലക്കാടെത്തി പ്രചരണത്തിനു തുടക്കം കുറിക്കും. എംഎല്‍എമാരെന്ന നിലയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പാലക്കാട് വിപ്ലവാത്മകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടര്‍ച്ച തന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ്, മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറ്റിയിരുന്നുവെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നു പറഞ്ഞത്, രാഹുലിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ തലക്കെട്ടു കൊടുത്തതാണെന്നും പിഷാരടി പറഞ്ഞു.
''രാഹുല്‍ 13 വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. എട്ടോ പത്തോ വീടുകള്‍ കൂടിയുള്ളത് നിര്‍മാണം പാതിയില്‍ നില്‍ക്കുകയാണ്. അതിനെ പിന്താങ്ങുന്നില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. നല്ല കാര്യങ്ങള്‍ എന്തെല്ലാമുണ്ടോ, അതിനെ പിന്തുണയ്ക്കലാണ് മുന്നിലുള്ള കാര്യമെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇതിനു മുമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ പേരുകള്‍ വരാറുണ്ടായിരുന്നെങ്കിലും തന്റെ സൗകര്യത്തിന് അനുസരിച്ച് ഇന്ന സ്ഥലത്ത് മത്സരിക്കും എന്ന് ആലോചിച്ചിട്ടില്ലെന്നും പിഷാരടി പറഞ്ഞു.
പാലക്കാട് തന്റെ ജന്മനാടാണ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് തന്റെ അമ്മയുടെ നാടെന്നും പിഷാരടി പറഞ്ഞു. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതുകൊണ്ട് പില്‍ക്കാലത്ത് തൃപ്പൂണിത്തുറയില്‍ താമസമാക്കുകയായിരുന്നു. അതുകൊണ്ട് 'ജനവിധി തേടി ജന്മനാട്ടിലേക്ക്' പോവുന്നു എന്നും പിഷാരടി പറഞ്ഞു.
