ചോദിച്ച പണം നല്‍കാത്തതിന് അമ്മയെ ആക്രമിച്ചു; മരിച്ചെന്നു കരുതി വീട് പൂട്ടി പിതൃമാതാവിന്റെ വീട്ടിലേക്ക്; സ്വര്‍ണമാല നല്‍കാത്തതിന് സല്‍മാബീവിയെ വകവരുത്തി; മുത്തശിയെ കൊലപ്പെടുത്തിയത് ലത്തീഫ് അറിഞ്ഞെന്ന ധാരണയില്‍ ഇരട്ടക്കൊല; ഫര്‍സാനയെ കൊന്നത് നാല് മണിക്ക് ശേഷം; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍; ഒടുവില്‍ അഫ്‌സാനെയും; കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലേക്ക്; അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

Update: 2025-02-25 11:35 GMT

തിരുവനന്തപുരം: പ്രിയപ്പെട്ട അനുജനെയും പെണ്‍സുഹൃത്തിനെയുമടക്കം തനിക്കുവേണ്ടപ്പെട്ട ആ അഞ്ചുപേരെ ഇരുപത്തിമൂന്നുകാരന്‍ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷമിയെ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍ ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്നായിരുന്നു അഫാന്റെ മൊഴി. ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്. അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും സല്‍മാ ബീവി നല്‍കാന്‍ തയാറായില്ല. ഇതോടെ അവരെയും തലയ്ക്കടിച്ചു വീഴ്ത്തി. അടുക്കളയിലാണു ചോരവാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്.

ആറ് മണിക്കൂറിനിടയിലാണ് അഞ്ച് കൊലപാതകങ്ങളും അരങ്ങേറിയത്. രാവിലെ പത്തിനും വൈകിട്ട് നാലരയ്ക്കും ഇടയില്‍ അഫാന്‍ അഞ്ച് ജീവനെടുത്തെങ്കിലും പുറംലോകം അറിയുന്നതു വൈകിട്ട് ആറുമണിക്കു ശേഷമായിരുന്നു അതും അഫാന്‍ വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തി വിവരം പറയുമ്പോള്‍ മാത്രം.

രാവിലെ പത്തോടെ പണം ആവശ്യപ്പെട്ടു വീട്ടില്‍ അമ്മ ഷെമിയുമായി അഫാന്‍ തര്‍ക്കിച്ചു. പണം നല്‍കാന്‍ തയാറാകാതിരുന്ന അമ്മയെ ആക്രമിച്ചു. ഇവിടെനിന്നു പോയ അഫാന്‍ ഉച്ചയ്ക്ക് 1.15നാണ് കല്ലറ പാങ്ങോടുള്ള വീട്ടിലെത്തി ഒറ്റയ്ക്കു താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നാണു കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത്. തുടര്‍ന്നു സല്‍മാബീവിയുടെ മാലയും എടുത്ത് അഫാന്‍ മടങ്ങി.

മുന്‍പും പലവട്ടം സ്വര്‍ണം പണയം വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സല്‍മാബീവി നല്‍കിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതാവിന്റെ സഹോദരനും റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ അബ്ദുല്‍ ലത്തീഫ്, അഫാനെ ഫോണില്‍ വിളിച്ചു. മുത്തശിയെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്ന വിവരം ലത്തീഫ് അറിഞ്ഞുവെന്ന ധാരണയിലാണ് അദ്ദേഹത്തെയും കൊല്ലാന്‍ തീരുമാനിച്ചത്.

ഉച്ചയ്ക്കു മൂന്നു മണിക്കു ശേഷം പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തി. ലത്തീഫിന്റെ മൃതദേഹം സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. സജിതാബീവിയുടെ മൃതദേഹം ഇതേ മുറിയില്‍ നിലത്തു കിടക്കുന്ന നിലയിലും. ഇവിടെനിന്നു തിരിച്ചെത്തിയ ശേഷം പെണ്‍സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. നാല് മണിക്കു ശേഷമാണു ഫര്‍സാനയെ കൊന്നത്. അവസാനമായി കൊന്നതു പ്രിയപ്പെട്ട അനുജന്‍ അഫ്സാനെയാണ്.

ഫര്‍സാനയുടെ മൃതദേഹം ഒന്നാം നിലയിലെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. അഫ്സാന്റെ മൃതദേഹം താഴത്തെ നിലയില്‍ തറയിലും. മാരകമായി ആക്രമിക്കപ്പെട്ട മാതാവ് ഷമി മുറിക്കുള്ളിലായിരുന്നു കിടന്നിരുന്നത്. വൈകിട്ട് ആറു മണിയോടെ അഫാന്‍ കുളിച്ച് വസ്ത്രം മാറി. പരിചയക്കാരന്റെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി അതില്‍ കയറി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി. കൂട്ടക്കൊലയെപ്പറ്റി പൊലീസിനോടു പറയുകയും കീഴടങ്ങുകയും ചെയ്തു. കുറ്റസമ്മതവും നടത്തി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കേരളം ഞെട്ടിയ കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ആ ഫോണ്‍വിളി ലത്തീഫിന് വിനയായി

മുത്തശിയെ കൊന്നശേഷം ബൈക്കില്‍ വെഞ്ഞാറമ്മൂട്ടിലേക്കു തിരിച്ചു പോന്ന അഫാനെ ഫോണില്‍ വിളിച്ചതാണ് ലത്തീഫിനു വിനയായത്. വീട്ടിലേക്കു ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാതെ വന്നതോടെയാണ് അഫാനെ വിളിച്ചത്. അഫാന്‍ എവിടെയാണെന്നും വീട്ടിലേക്കു വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ എന്നും ലത്തീഫ് ചോദിച്ചു. അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞിട്ടാണു ലത്തീഫ് വിളിക്കുന്നതെന്നു തെറ്റിദ്ധരിച്ച അഫാന്‍ ഉടന്‍ തന്നെ പുല്ലമ്പാറ എസ്എന്‍ പുരത്തേക്കു വച്ചുപിടിച്ചു. അവിടെ എത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊന്നു.

അഫ്സാനെയും കരുതിക്കൂട്ടി വകവരുത്തി

ഇതിനിടെ, സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അനുജന്‍ അഫ്സാന്‍ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് അമ്മയുടെ ഫോണിലേക്കു വിളിച്ചു. ഫോണെടുത്ത അഫാന്‍ താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് അനുജനോടു പറഞ്ഞു. സ്ഥലത്തെത്തിയ അഫാന്‍ അനുജനെ ഓട്ടോയില്‍ കുഴിമന്തിക്കടയിലേക്കു വിട്ടു. അതിനുശേഷം പുതൂരില്‍ എത്തി ഫര്‍സാനയെ വിളിച്ച് വെഞ്ഞാറമ്മൂട്ടില്‍ എത്തി. അനുജനും ഒപ്പമുണ്ടായിരുന്നു.

വീട് തുറന്ന് ഫര്‍സാനയോടു മുകളിലത്തെ മുറിയില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. അഫ്സാന്‍ സോഫയില്‍ കിടക്കുമ്പോഴാണ് അഫാന്‍ അടിച്ചുകൊന്നത്. പിന്നീട് മുകളിലത്തെ മുറിയില്‍ എത്തി ഫര്‍സാനയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുളിച്ചു വസ്ത്രം മാറി ഓട്ടോ വിളിച്ചുവരുത്തി വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു.

അഫാന്‍ പണം ചോദിച്ചിരുന്നു

കൊല്ലപ്പട്ടെ സഹോദരന്‍ ലത്തീഫിനോട് അഫാന്‍ പണം ചോദിച്ചിരുന്നുവെന്ന് ബദറൂദ്ദീന്‍ പറയുന്നു. ഒന്നര ലക്ഷം രൂപ അഫാന്റെ മാതാവിനെ ലത്തീഫ് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലത്തീഫിനെ കൊലപ്പെടുത്താന്‍ മാത്രം എന്തു പ്രശ്‌നമാണ് ഉണ്ടായതെന്ന് അറിയില്ലെന്ന് ബദറുദ്ദീന്‍ പറഞ്ഞു.

അതേസമയം, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പറയാന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്ന് ഡി.വൈ.എസ്.പി അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രതി നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Tags:    

Similar News