നന്ദിയുണ്ടേ! മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനോട് ബി ആര്‍ ഷെട്ടി താങ്ക്‌സ് പറയുന്ന ചിത്രങ്ങള്‍ പാരയായി; ബാങ്കിന്റെ സി.ഇ.ഒയെ കണ്ടിട്ടില്ലെന്നും രേഖകളില്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമാണെന്നും ഉള്ള വാദങ്ങള്‍ പൊളിഞ്ഞു; 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര' എന്ന് ദുബായ് കോടതി; എസ്ബിഐക്ക്, ഷെട്ടി 45.99 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന വിധി ഇരുട്ടടി

ബി ആര്‍ ഷെട്ടിക്ക് തിരിച്ചടി

Update: 2025-10-14 15:39 GMT

ദുബായ്: എന്‍.എം.സി. ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും, പ്രമുഖ ഇന്ത്യന്‍ സംരംഭകനുമായ ബി.ആര്‍. ഷെട്ടിക്ക് തിരിച്ചടിയായി ദുബായ് കോടതി വിധി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 45.99 ദശലക്ഷം ഡോളര്‍ (168.7 മില്യന്‍ ദിര്‍ഹം) അഥവാ ഏകദേശം 4.076 കോടി ഇന്ത്യന്‍ രൂപ തിരികെ നല്‍കാന്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളര്‍ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജ സത്യവാങ്മൂലം നല്‍കിയ കേസിലാണ് ഈ വിധി.

ഒക്ടോബര്‍ 8-ന് പുറത്തിറങ്ങിയ വിധിയില്‍, ജസ്റ്റിസ് ആന്‍ഡ്രൂ മോറാന്‍ ബി.ആര്‍. ഷെട്ടിയുടെ സാക്ഷ്യത്തെ 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര' എന്നാണ് വിശേഷിപ്പിച്ചത്. സെപ്റ്റംബര്‍ 29-ന് നടന്ന വാദം കേള്‍ക്കലിനിടെ ഷെട്ടി ഹാജരാക്കിയ തെളിവുകള്‍ പരസ്പര വിരുദ്ധവും അസംബന്ധവുമായിരുന്നെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി.

2018 ഡിസംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍.എം.സി ഹെല്‍ത്ത്കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളര്‍ വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നല്‍കിയോ എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ബാങ്കിന്റെ സി.ഇ.ഒയെ കണ്ടിട്ടില്ലെന്നും രേഖകളില്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി വാദിച്ചിരുന്നു.

എന്നാല്‍, ഫോട്ടോഗ്രാഫുകള്‍, മീറ്റിംഗ് നോട്ടുകള്‍, ഷെട്ടിയുടെ സ്വന്തം ഇ-മെയിലുകള്‍ എന്നിവയടക്കം നിരവധി തെളിവുള്‍ക്കൊപ്പം ബാങ്കിന്റെ അന്നത്തെ സി.ഇ.ഒ അനന്ത ഷേണായിയുടെ സാക്ഷിമൊഴിയും കോടതി പരിഗണിച്ചു. 2018 ഡിസംബര്‍ 25-ന് അബുദബിയിലെ എന്‍.എം.സി ഓഫീസുകളില്‍ വെച്ച് ഷെട്ടി തന്റെ സാന്നിധ്യത്തില്‍ ഗ്യാരണ്ടിയില്‍ ഒപ്പിട്ടതായി അനന്ത ഷേണായി മൊഴി നല്‍കി. കൂടാതെ, സംഭവത്തിന് ആഴ്ചകള്‍ക്കു ശേഷം പകര്‍ത്തിയ എന്‍.എം.സി ഓഫീസുകളിലെ ഫോട്ടോകളും അദ്ദേഹം ഹാജരാക്കി.

എന്‍.എം.സി. ഓഫീസുകളില്‍ നിന്നെടുത്തതും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനോട് ഷെട്ടി നന്ദി പ്രകടിപ്പിക്കുന്നതുമായ ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു ഷെട്ടിയുടെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ കോടതി, അദ്ദേഹത്തിന്റെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള സൂത്രങ്ങളായി വിലയിരുത്തി.


Tags:    

Similar News