മൂന്ന് മാസത്തിനുള്ളിൽ യുകെയിൽ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ നല്‍കിയത് നിരവധിപേർ; ഒടുവില്‍ പണവുമില്ല ജോലിയുമില്ല; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ രേഖകൾ പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വിവിധ സ്റ്റേഷനുകളിൽ പരാതി; പ്രതി ഒളിവിൽ; കേസെടുത്തിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്

കേസെടുത്തിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്

Update: 2025-03-24 11:17 GMT

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്‌ദാനം നൽകിയ പണം തട്ടിയ പ്രതിക്കെതിരെ പോലീസ് നടപടി വൈകുന്നത് ഉന്നത ഇടപെടലുകൾ കാരണമെന്ന് സൂചന. കേസിലെ പ്രതിയായ അടൂർ കമ്മംകോട് ലക്ഷ്മി നിലയത്തിൽ കാർത്തിക പ്രദീപ് ( 24 ) ഒളിവിലാണ്. ഉന്നത ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. യു കെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന പേരിൽ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയത്. പല സ്റ്റേഷനുകളിൽ കാർത്തികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തങ്ങളെ പ്രതി ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവർ പറയുന്നു.

സംസ്ഥാനത്തെ 10 ജില്ലകളിൽ ടേക്ക്‌ ഓഫിനെതിരെ പരാതിയുണ്ട്‌. 12 പരാതികളിൽ കേസെടുത്തിട്ടുണ്ട്‌. മുഖ്യപ്രതിയായ കാർത്തിക പ്രദീപിന്റെ പാസ്‌പോർട്ട്‌ പിടിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാൻ നോർക്ക നിർദേശം നൽകി. വടകര പൊലീസിനോടാണ്‌ നോർക്ക എൻആർഐ സെൽ എസ്‌പി നിർദേശം നൽകിയത്‌. വിദേശത്തേക്ക്‌ കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്‌ നടപടി. കേസിൽ നോർക്കയും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. വിദേശ രാജ്യങ്ങളിലേക്കുള്ള വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാനായി കേരളം ആരംഭിച്ച ഓപ്പറേഷൻ ശുഭയാത്രയിൽ ഉൾപെടുത്തിയാണ്‌ അന്വേഷണം. എസ്‌പി എൻആർഐ സെല്ലാണ്‌ അന്വേഷണ ചുമതല.

ലക്ഷങ്ങളാണ് ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കിയത്. എന്നാൽ പറഞ്ഞ സമയത്ത് വിസയോ, ജോലിയോ തരപ്പെടുത്തി നൽകാതെയാണ് ഇവർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. തിരുവനന്തപുരം കാര്യവട്ടം സീതാ നിലയത്തിൽ പ്രവീണിന്റെ പരാതിയിൽ 3 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാർത്തികയാണ് കേസിലെ ഒന്നാം പ്രതി. ഗായത്രി സജീവ്, കെസിയ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. 325000 ലക്ഷം രൂപയാണ് ജോലി വിദേശത്ത് ജോലി വാഗ്‌ദാനം കാർത്തിക പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. 2024 ഏപ്രിലിലാണ് വിദേശത്ത് ജോലിക്കായി വിസ തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്‌ദാനം നൽകി പണം കൈപ്പറ്റുന്നത്. എന്നാൽ 6 മാസം കഴിഞ്ഞിട്ടും പരാതിക്കാരന് വിസ നൽകാൻ കഴിഞ്ഞില്ല.

ജോലി തരപ്പെടുത്തി നൽകാൻ കഴിഞ്ഞില്ലെങ്കിൽ 100 ദിവസത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന കരാറുമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് പ്രവീൺ പോലീസിൽ പരാതി നൽകുന്നത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. 2021 മുതൽ പ്രതി കൺസൾട്ടൻസിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്‌ദാനം നൽകി പണം തട്ടുന്നതായാണ് സൂചന. യു കെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികൾ നിന്നും പണം കൈപ്പറ്റിയിരുന്നത്. എറണാകുളം സെൻട്രൽ പോലീസും കാർത്തിക പ്രദീപിനെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശൂർ കരളം പുത്തൻ വീട്ടിൽ അപർണ രഘു നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4) എന്നീ വകുപ്പുകൾ പ്രകാരമാണ് അപർണയുടെ പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പല തവണകളായാണ് പ്രതി അപർണയുടെ കയ്യിൽ നിന്നും പണം കൈപ്പറ്റുന്നത്. യു കെയിൽ സോഷ്യൽ വർക്കറായി ജോലി തരപ്പെടുത്തിയ നൽകാമെന്ന് പറഞ്ഞ് 5,23,000 രൂപയാണ് തട്ടിയത്. ഇവരുടെ തട്ടിപ്പിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതായാണ് സൂചന.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയതായും ഉദ്യോഗാർത്ഥികൾ പറയുന്നു. സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ തന്റെ കയ്യിലാണെന്നും, ഈ രേഖകൾ പാസ്പോർട്ട് ഓഫീസിൽ കൊണ്ട് പോയി ഹാജരാക്കി ഉദ്യോഗാർഥികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും കാർത്തിക ഭീഷണിപ്പെടുത്തി. അങ്ങനെ വന്നാൽ ഇനി ഒരിക്കലും വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും പ്രതി പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായവർ പറയുന്നു. കേസ് രജിസ്റ്റർ ആയ സമ്മർദ്ദത്തിൽ പലരുടെയും രേഖകൾ കാർത്തിക തിരികെ നൽകി. എന്നാൽ വിദേശത്ത് ജോലിയെന്ന സ്വപ്നവുമായി പണം നൽകിയവർ വലിയ തട്ടിപ്പിലാണ് ചെന്ന് പെട്ടത്. ലക്ഷങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായത്. വിവിധ ജില്ലകളിൽ നിന്നും പ്രതിക്കെതിരെ പരാതികൾ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കാർത്തികക്കെതിരെ കൂടുതൽ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. 

Tags:    

Similar News