പലിശ നിരക്ക് കുറച്ച് യു.എസ് ഫെഡറല്‍ റിസര്‍വ്; നാല് വര്‍ഷത്തിന് ശേഷം ആദ്യം; കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാന്‍ അവസരം ഒരുങ്ങി; തീരുമാനം സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍

പലിശ നിരക്ക് കുറച്ച് യു.എസ് ഫെഡറല്‍ റിസര്‍വ്; നാല് വര്‍ഷത്തിന് ശേഷം ആദ്യം

Update: 2024-09-19 04:16 GMT

വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചു. നിലവില്‍ 5.35 ആയ പലിശനിരക്ക് ഇനി 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരിക്കും. നാല് വര്‍ഷത്തിനു ശേഷമാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുന്നത്. ജോ ബൈഡന്‍ അധികാരമേറ്റ ശേഷം പലിശനിരക്ക് കുറക്കുന്നത് ആദ്യമാണ്. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കും. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി.

പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണു തീരുമാനമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചു. എന്നാല്‍ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.

എന്നാല്‍ അമേരിക്കയിലെ പ്രധാന ഓഹരി വിപണിയായ ഡൗജോണ്‍സ് കഴിഞ്ഞ ദിവസം 103 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പലിശനിരക്ക് വെട്ടിക്കുറച്ചതിനെ അമേരിക്കയിലെ പ്രധാന ഓഹരി വിപണി വലിയ പിന്തുണ അറിയിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിന് മാറ്റം വന്നേക്കാം.

വര്‍ഷാവസാനത്തോടെ ഫെഡ് പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കും. 2026ല്‍ അര ശതമാനത്തിന്റെ കുറവ് കൂടി വരുത്തുന്നതോടെ പലിശ നിരക്കുകള്‍ 2.75-3 ശതമാനത്തില്‍ തിരികെ എത്തുമെന്നാണു വിലയിരുത്തല്‍.

'സമീപകാല സൂചനകള്‍ നല്‍കുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായ വേഗതയില്‍ വികസിക്കുന്നത് തുടരുന്നതായാണ്' ഫെഡ് പ്രസ്താവനയില്‍ പറഞ്ഞു. തൊഴില്‍ നേട്ടങ്ങള്‍ മന്ദഗതിയിലായി, തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുവെങ്കിലും താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പം കൂടുതല്‍ പുരോഗതി കൈവരിച്ചു- ഫെഡ് ചെയര്‍മാന്‍ ജെറോം പോവെല്‍ പറഞ്ഞു.

'പണപ്പെരുപ്പത്തിനറെ പുരോഗതി കണക്കിലെടുത്ത് ഞങ്ങളുടെ (പലിശനിരക്ക്) നയം കൂടുതല്‍ ുചിതമായ ഒന്നിലേക്ക് പുനഃക്രമീകരിക്കേണ്ട സമയമാണിതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണി മികച്ച നിലയിലാണ്. ഞങ്ങളുടെ നയപരമായ നീക്കത്തിലൂടെ അതങ്ങനെ നിലനിര്‍ത്തുകയാണ് ഉദ്ദേശ്യം-ജെറോം പോവെല്‍ വ്യക്തമാക്കി.

Tags:    

Similar News