പുതിയ അപ്ഡേറ്റുമായി യോനോ എസ്ബിഐ; ഇനി ആപ്പിന്റെ സേവനം ലഭ്യമാകണമെങ്കിൽ ആൻഡ്രോയിഡ് 11ന് മുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ വേണം; ചുവടുമാറ്റം മെച്ചപ്പെട്ട സുരക്ഷയും, പ്രകടനവും മുന്നിൽക്കണ്ട്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനോയ്ക്ക് പുതിയ അപ്ഡേറ്റ് വന്നതോടെ പ്രതിസന്ധിയിലായി ഉപഭോക്താക്കൾ. ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾക്കായി എസ്ബിഐ ഉപഭോക്താക്കൾ കൂടുതലായും ആശ്രയിക്കുന്നത് ഈ ഓൺലൈൻ ആപ്ലിക്കേഷനാണ്. എന്നാൽ പുതിയ അപ്ഡേറ്റ് എത്തിയതോടെ ആപ്പിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 11-ലും അതിനു തായെയുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ ഇപ്പോൾ ആപ്പ് പ്രവർത്തിക്കുന്നില്ല. ബാങ്കിംഗ് ആവശ്യങ്ങൾക്കായി ആപ്പിനെ ആശ്രയിക്കുന്ന ഉപയോക്താക്കളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എസ്ബിഐ കഴിഞ്ഞ മാസം പുറപ്പെടുവിപ്പിച്ചിരുന്നു.
ആൻഡ്രോയിഡ് 11ൽ താഴെയുള്ള പതിപ്പുകൾക്ക് പുതിയ ആൻഡ്രോയിഡ് സിസ്റ്റം നൽകുന്ന സുരക്ഷ നൽകാൻ കഴിയില്ലെന്ന ആശങ്കയുള്ളതിനാലാണ് നിർണായകമായ തീരുമാനം. കൂടാതെ മെച്ചപ്പെട്ട സുരക്ഷയും, സുതാര്യമായ പ്രവർത്തനവും, ആപ്പിന്റെ പ്രകടനവും മെച്ചപ്പെടുത്തുന്നത് കൂടി ലക്‌ഷ്യം വെച്ചാണ് യോനോ ആപ്പിന് പുതിയ അപ്ഡേറ്റ് കൊണ്ട് വരുന്നത്. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനാൽ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ഉപയോക്താക്കളുടെ സാമ്പത്തിക ഡാറ്റ സംരക്ഷിക്കുന്നത് അടക്കമുള്ള പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും സവിശേഷതകളും നൽകാൻ കഴിയില്ല. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്. പഴയ ആൻഡ്രോയിഡ് പതിപ്പുകളിൽ ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുന്നതിലൂടെ, ഇന്നത്തെ സുരക്ഷാ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് യോനോ ഉദ്ദേശിക്കുന്നത്.
ആപ്പിന്റെ സേവനം തടസ്സമില്ലാതെ ലഭിക്കുന്നതിനായി പുതിയ ആൻഡ്രോയിഡ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഉപകരണങ്ങളിലേക്ക് മാറണമെന്ന് ഉപഭോക്താക്കളോട് എസ്ബിഐ ആവശ്യപ്പെട്ടിരുന്നു. ആൻഡ്രോയിഡ് 12 അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്ക് ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ സമയപരിധി നൽകിക്കൊണ്ട് എസ്‌ബിഐ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ മാറ്റത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. യാനോ ഉപഭോക്താവായ ഒരാൾ എഴുതിയത്, 'ഞാൻ വർഷങ്ങളായി യോനോ ആപ്പ് ഉപയോഗിക്കുന്നു, എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇപ്പോൾ ആൻഡ്രോയിഡ് 12 അല്ലെങ്കിൽ അതിന് മുകളിലുള്ളവ മാത്രമേ പിന്തുണയ്ക്കൂ.
എന്റെ ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്, അപ്‌ഗ്രേഡ് ചെയ്യുന്നത് ഒരു ഓപ്ഷനല്ല. പുതിയ മാറ്റം ആപ്പിനെ എനിക്ക് ഉപയോഗിക്കാൻ കഴിയാത്തതാക്കുന്നു. പഴയ ഉപകരണങ്ങളുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ബദലുകളില്ലാതെ ഒഴിവാക്കുന്നത് നിരാശാജനകമാണ്. എന്റെ ആവശ്യങ്ങൾ നിറവേറ്റാത്തതിനാൽ ഞാൻ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയാണ്. എല്ലാ ഉപഭോക്താക്കൾക്കും പ്രവേശനക്ഷമത ഉറപ്പാക്കാൻ പഴയ ഫോണുകളെ പിന്തുണയ്ക്കുന്നതോ ആപ്പിന്റെ ലൈറ്റ് പതിപ്പ് പുറത്തിറക്കുന്നതോ എസ്‌ബിഐ പരിഗണിക്കണം'. പുതിയ മാറ്റം നിരവധി ഉപഭോക്താക്കളിൽ ആശങ്ക ഉയർത്തിയെങ്കിലും, സുരക്ഷാ കാര്യങ്ങളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവെക്കാൻ കഴിയുന്നതിനാൽ പുതിയ അപ്‌ഗ്രേഡ് അനിവാര്യമാണെന്നാണ് ചില ഉപഭോക്താക്കളുടെ അഭിപ്രായം.