റീപ്പോനിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരും; എംപിസിയുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലപാടില്‍ മാറ്റം വരുത്താനും തീരുമാനം
വ്യക്തിഗത, വാഹന, ഭവന, കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം ഇഎംഐ ഭാരം ഉടന്‍ കുറയില്ല.
മുംബൈ: അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം ഇഎംഐ ഭാരം ഉടന്‍ കുറയില്ല.
പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതി (എംപിസി) തീരുമാനിച്ചത്. 2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍ എംപിസി തൊട്ടിട്ടില്ല. എംപിസിയില്‍ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങള്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്. എംപിസിയില്‍ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ആഷിമ ഗോയല്‍, മലയാളിയായ പ്രഫ. ജയന്ത് വര്‍മ, ശശാങ്ക ഭീഡെ എന്നിവരുടെ പ്രവര്‍ത്തന കാലാവധി ഈ മാസം 4ന് അവസാനിച്ചിരുന്നു. പ്രഫ. രാം സിങ്, ഡോ. നാഗേഷ് കുമാര്‍, സൗഗത ഭട്ടാചാര്യ എന്നിവരാണു പുതിയ അംഗങ്ങള്‍.
എംപിസിയുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലപാടില്‍ മാറ്റംവരുത്താനും തീരുമാനിച്ചു. 'വിത്‌ഡ്രോവല്‍ ഓഫ് അക്കോമഡേഷന്‍' എന്നതില്‍നിന്ന് 'ന്യൂട്രല്‍' എന്നതിലേക്കാണു നിലപാടു മാറ്റിയത്. സാഹചര്യത്തിന് അനുസരിച്ചു പലിശനിരക്ക് കൂട്ടാനോ കുറയ്ക്കാനോ തീരുമാനിക്കാവുന്ന നിലപാടാണിത്.
പലിശനിരക്ക് കുറച്ചു പണലഭ്യത വര്‍ധിപ്പിക്കാന്‍ അനുകൂലമായ നിലപാടായിരുന്നു 'അക്കോമഡേറ്റീവ്'. ഇതില്‍നിന്ന് ന്യൂട്രലിലേക്ക് മാറിയതോടെ, ഇനി സാഹചര്യം പ്രതികൂലമായാല്‍ പലിശനിരക്ക് കൂട്ടാനും കഴിയും.പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യങ്ങളില്‍ പലിശനിരക്ക് കുത്തനെ കൂട്ടി പണലഭ്യതയ്ക്കു കുറയ്ക്കാനും കഴിയുമെന്ന് സാരം.