വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരന്‍; നിയമസഭയില്‍ കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള അന്തര്‍ധാര; വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വി മുരളീധരന്‍

വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരന്‍

Update: 2024-10-04 13:20 GMT

തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വയനാട്ടിലെ യഥാര്‍ത്ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം ഭരണപക്ഷത്തിനു വിധേയപ്പെട്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകള്‍ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറി. വയനാട്ടില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ അദ്ദേഹം ആശ്വസിപ്പിച്ചു. കണക്കുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി.

ഒരു ശവ സംസ്‌കാരത്തിന് 75,000 എന്നതുപോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിലെ യാഥാര്‍ത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ല. ദേശീയദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 1471 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഈ വര്‍ഷത്തെ ആദ്യ ഗഡുവായ 146 കോടി രൂപ കഴിഞ്ഞ ദിവസം നല്‍കി.

ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സര്‍ക്കാരാണെന്നത് സതീശന്‍ മറക്കരുത്'-മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News