കണ്ണെരിയും..; ദീപാവലിയും മഴയും തിരിച്ചടിയായി; സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാള വില; കിലോയ്ക്ക് 75 രൂപ വരെ; വ്യാപാരികൾ പ്രതിസന്ധിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സവാള വില കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സവാള വിലയിൽ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇതോടെ അടുക്കളയിലെ സവാളയുടെ കാര്യത്തിൽ തീരുമാനമായി. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 75 രൂപ വരെയാണ് സവാളയുടെ വില.
ചില്ലറ വിപണിയില്‍ വില 85 രൂപവരെ വരും. കൊച്ചിയില്‍ മൊത്തവിപണയില്‍ 60 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപവരെയുമാണ് വില. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ 65 രൂപവരെയും ചില്ലറ വിപണയില്‍ 75 രൂപ വരെയും വിലയിലാണ് സവാള വില്‍പ്പന നടക്കുന്നത്.
സവാളയുടെ മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വന്‍ വിലക്കയറ്റം ഇതിനോടകം രേഖപ്പെടുത്തി. ദീപാവലി അവധിയും ശക്തമായ മഴയെയും തുടര്‍ന്ന് പാടങ്ങളിൽ വെള്ളംകയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വര്‍ധനവിന് ഇപ്പോൾ കാരണമായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25% വരെ മാത്രമാണ് ഈ സീസണില്‍ മാഹാരാഷ്ട്രയില്‍ ഉത്പാദനമെന്നാണ് കച്ചവടക്കാര്‍ പറയുന്നു. ഈ സീസണില്‍ എല്ലാ വര്‍ഷവും ഉള്ളി വില കൂടാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.