ഹരിദാസന്‍ പി ബി

UPI യും ULI യും ഇന്ത്യയും. ഇന്നലെ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണ്ണര്‍ ശ്രീ ശക്തികാന്ത ദാസ്, ULI, യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫേസ് എന്നൊരു പ്രോഡക്ട്, വായ്പ മേഖലയെ അടിമുടി മാറ്റി മറിക്കാന്‍ കഴിവുള്ള, പാരഡൈം മാറ്റമുണ്ടാക്കാന്‍ പോകുന്ന, ഒരു പുതിയ ലെന്‍ഡിങ് പ്ലാറ്റഫോം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്ലാറ്റഫോം എന്താണെന്നും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ അത് ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പൊട്ടന്‍ഷ്യല്‍ എന്തൊക്കെ എന്നും വിലയിരുത്തുന്ന ഒരു ഓട്ട പ്രദക്ഷിണ അവലോകനമാണ് ഈ ലേഖനം. National Payments Corporation of India (NPCI) വികസിപ്പിച്ച, 2016 ല്‍ തുടങ്ങിയ UPI ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ നമ്മളെല്ലാവരും ജീവിച്ചു് അനുഭവിക്കുന്നു. ലോക രാഷ്ട്രനേതാക്കള്‍ എല്ലാവരും, എല്ലാ സാമ്പത്തിക വിദഗ്ദ്ധരും യുപിഐ എന്ന പേയ്‌മെന്റ് സിസ്റ്റത്തെ അസൂയയോടെ കാണുന്നു, ഇന്ത്യയെ അനുമോദിക്കുന്നു. അത്തരം ഒരു ട്രാന്‍സ്‌ഫോര്‍മേഷണല്‍ പൊട്ടന്‍ഷ്യല്‍ ആണ് ULI, Unified Lending Interface ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുന്നത്.

യുപിഐ ഒരു പേയ്മെന്റ് സിസ്റ്റം ആണ്. ചെക്ക് കളെയും ഒരു പരിധി വരെ ക്യാഷ്, കറന്‍സിയെയും, അപ്രസക്തമാക്കിയ ടെക്നോളജി. ഇതുപോലെ വായ്പ വ്യവസ്ഥയില്‍ ഒരു അടിമുടി മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിച്ചു് കൊണ്ടുവന്നിരിക്കുന്നതാണ് ULI. ശ്രീ ശക്തികാന്ത ദാസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'Technology platform for enabling friction less lending'. പ്രായോഗികമായി പറഞ്ഞാല്‍ എന്താണത്?

ഒരു മൊബൈല്‍ ആപ്പ് വഴി നമുക്ക് പേര്‍സണല്‍ ലോണുകള്‍, പിന്നീട് MSME, അഗ്രി എന്നീ ലോണുകളടക്കമുള്ള കടം, ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം. അതാണ് ULI വിഭാവനം ചെയ്യുന്നത്. ഡോകുമെന്റുകളുമായി ബാങ്കുകളില്‍ ചെന്ന് ലോണ്‍ അപേക്ഷ കൊടുത്ത് കാത്തിരുന്ന് വായ്പ എടുത്തുകൊണ്ടിരുന്നതിനു പകരമായി ഡിജിറ്റലായി, ആവശ്യമായ വെരിഫിക്കേഷനുകള്‍ ഡിജിറ്റലായി തന്നെ നടത്തി, നമ്മുടെ അക്കൗണ്ടുകളിലേക്ക് 'സീംലെസ്സ്' ആയി മണി എത്തുന്ന ഒരു സിസ്റ്റം. പാരഡൈം മാറ്റങ്ങളാണ് സാമ്പത്തിക വ്യവസ്ഥയില്‍ ഇതുണ്ടാക്കാന്‍ പോകുന്നത്. ഇപ്പോള്‍ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ ചെന്ന് ഒരു വായ്പ, പേഴ്‌സണല്‍, അഗ്രി, മോര്‍ട്ഗേജ് എന്നിങ്ങനെയുള്ള വായ്പകള്‍, സംഘടിപ്പിക്കുന്ന രീതികള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. എത്ര രേഖകള്‍ സമര്‍പ്പിക്കണം, എത്ര രേഖകളില്‍ ഒപ്പിടണം, എത്ര ദിവസം കാത്തിരിക്കണം. അതെല്ലാം ഒരു മൊബൈല്‍ ആപ്പിള്‍ കൂടി, കുറെ OTP കള്‍ നല്‍കി വ്യവസ്ഥാപിത ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വഴി ഇനി ഇത്തരം ലോണുകള്‍ ലഭ്യമാകാന്‍ പോകുന്നു. അതാണ് ULI.

ഓണ്‍ ലൈന്‍ മൊബൈല്‍ ആപ്പ് ലോണുകളിലൂടെ കേരളത്തില്‍ പല തട്ടിപ്പു വാര്‍ത്തകള്‍ വരികയും ഇത്തരം ലോണുകളെ പലരും സംശയത്തോടെ കാണുകയും ചെയ്യുന്നുണ്ടെങ്കിലും മൊബൈല്‍ ആപ്പ് ലോണുകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. Navi, Bajaj Finserv, KreditBee, Money View, എന്നിവ മൊബൈല്‍ ആപ്പുകള്‍ വഴി വായ്പ്പകള്‍ നല്‍കുന്ന ചില പ്രമുഖ വ്യവസ്ഥാപിത കമ്പനികളാണ്. നിങ്ങള്‍ക്ക് അത്യാവശ്യമായി ഒരു പതിനായിരം രൂപ അല്ലെങ്കില്‍ ഒരു അന്‍പതിനായിരം രൂപ വേണമെങ്കില്‍, ഈ കമ്പനികളുടെ ആപ്പുകള്‍ ഓണ്‍ലൈന്‍ ആയി നിങ്ങള്ക്ക് കടം ലഭ്യമാക്കുന്നുണ്ട്. എങ്ങനെയാണ് എന്തുവിശ്വസിച്ചാണ് ഈ കമ്പനികള്‍ നിങ്ങള്‍ക്ക് കടം ലഭ്യമാക്കുന്നത്. ഇപ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് നെ ആശ്രയിച്ചാണ് നല്‍കുന്നത്. ഈ മേഖലയിലേക്ക് ആര്‍ബിഐ ഒരു ആധികാരികതയും സിസ്റ്റങ്ങളും കൊണ്ടുവരികയാണ്. അതാണ് ULI.

ഇത്തരം ലോണുകള്‍ക്ക് ഒരു ആധികാരികത വരുന്നതോടുകൂടി. അതിന്റെ സിസ്റ്റങ്ങളും രീതികളും നിയമവല്‍ക്കരിക്കപ്പെടുന്നതോടുകൂടി ഈ മേഖലയിലേക്ക് പല പുതിയ കമ്പനികളും, ഷെഡ്യൂള്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്കുകളും അവരവരുടേതായ ആപ്പുകളുമായി കടന്നു വരും. യുപിഐ എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് ഇന്ത്യന്‍ ഇക്കണോമിയെ എത്രമാത്രം വിപ്ലവകരമാക്കിയോ അതുപോലുരു പാരഡൈം മാറ്റം ഇന്ത്യയിലെ ക്രെഡിറ്റ്, വായ്പാ, മേഖലയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പ്രൊഡക്ട്, ULI (Unified Lending Interface) , ആര്‍ബിഐ വിഭാവനം ചെയ്തിരിക്കുന്നത്.

ഇവിടെ ഇന്നലെ ശ്രീ ശക്തികാന്ത ദാസ് അദ്ദേഹത്തിന്റെ അവതരണത്തില്‍ പറഞ്ഞ ചില വാചകങ്ങള്‍ വിശദീകരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. '….digitising access to customers financial and non financial data in other wise resided in disparate silos.' എന്നുവെച്ചാല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ ക്രെഡിറ്റ് റേറ്റിംഗ് ഡാറ്റ കള്‍ക്ക് പുറമെ കസ്റ്റമേഴ്സ്ന്റെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഡാറ്റ കൂടി ഡിജിറ്റലായി കസ്റ്റമേഴ്സ്ന്റെ സമ്മതത്തോടെ ക്രോസ് വെരിഫിക്കേഷന് ലഭ്യമാക്കുക. അതോടുകൂടി കടം കൊടുക്കാനുദ്ദേശിക്കുന്ന കസ്റ്റമേഴ്സ്ന്റെ കുറച്ചുകൂടി വിശദമായ വിലയിരുത്തല്‍ സാധ്യമാകും. മാത്രമല്ല ഇപ്പോള്‍ 'disparate silos' ല്‍ നിലനിക്കുന്ന കസ്റ്റമേഴ്സ് ഡാറ്റക്ക് ഡിജിറ്റല്‍ ആക്സസ് കൊടുക്കും. എന്നുവെച്ചാല്‍ എന്റെ ക്രെഡിറ്റ് റേറ്റിംഗ് ഒരിടത്തിരിക്കുന്നു, എന്റെ വരുമാനത്തിന്റെ മാര്‍ഗ്ഗങ്ങള്‍, ആകെ വരുമാനം പലതരം റിട്ടേര്‍ണുകളിലായി വേറൊരിടത്തിരിക്കുന്നു, verifiable digital identity systems (AADHAR) വേറൊരിടത്ത്, Bank Verification Numbers വേറൊരിടത്ത്, ഇങ്ങനെയുള്ള വ്യത്യസ്ത silos കളിലാണ് ഇപ്പോള്‍ എന്റെ ഡാറ്റകള്‍ കിടക്കുന്നത്. ഞാന്‍ അപേക്ഷയില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങളുടെ വെറാസിറ്റി നിമിഷനേരങ്ങള്‍ കൊണ്ട് പരിശോധിക്കാന്‍, ഡിജിറ്റലായി ഇവ എന്റെ സമ്മതത്തോടുകൂടി (OTP ആയിരിക്കാം) ഇത്തരം സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിഞ്ഞാല്‍, എനിക്ക് തരാവുന്ന വായ്പ തുക അതിനനുസരിച്ചു് ഇപ്പോള്‍ അനുവദിക്കുന്നതിനേക്കാള്‍ വലിയ തുകകള്‍ നിമിഷ നേരം അംഗീകരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയും. (എന്റെ അപേക്ഷ മൊബൈല്‍ ആപ്പിള്‍ കൂടിയാണെന്ന് പ്രത്യേകം ഓര്‍ക്കണം. നോ പേപ്പര്‍ വര്‍ക്ക്). ഇതിലേതൊക്കെ എങ്ങനെ എന്ന ഡീറ്റൈല്‍ ആര്‍ബിഐ വിലയിരുത്തും.

ഒരു പക്ഷെ നാളെ, ഇപ്പോള്‍ നാട്ടിലാകെ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ കൂടി, ഡിജിറ്റലായി ലഭ്യമായി തുടങ്ങിയാല്‍, നാം ഇന്ന് അനുഭവിക്കുന്ന വായ്പാ രീതികള്‍, അസ്സെറ്റ് മോണിറ്റിസേഷന്‍, പതിന്മടങ്ങു കൂടുതലും ദ്രുതഗതിയിലും നടന്നു തുടങ്ങും.

അക്കാര്യം ഇന്നലെ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞുകഴിഞ്ഞു, "ഇന്‍ക്ലൂഡിങ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഓഫ് വേരിയസ് സ്റ്റേറ്റ്‌സ്", ഡിജിറ്റലായി ബാങ്കുകള്‍ക്ക് ലഭ്യമാക്കും. വക്കീലിനടുത്തുപോയി ടൈറ്റില്‍ ക്ലിയറന്‍സ് റെക്കോര്‍ഡ് സംഘടിപ്പിച്ചു് വായ്പാ അപേക്ഷയുമായി ബാങ്കുമാനേജര്‍ മാരുടെ മുന്നില്‍ പോകുന്ന അവസ്ഥ മാറി സീംലെസ്സ് ലെന്‍ഡിങ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറാന്‍ ഉദ്ദേശിക്കുന്നു. ഇത് അഗ്രി മേഖലയിലും MSME സെക്ടറിലും ഉണ്ടാക്കാന്‍ പോകുന്ന വായ്പ ലഭ്യത ആര്‍ബിഐ ഗവര്‍ണ്ണര്‍ പറഞ്ഞ 'seamless delivery of credit', ഈ മേഖലയില്‍ അടിമുടി മാറ്റമുണ്ടാക്കും. MSME സെക്ടറിനെ ഇത് വളരെ വളരെ സഹായിക്കും. ഇപ്പോള്‍ തന്നെ, UPI യുടെ പ്രഭാവത്തോടുകൂടി. ചെറുകിട കച്ചവടക്കാര്‍ക്ക്, വീട്ടിന്റെ ആധാരം വാങ്ങിവെച്ചു് വായ്പ തരുന്നതിനുപകരം അക്കൗണ്ടില്‍ നടക്കുന്ന ടേണ്‍ ഓവര്‍ നോക്കി ക്രെഡിറ്റ് ലഭ്യമാക്കുന്ന രീതി തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത് പലമടങ്ങു് സുഗമമായി ചുവപ്പു നാടകള്‍ ഇല്ലാതെ ULI വരുന്നതോടെ നടന്നു തുടങ്ങും.

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ ഫോണ്‍ (JAM ) എന്നുവിളിക്കുന്ന ട്രിനിറ്റി ആണ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് കാരണമായതെങ്കില്‍, പുതിയ ട്രിനിറ്റി JAM, UPI, ULI എന്ന ട്രിനിറ്റി സമാനമായ, നമുക്ക് ഇപ്പോള്‍ മുന്‍കൂട്ടി പറയാന്‍ കഴിയാത്ത മാറ്റങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കും.

ഒരു മാളില്‍ സിനിമാ കാണാന്‍ ചെന്ന നിങ്ങള്‍ അവിടെ കണ്ട ഒരു റെഫ്രിജിറേറ്ററില്‍ അല്ലെങ്കില്‍ എസി യൂനിറ്റില്‍ ആകൃഷ്ടനാകുന്നു. എന്നുവെക്കുക. നിങ്ങള്‍ ഉടനെ ഏതെങ്കിലും ആപ്പ് വഴി കടമെടുക്കുന്നു, അത് UPI വഴി, QR കോഡ് വഴി പേയ്‌മെന്റ് നടത്തുന്നു. ഒരു മാളില്‍ സിനിമാ കാണാന്‍ ചെന്ന നിങ്ങള്‍ വീട്ടിലേക്ക് വരുന്നത് ഒരു പുതിയ ടിവിസെറ്റ് മായി അല്ലെങ്കില്‍ ഒരു പുതിയ evസ്‌കൂട്ടറുമായിട്ടായിരിക്കും. ഇതാണാ സീംലെസ്സ് നാളെ. ഇത് രാജ്യമാകെ നടക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തിക വൈബ്രന്‍സി, വെലോസിറ്റി ആലോചിക്കാവുന്നതേയുള്ളു.

ഇനി ഇതുണ്ടാക്കാന്‍ പോകുന്ന വേറെ ചില മാറ്റങ്ങള്‍ വെറുതെ വിഭാവനം ചെയ്തുനോക്കാം. ലോണെടുക്കാന്‍ പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ലോണ്‍, മോര്‍ട്ടഗേജ് ലോണ്‍ മുതലായ കടങ്ങള്‍ക്കായി ബാങ്കുകളുടെ പുറകെ കാത്തിരിക്കുക എന്ന അവസ്ഥ ഇല്ലാതാകാന്‍ പോകുന്നു. ബാങ്കുകള്‍ ലോണ്‍ വേണോ സാറേ എന്ന് ചോദിക്കുന്ന രീതിയിലേക്ക് അധികം വൈകാതെ എത്തിത്തുടങ്ങും. MSME സെക്ടറുകള്‍ക്ക് ഇതൊരു വന്‍ ബോണാനസാ ആണ്. അവരുടെ ഇപ്പോഴത്തെ പ്രധാന ടെന്‍ഷന്‍ ലിക്വിഡിറ്റി ഷോര്‍ട്ടെജ് ആണ്. പല B2B പ്ലാറ്റുഫോമുകളും ഇപ്പോള്‍ അവര്‍ക്ക് സമയ നഷ്ടങ്ങളില്ലാതെ അവരുടെ കടയില്‍ ചരക്ക് എത്തിച്ചു നല്‍കുന്നുണ്ട്. പഴയപോലെ അങ്ങാടിയില്‍ ചെന്ന് ചരക്കെടുത്തു വന്ന് വില്പന നടത്തുന്ന അവസ്ഥക്ക് വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ഇപ്പോള്‍ അവരുടെ ടെന്‍ഷന്‍ എത്തിയ ചരക്കിനു ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ആപ്പ് ബേസ്ഡ് ലോണ്‍ സിസ്റ്റം പോപ്പുലര്‍ ആകുന്നതോടുകൂടി, ചരക്ക് നല്‍കുന്ന IndiaMart, Ninjacart, Udaan, Amazon Wholesale മുതലായ കമ്പനികള്‍, ഇനി ആപ്പ് ബേസ്ഡ് ലോണുകള്‍ കൂടി ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി തുടങ്ങും. വലിയ മത്സരങ്ങളാണ് ഈ മേഖലയിലേക്ക് വരാന്‍ പോകുന്നത്. Transformation എന്നൊക്കെ പറയുന്നത് ഈ മേഖലയിലാണ് നടക്കുക.
വളരെയേറെ സുതാര്യവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ ഇക്കോണമി ഈ മാറ്റങ്ങള്‍ വരുമ്പോള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് ബേസ്ഡ് ആയി മാറും. കഴിഞ്ഞ കാലങ്ങളില്‍ നാം നിരന്തരം പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തയായിരുന്നു, ഇന്ത്യന്‍ ഇക്കണോമിയുടെ 200 ശതമാനം 300 ശതമാനം ബ്ലാക്ക് ഇക്കണോമി ആണെന്ന്. UPI വന്നതോടുകൂടി, ആധാര്‍ വന്നതോടുകൂടി, ഇന്ത്യന്‍ ഇക്കണോമി വളരെ ഏറെ സുതാര്യമാക്കപ്പെട്ടിരിക്കുന്നു. ബ്ലാക്ക് എക്കണോമി ഇല്ലെന്നല്ല. ജിയോളജി, മൈനിങ്, റിയല്‍ എസ്റ്റേറ്റ് എന്നീ ചില മേഖലകള്‍ വൈറ്റ് ഇക്കണോമി ആകുക എന്നത് മിക്കവാറും നടക്കാത്ത മേഖലകളാണ്. (ലോകത്തെല്ലായിടത്തും ഇതിങ്ങനൊക്കെ തന്നെ. ഒരു പക്ഷെ അവിടെയൊന്നും കാര്യങ്ങള്‍ മേശക്കടിയിലൂടെ നടക്കുന്നില്ലായിരിക്കാം. മറ്റു പല വിധ നീക്കുപോക്കുകള്‍ മിക്ക രാജ്യങ്ങളിലും ഈ മേഖലയില്‍ നടക്കുന്നത് തന്നെയാണ്). UPI യുടെ വരവോടുകൂടി, ആധാര്‍ വന്നതോടുകൂടി ഇപ്പോള്‍ ഇന്ത്യന്‍ ഇക്കണോമി വളരെ വളരെ വൈറ്റ് മണി ബേസ്ഡ് ആണെന്ന് പറയാം. ആര്‍ബിഐ ഇപ്പോള്‍ പ്രഖ്യാപിച്ച ULI വരുന്നതോടുകൂടി ഇന്ത്യന്‍ എക്കണോമിയിലെ ബ്ലാക്ക് മണിയുടെ പ്രഭാവം കുറേക്കൂടി ഇല്ലാതാവും.

ഇപ്പോള്‍ മിക്കവരും അവരുടെ വാങ്ങലുകള്‍ നടത്തുന്നത് ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ആണ്. പലിശ മിക്കപ്പോഴും 30 ശതമാനത്തിനു മുകളിലാണ്. ULI ഓണ്‍ലൈന്‍ ലോണുകള്‍ വരുന്നതോടുകൂടി, ഷെഡ്യൂള്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ ഈ മേഖലയിലേക്ക് വരുന്നതോടുകൂടി, പേര്‍സണല്‍ ലോണുകള്‍ 12 മുതല്‍ 14 ശതമാനത്തിലേക്ക് വരും. രാജ്യമാകെയുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യത താഴെക്ക് വരും. ഒരുദാഹരണം പറഞ്ഞാല്‍ അമേരിക്കക്കാരന്റെ ജീവിതം ക്രെഡിറ്റ് കാര്‍ഡ് കളിലൂടെയാണ്. 49 ശതമാനം അമേരിക്കക്കാരനും ക്രെഡിറ്റ് കാര്‍ഡ് ഡെബ്റ്റ് കൊണ്ടുനടക്കുന്നവരാണ്. മാസ ശമ്പളം വാങ്ങുക, ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ അടക്കുക, അടുത്ത മാസത്തെ ചിലവുകള്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ തുടരുക എന്നിങ്ങനെ ജീവിക്കുന്നവര്‍ ഇന്ത്യയിലും ധാരാളമുണ്ട്. ഇത് കുറെ ഇല്ലാതാകും. അവരുടെ പലിശ ഭാരം കുറയും.

ഇന്ത്യ ഈസ് ഓണ്‍ ദി റൈറ്റ് ട്രാക്ക്. നേഷന്‍ ഈസ് മൂവിങ്. രാശി ചക്രങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്. ഒരു വികസിത രാജ്യം എന്ന നില ദൂരെയല്ല. കഴിവുള്ള മനുഷ്യര്‍ ഇന്ത്യയുടെ ഭരണാധികാരത്തില്‍ പലയിടങ്ങളിലും വന്നു ചേര്‍ന്നിരിക്കുന്നു. ശ്രീ ശക്തികാന്ത ദാസ് അത്തരം ഒരു വ്യക്തിത്തമാണ്. നല്ല തീരുമാനങ്ങള്‍ യഥാവിധി യഥാസമയം അദ്ദേഹം എടുത്തുകൊണ്ടിരിക്കുന്നു.