വ്യോമയാന പഠനത്തില്‍ ട്രിപ്പിള്‍ സര്‍ട്ടിഫിക്കേഷന്‍; ആറ് മാസ കോഴ്‌സിന് സി.ഐ.എ.എസ്.എല്‍ അക്കാദമി അപേക്ഷ ക്ഷണിച്ചു

Update: 2025-12-16 14:49 GMT

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കീഴിലുള്ള സി.ഐ.എ.എസ്.എല്‍ അക്കാദമി, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം കൊണ്ട് മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത.

ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. academy.ciasl.aero എന്ന വെബ്സൈറ്റിലൂടെ ഈ മാസം 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ബിരുദപഠനത്തിന് ശേഷം ഉപരിപഠനത്തിനോ ജോലിക്കോ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച യോഗ്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട), എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വ്യോമയാന മേഖലയില്‍ തൊഴില്‍ നേടാനും വിദേശ പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് പ്രൊഫൈല്‍ മികവുറ്റതാക്കാനും സഹായിക്കുന്ന ഒരു മൂല്യവര്‍ദ്ധിത കോഴ്‌സായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കുസാറ്റിന്റെ പാഠ്യപദ്ധതിക്കും പരീക്ഷാ നടത്തിപ്പിനുമൊപ്പം, അന്താരാഷ്ട്ര ഏജന്‍സികളായ അയാട്ട, എ.സി.ഐ എന്നിവയുടെ സര്‍ട്ടിഫിക്കേഷനും അമെഡിയസ് (Amadeus) സോഫ്റ്റ്വെയര്‍ പരിശീലനവും ഒരേസമയം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോഴ്‌സാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:8848000901

Similar News