40 ലക്ഷം രൂപ വരെ ശമ്പളം, പഠനച്ചെലവ് മുഴുവന്‍ കമ്പനി വക; ഒരു പൗണ്ടിന്റെ പോലും കടബാധ്യത ഇല്ലാതെയും ബിരുദമില്ലാതെയും കരിയര്‍ കെട്ടിപ്പടുക്കാം; ബ്രിട്ടനില്‍ തരംഗമായി മാറുന്ന മികച്ച ഡിഗ്രി അപ്രന്റീസ്ഷിപ്പ് കോഴ്സുകളെ കുറിച്ച് അറിയാം
ലണ്ടന്‍: സര്‍വകലാശാലാ ബിരുദങ്ങള്‍ക്കു പിന്നാലെ പാഞ്ഞ് ലക്ഷക്കണക്കിന് രൂപ കടബാധ്യത വരുത്തിവെക്കുന്ന കാലം കഴിയുന്നു. വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നതിനൊപ്പം സൗജന്യമായി ബിരുദം നേടാനും മികച്ച ശമ്പളം ഉറപ്പാക്കാനും കഴിയുന്ന 'ഡിഗ്രി അപ്രന്റീസ്ഷിപ്പുകള്‍' ബ്രിട്ടനില്‍ തരംഗമാകുന്നു. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ശരാശരി 37,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) വരെ ശമ്പളം നേടാന്‍ ഇത്തരം കോഴ്സുകളിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്സല്‍ ഗ്രൂപ്പ് സര്‍വകലാശാലകളിലെ പ്രവേശനത്തേക്കാള്‍ കഠിനമായ മത്സരമാണ് ഇപ്പോള്‍ മികച്ച അപ്രന്റീസ്ഷിപ്പ് സീറ്റുകള്‍ക്കായി നടക്കുന്നത്. അക്കൗണ്ടന്‍സി, ബാങ്കിംഗ്, സയന്‍സ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ മുന്‍നിര കമ്പനികള്‍ സ്‌കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. കോഴ്സുകളെ കുറിച്ച് വിശദമായി അറിയാം.
അക്കൗണ്ടന്‍സി:
ലോകപ്രശസ്തമായ 'ബിഗ് ഫോര്‍' കമ്പനികളായ പിഡബ്ല്യുസി (PwC), ഡെലോയിറ്റ്, കെപിഎംജി, ഇവൈ (EY) എന്നിവ മികച്ച അവസരങ്ങള്‍ നല്‍കുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും നാല് വര്‍ഷത്തിനുള്ളില്‍ പ്രൊഫഷണല്‍ യോഗ്യത നേടാനും സാധിക്കും. 21,000 പൗണ്ട് മുതല്‍ പ്രാരംഭ ശമ്പളം ലഭിക്കുന്ന ഇത്തരം കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് 45,000 പൗണ്ട് മുതല്‍ 80,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്ക് ഉയരാം.
ബാങ്കിംഗ്:
ജെപി മോര്‍ഗന്‍ (JP Morgan), സാന്റാന്‍ഡര്‍, യുബിഎസ് തുടങ്ങിയ ബാങ്കുകള്‍ ആകര്‍ഷകമായ അപ്രന്റീസ്ഷിപ്പുകള്‍ നല്‍കുന്നു. ജെപി മോര്‍ഗനില്‍ 21,000 പൗണ്ടില്‍ കരിയര്‍ തുടങ്ങാം. എക്സെറ്റര്‍ അല്ലെങ്കില്‍ എഡിന്‍ബറോ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഇതിനൊപ്പം സ്വന്തമാക്കാം. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയില്‍ 52,000 പൗണ്ടിന് മുകളിലാണ് തുടക്കക്കാര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം.
സയന്‍സ് & ഫാര്‍മ:
ആസ്ട്രസെനക (AstraZeneca), ഫൈസര്‍ (Pfizer) തുടങ്ങിയ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ലബോറട്ടറി സയന്റിസ്റ്റ് തസ്തികകളിലേക്ക് അപ്രന്റീസ്ഷിപ്പ് നല്‍കുന്നു. ഏകദേശം 24,000 പൗണ്ടിന് മുകളില്‍ ശമ്പളവും ബോണസും ലഭിക്കും. ബിസിസി (BCC) ഗ്രേഡുള്ള എ-ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ടെക്നോളജി & എഐ:
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി മേഖലകളില്‍ ക്യാപ്ജെമിനി (Capgemini) പോലുള്ള കമ്പനികള്‍ മികച്ച പരിശീലനം നല്‍കുന്നു. 20,000 പൗണ്ട് മുതല്‍ ശമ്പളം ലഭിക്കുന്നതോടൊപ്പം മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നേടാം. സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയസമ്പത്തുണ്ടെങ്കില്‍ ഏകദേശം 90,000 പൗണ്ട് വരെ വാര്‍ഷിക ശമ്പളം ലഭിക്കാനിടയുണ്ട്.
എഞ്ചിനീയറിംഗ്:
റോള്‍സ് റോയ്സ് (Rolls-Royce), ബിഎഇ സിസ്റ്റംസ് (BAE Systems) എന്നിവയാണ് ഈ മേഖലയിലെ പ്രമുഖര്‍. പ്രതിവര്‍ഷം 23,000 പൗണ്ടിന് മുകളില്‍ ശമ്പളത്തോടെ എഞ്ചിനീയറിംഗ് ബിരുദം നേടാന്‍ റോള്‍സ് റോയ്സ് അവസരം നല്‍കുന്നു. ബ്രിട്ടീഷ് പ്രതിരോധ മേഖലയിലെ കരുത്തരായ ബിഎഇ സിസ്റ്റംസ് 25,000 പൗണ്ടിന് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL):
ഡിഗ്രി ലെവല്‍ അല്ലാത്ത അപ്രന്റീസ്ഷിപ്പുകളിലും ഉയര്‍ന്ന ശമ്പളം നല്‍കുന്ന സ്ഥാപനമാണ് ടിഎഫ്എല്‍. പ്രതിവര്‍ഷം 27,000 പൗണ്ട് മുതല്‍ ശമ്പളം ലഭിക്കും. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ജിസിഎസ്ഇ (GCSE) യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
മിക്ക കമ്പനികളിലേക്കും അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയോ യുസിഎഎസ് (UCAS) പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. സാധാരണയായി സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. ഇന്റര്‍വ്യൂകള്‍ക്കും മറ്റ് വിലയിരുത്തലുകള്‍ക്കും ശേഷമായിരിക്കും സെലക്ഷന്‍. അപേക്ഷകര്‍ക്ക് എ-ലെവലില്‍ മികച്ച ഗ്രേഡുകള്‍ ഉണ്ടായിരിക്കുന്നത് മുന്‍ഗണന ലഭിക്കാന്‍ സഹായിക്കും.
കടബാധ്യതകളില്ലാതെ പഠിക്കാനും ഒപ്പം കൈനിറയെ ശമ്പളം വാങ്ങാനും ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
