മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു; അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്താല്‍ ബംഗളൂരിലെ വസതിയില്‍; വിടവാങ്ങിയത് സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപര്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്്. ജോര്‍ജ്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. പത്രാധിപര്‍, കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്നാണ് പൂര്‍ണനാമം. 2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്നു.
1928 മേയ് 7 ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനിച്ചത്. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി ജോലി തേടി ബോംബെയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് പത്രപ്രവര്‍ത്തകനായത്. 1950 ല്‍ ഫ്രീപ്രസ് ജേര്‍ണലിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവര്‍ത്തകനായിരുന്നു.
1965 ല്‍, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ.ബി.സഹായിയെ എതിര്‍ത്തതിനു ജയിലിലടയ്ക്കപ്പെട്ട ജോര്‍ജ്, സ്വതന്ത്രഇന്ത്യയില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ട പത്രാധിപരാണ്. പട്നയില്‍ സെര്‍ച്ച്ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ അന്ന് പട്നയിലെത്തിയത്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. തന്റെ പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടിരുന്നു.