നായരെ തോല്‍പ്പിച്ച് കെസിഎ പിടിക്കാന്‍ ടിസിക്കൊപ്പം നിന്നു; 2016ലെ മുംബൈയിലെ ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ നിരീക്ഷകന്‍; മാത്യു പുറത്തായപ്പോള്‍ നായകനുമായി; കേരളാ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ എത്തിച്ച സംഘാടകന്‍; റോങ്ക്‌ളിന്‍ ജോണ്‍ ഇനി ഓര്‍മ്മ

2016ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷകനായത് റോങ്ക്‌ളിന്‍ ജോണായിരുന്നു.

Update: 2024-09-21 03:04 GMT

ഏറ്റുമാനൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.) മുന്‍ പ്രസിഡന്റ് കാണക്കാരി കുഴിക്കാട്ടില്‍ റോങ്ക്ളിന്‍ ജോണ്‍ (58) അന്തരിച്ചു. 2006 മുതല്‍ 2010 വരെ കോട്ടയം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. കാണക്കാരി കൃപാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്, ഏഷ്യ ബുക്ക് ഓഫ് പബ്ലിക്കേഷന്‍ മുന്‍ മാനേജര്‍ ഓപ്പറേഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ആലിയാമ്മ ജോണ്‍. അമലഗിരി കഴുതാടിയില്‍ കുടുംബാംഗം. മക്കള്‍: ആന്‍ഡ്രിയ മേരി, അലീന മരിയ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ കാണക്കാരി പള്ളിപ്പടിയിലുള്ള സഹോദരന്‍ സിബി കുഴിക്കാട്ടിലിന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് രത്‌നഗിരി സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും. 2016ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷകനായത് റോങ്ക്‌ളിന്‍ ജോണായിരുന്നു.രഞ്ജി ട്രോഫി അഴിമതിവിരുദ്ധ സംഘത്തിലും അംഗമായിരുന്നു ആ കാലത്ത്.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ പേരില്‍ അനുരാഗ് ഠാക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനിലും സമ്പൂര്‍ണ അഴിച്ചു പണി 2017ല്‍ നടന്നിരുന്നു. അന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.സി മാത്യവും സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.എന്‍ അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. അപ്പോഴാണ് കെ സി എ വൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം റോങ്ക്ളിന്‍ ജോണും സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം ജയേഷ് ജോര്‍ജ് സെക്രട്ടറിയും ഇടുക്കിയില്‍ നിന്നുള്ള വിനോദ് പ്രസിഡന്റുമായി. അതിന് ശേഷം കേരളാ ക്രിക്കറ്റിലെ സമവാക്യം മാറി മറിഞ്ഞു.

ടിസി മാത്യുവിന്റെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇടുക്കിയില്‍ നിന്നുള്ള വിനോദിനും അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇടുക്കിയിലെ സ്റ്റേഢി നിര്‍മ്മാണ വിവാദത്തില്‍ വിനോദിനും സ്ഥാനം പോയി. പാറ ഖനനം ഉള്‍പ്പെടെയുള്ള വിവാദങ്ങളെ തുടര്‍ന്ന് വിനോദിനേയും കെ സി എ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിനോദ് രാജിവച്ചത്. ഇതോടെ റോങ്ക്ളിന്‍ ജോണിനെ കെ സി എയുടെ പ്രസിഡന്റുമാക്കി. പക്ഷേ അഴിമതി വിരുദ്ധ സമീപനമെടുത്ത റോങ്ക്‌ളിന് അധിക കാലം ആ പദവിയില്‍ തുടരാനായില്ല.

ഇതോടെ കെ സി എയില്‍ ജയേഷ് ജോര്‍ജ് പിടിമുറുക്കി. എസ് കെ നായരില്‍ നിന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വം ടിസി മാത്യു പിടിക്കുമ്പോള്‍ കൂടെ നിന്നവരില്‍ പ്രധാനിയായിരുന്നു റോങ്ക്‌ളിന്‍. എന്നാല്‍ ടിസിയ്‌ക്കെതിരെ ആരോപണങ്ങളെത്തിയപ്പോള്‍ അതിനേയും തുണച്ചില്ല. കേരളത്തിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ റോങ്ക്‌ളിനും നടത്തിയിട്ടുണ്ട്. 2018ലെ വെസ്റ്റ് ഇന്‍ഡീസിന്റെ മത്സരം തിരുവനന്തപുരത്ത് ഉറപ്പിക്കാനും മുന്നില്‍ നിന്നത് ഈ കോട്ടയത്തുകാരനായിരുന്നു. ആ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയിലേക്കു മാറ്റാനായിരുന്നു കെസിഎയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

ഇതിനുവേണ്ടി ഫിഫ അണ്ടര്‍17 ലോകകപ്പിനുവേണ്ടി സജ്ജീകരിച്ച കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മൈതാനം കുത്തിപ്പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമകൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്നു പ്രഖ്യാപിച്ച് രംഗത്തുവന്നതോടെ കെസിഎ സമ്മര്‍ദത്തിലായി. സര്‍ക്കാര്‍ ഇടപെട്ടു. റോങ്‌ളിന്റെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകളില്‍ മത്സരം തിരുവനന്തപുരത്ത് നടക്കുകയും ചെയ്തു.

Tags:    

Similar News