മോഷണംപോയ സ്കൂട്ടറിന് 17,000 രൂപ പിഴ; മോഷ്ടാക്കൾ കുട്ടികളെന്ന് പറഞ്ഞ് കൈമലർത്തി പോലീസ്; ഒന്നേമുക്കാൽ ലക്ഷത്തിന്റെ കടബാധ്യത കൂടിയായതോടെ ദുരിതത്തിലായി അരിമ്പൂരുകാരി സുനിത; പരാതിയിൽ വിചിത്ര നടപടി
തൃശ്ശൂർ: ലോണെടുത്ത് വാങ്ങിയ തങ്ങളുടെ ഏക ആശ്രയമായ സ്കൂട്ടർ മോഷണം പോയതും പോരാഞ്ഞ്, കള്ളൻ നടത്തുന്ന നിയമലംഘനങ്ങൾക്ക് പതിനേഴായിരം രൂപ പിഴയൊടുക്കേണ്ട ഗതികേടിലാണ് അരിമ്പൂർ സ്വദേശിനി സുനിത സുരേഷ്. ജനുവരി 13-ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കാണാതായ സ്കൂട്ടർ കണ്ടെത്താനോ കേസെടുക്കാനോ പോലീസ് തയ്യാറാകാത്തതാണ് കുടുംബത്തെ ദുരിതത്തിലാഴ്ത്തുന്നത്. മോഷ്ടാക്കൾ 'കുട്ടികളാണ്' എന്ന വിചിത്രമായ ന്യായം പറഞ്ഞാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് സുനിതയെ മടക്കി അയക്കുന്നത്.
വാഹനം നഷ്ടപ്പെട്ടതിന് പിന്നാലെ സുനിതയുടെ മൊബൈലിലേക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടീസുകൾ പ്രവഹിക്കുകയാണ്. ഹെൽമെറ്റില്ലാത്ത യാത്രയ്ക്കും അമിതവേഗതയ്ക്കും മറ്റുമായി ഇതുവരെ 17,000 രൂപയോളമാണ് പിഴയിനത്തിൽ ലഭിച്ചത്. ഏറ്റവും ഒടുവിൽ ഫെബ്രുവരി ഒൻപതിന് വലപ്പാട്ടുനിന്ന് ലഭിച്ച ക്യാമറ ദൃശ്യങ്ങളിൽ രണ്ടു യുവാക്കളും ഒരു യുവതിയും സുനിതയുടെ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ പായുന്നത് വ്യക്തമാണ്. താൻ ഓടിക്കാത്ത വണ്ടിക്ക് എവിടുന്ന് പണം നൽകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ ശുചീകരണ തൊഴിലാളി.
റെയിൽവേ സ്റ്റേഷനിൽ തിരക്കിട്ടു പോകുന്നതിനിടെ സ്കൂട്ടറിൽ താക്കോൽ മറന്നുവെച്ചതാണ് വിനയായത്. വാഹനം മൂന്നു യുവാക്കൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അന്ന് തന്നെ ചുമട്ടുതൊഴിലാളികൾ മൊബൈലിൽ പകർത്തി സുനിതയ്ക്ക് നൽകിയിരുന്നു. വണ്ടിയുടെ നമ്പർ ഉൾപ്പെടെയുള്ള ഈ തെളിവുമായി പലതവണ സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും മണിക്കൂറുകളോളം കാത്തിരിക്കാനായിരുന്നു വിധി. ഒടുവിൽ സി.ഐയെ നേരിൽക്കണ്ടപ്പോൾ ലഭിച്ച മറുപടി മോഷ്ടാക്കൾ കുട്ടികളായതിനാൽ കേസെടുക്കാനാവില്ല എന്നായിരുന്നു.
ഒരു സ്വകാര്യ കമ്പനിയിൽ തൂപ്പുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ലോണെടുത്താണ് സുനിത സ്കൂട്ടർ വാങ്ങിയത്. വണ്ടിയുടെ തിരിച്ചടവ് പോലും തീർന്നിട്ടില്ല. വാഹനം ഏതെങ്കിലും വലിയ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ഭയത്തിലാണ് ഈ കുടുംബം. വെസ്റ്റ് പോലീസിൽ നിന്ന് നീതി ലഭിക്കില്ലെന്നുറപ്പായതോടെ കഴിഞ്ഞ ദിവസം സുനിത സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
