കേരളത്തെ വിറപ്പിച്ച നക്‌സലൈറ്റ് നായകന്‍! തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്‍; 18 കൊലക്കേസുകള്‍; ഒടുവില്‍ 'ആവേശം അറിവില്ലായ്മയായിരുന്നു' എന്ന കുറ്റസമ്മതവും! മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; വിടവാങ്ങുന്നത് തോക്ക് ഉപേക്ഷിച്ചു ബൈബിള്‍ എടുത്ത വിപ്ലവകാരി
തിരുവനന്തപുരം: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. കോതമംഗലം വടാട്ടുപാറയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പിളര്‍പ്പിന് ശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ചാരുമജുംദാറിന്റെ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു. പിന്നീട് കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവില്‍ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. 1971-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫന്‍. പിന്നാലെ ജയിലില്‍വച്ചുതന്നെ നക്‌സല്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.
കുന്നിക്കല്‍ നാരായണന്‍, നക്‌സല്‍ വര്‍ഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്‌സലൈറ്റ് പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കല്‍ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവല്‍ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികള്‍ക്കെതിരായി നടന്ന നക്‌സല്‍ ഓപ്പറേഷനുകളിലും വെള്ളത്തൂവല്‍ സ്റ്റീഫന്‍ നേതൃപരമായി ഇടപെട്ടിരുന്നു. നക്‌സലെറ്റ് നേതാവ് എന്ന നിലില്‍ അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലില്‍ വെച്ച് തന്നെ നക്‌സല്‍ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവല്‍ സ്റ്റീഫന്‍ പിന്നീട് കുറച്ച് സുവിശേഷ പ്രസംഗകന്‍ ആയും മാറിയിരുന്നു. 'പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്മയില്‍ നിന്നുള്ള ആവേശമായിരുന്നു'എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
നക്‌സല്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായും സ്വയം വിമര്‍ശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവല്‍ സ്റ്റീഫന്‍ രചിച്ചിരുന്നു. വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ എന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയില്‍ നക്‌സല്‍ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ദൗര്‍ബല്യങ്ങളും അപചയങ്ങളും വെള്ളത്തൂല്‍ സ്റ്റീഫന്‍ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവര്‍ത്തകരായിരുന്ന വര്‍ഗീസ് മുതല്‍ കെ വേണു അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങളും പുസ്തകത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, അര്‍ദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ ആക്രമണത്തിലെ ഭീകരന്‍!
കേരളം കണ്ട ഏറ്റവും വലിയ നക്സലൈറ്റ് ഓപ്പറേഷനുകളില്‍ ഒന്നായ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍. കുന്നിക്കല്‍ നാരായണനും വര്‍ഗീസിനും അജിതയ്ക്കുമൊപ്പം സായുധ വിപ്ലവത്തിന് തന്ത്രങ്ങള്‍ മെനഞ്ഞയാള്‍. വയനാട്ടിലെ ജന്മിമാരുടെ ഉറക്കം കെടുത്തിയ രാത്രികളില്‍ വര്‍ഗീസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സ്റ്റീഫനും ഉണ്ടായിരുന്നു. തോക്കിന്‍ കുഴലിലൂടെ വിപ്ലവം വരുമെന്ന് ഉറച്ചുവിശ്വസിച്ച ചാരു മജുംദാറിന്റെ ആ വിശ്വസ്ത ശിഷ്യനെ പോലീസ് അന്ന് ഭീതിയോടെയാണ് നോക്കിക്കണ്ടത്.
18 കൊലക്കേസുകള്‍, ഒളിവില്‍ തെളിഞ്ഞ ജീവിതം
1971-ല്‍ പിടിയിലാകുമ്പോള്‍ സ്റ്റീഫന്റെ പേരില്‍ 18 കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണുണ്ടായിരുന്നത്. വര്‍ഷങ്ങളോളം പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ആ വിപ്ലവകാരി ഒടുവില്‍ അഴികള്‍ക്കുള്ളിലായി. എന്നാല്‍, ജയിലിലെ നാലു ചുവരുകള്‍ക്കുള്ളില്‍ വെച്ച് സ്റ്റീഫന്റെ മനസ്സ് മാറുകയായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളില്‍ നിന്ന് വിപ്ലവത്തിന്റെ അപചയങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം സായുധ പോരാട്ടം ഒരു 'പാഴ്വേല'യാണെന്ന് തിരിച്ചറിഞ്ഞു. പ്രധാന കൃതികള്‍: ചരിത്രശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, മേഘപാളിയിലെ കാല്‍പ്പാടുകള്‍.
