ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചു; സിംബാവെക്കെതിരായ വിജയാഹ്ലാദത്തിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ ദുഃഖവാര്‍ത്ത: നാട്ടിലേക്ക് മടങ്ങി താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചു
നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. നിലവില്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള റിങ്കു, സിംബാബ്വെയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിന് മുന്‍പ് പിതാവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്നാലെ തിരികെ റിങ്കൂ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
പിതാവിന്റെ മരണ വിവരം അറിഞ്ഞ ഉടന്‍ ചെന്നൈയില്‍നിന്ന് താരം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനിയുള്ള മത്സരങ്ങളില്‍ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെനാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിര്‍ത്തിയിരുന്നു.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. ''റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് ജിയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. ടി20 ലോകകപ്പില്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ പ്രതിജ്ഞാബദ്ധനാണെങ്കിലും റിങ്കുവിനും കുടുംബത്തിനും ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരിക്കണം. എന്റെ ചിന്തകളും പ്രാര്‍ഥനകളും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും ഒപ്പമുണ്ട്. വാഹേഗുരു പരേതന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ, ദുഃഖിതരായ കുടുംബത്തിന് ശക്തിയും ധൈര്യവും നല്‍കട്ടെ.'' ഹര്‍ഭജന്‍ എഴുതി.