സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു; വിട പറഞ്ഞത് രണ്ട് തവണ മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിയായ നേതാവ്; അന്ത്യം പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുന്‍ മാനേജരുമായ ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. രണ്ട് തവണ പാര്‍ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിച്ച ഇ എന്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു.
1951 സെപ്തംബര്‍ 15ന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനനം. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018ല്‍ പെരിന്തല്‍മണ്ണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറില്‍ തിരൂര്‍ സമ്മേളനത്തില്‍ തുടര്‍ന്നു.
2024ല്‍ താനൂര്‍ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. കെഎസ്‌കെടിയു,- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. മലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായിരുന്നു. റെയ്ഡ്കോ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
2007ല്‍ മണ്ണഴി എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. ദീര്‍ഘകാലം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.
ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കള്‍: ഡോ. ദിവ്യ (കോട്ടക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍ മോഹന്‍ (ഐടി എന്‍ജീനിയര്‍). മരുമക്കള്‍: ഡോ. പി പി ജയപ്രകാശന്‍ (അസി. പ്രൊഫസര്‍, ടിഎംജി ഗവ. കോളേജ്, തിരൂര്‍), ശ്രീജിഷ (ഐടി എന്‍ജിനിയര്‍).
