രാത്രിയില്‍ ബൈക്കുകള്‍ മോഷ്ടിക്കും; നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് വില്പന; മലപ്പുറത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ബൈക്ക് മോഷണം: മലപ്പുറത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രിയില്‍ ബൈക്കുകള്‍ മോഷണം നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടില്‍ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), താഴത്തുവീട്ടില്‍ മുഹമ്മദ് അബുതാഹിര്‍ (19) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്, എസ്ഐ ഷിജോ.സി.തങ്കച്ചന് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27 ന് രാത്രിയില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തില്‍ നിര്‍ത്തിയിട്ട കൊണ്ടോട്ടി സ്വദേശിയായ വിദ്യാര്‍ഥിയുടെ യമഹ ബൈക്ക് മോഷണം പോയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഏതാനും ദിവസത്തിനുള്ളില്‍ രാത്രി വീണ്ടും ടൗണില്‍ പൊന്ന്യാകുര്‍ശി ബൈപ്പാസില്‍ വീടിനുസമീപത്ത് നിന്ന് മറ്റൊരു യുവാവിന്റെ യമഹ ബൈക്ക് മോഷണം പോയതായി സ്റ്റേഷനില്‍ പരാതി ലഭിച്ചു. തുടര്‍ച്ചയായി ബൈക്കുകള്‍ മോഷണം നടക്കുന്നതിനിടെ ജില്ലാപോലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വേങ്ങര കേന്ദ്രീകരിച്ചുള്ള ബൈക്ക് മോഷണ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
തുടര്‍ന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് രാത്രിയില്‍ കറങ്ങിനടന്ന് ബൈക്കുകള്‍ മോഷണം നടത്തിയതായി യുവാക്കള്‍ മൊഴി നല്കി. നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയശേഷം മോഷ്ടിച്ച ബൈക്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ നമ്പര്‍ പ്ലേറ്റ് വച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ചനിലയില്‍ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി. ഷാജികൈലാസിന്റെ പേരില്‍ തൃശൂര്‍, തൃത്താല, താനൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുകളുണ്ട്. അടുത്തിടെ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയതാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, സിഐ സുമേഷ് സുധാകരന്, എസ്ഐ ഷിജോ.സി.തങ്കച്ചന്, അഡീഷണല്‍ എസ്ഐ ഷാഹുല്‍ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ പി.പ്രശാന്ത്, എന്‍.ടി. കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, കെ.ദിനേഷ്, പ്രഭുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.