ജില്ലാ കലക്ടര്‍ക്ക് പൊതുജനങ്ങള്‍ നല്‍കിയ നിവേദനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു; ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
കള്ളക്കുറിശ്ശി(തമിഴ്നാട്): ജില്ലാ കലക്ടര്‍ക്ക് പൊതുജനങ്ങള്‍ നല്‍കിയ നിവേദനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. കള്ളക്കുറിശ്ശി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.മോഹന്‍രാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.നവംബര്‍ 4 ന് കലക്ടറേറ്റില്‍ നടന്ന പ്രതിവാര പരാതി പരിഹാര യോഗത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി കൈമാറിയിരുന്നു.ഈ അപേക്ഷകളാണ് കണ്ടെത്തിയത്.
തങ്ങളുടെ നിവേദനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയതോടെ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടറോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.തുടര്‍ന്ന് ആറ്റൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കലക്ടറേറ്റില്‍ നിന്ന് ആറ്റൂരിലേക്ക് ബസില്‍ കൊണ്ടുവന്ന നിവേദനങ്ങള്‍ കാണാതെ പോയതായി കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് നിവേദനങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഡെപ്യൂട്ടി ബിഡിഒയെ ഞായറാഴ്ച കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. നവംബര്‍ അഞ്ചിന് കലക്ടറേറ്റില്‍ നിന്ന് നിന്ന് ആറ്റൂരിലേക്ക് കള്ളക്കുറിച്ചി ബസില്‍ വരുമ്പോള്‍ നിവേദനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണ കത്തില്‍ പറയുന്നു.