കോടതി ജാമ്യം റദ്ദാക്കിയ കൊലക്കേസ് പ്രതി വീണ്ടും മയക്കുമരുന്നു സഹിതം പിടിയില്‍; അറസ്റ്റിലായത് മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അടക്കം രണ്ടുപ്രതികള്‍
കൊലക്കേസ് പ്രതി വീണ്ടും മയക്കുമരുന്നു സഹിതം പിടിയില്‍
മലപ്പുറം: കോടതി ജാമ്യം റദ്ദാക്കിയ പ്രതിയുള്‍പ്പടെ രണ്ടുപേര്‍ 20 ഗ്രാം എംഡിഎംഎയുമായി പോലീസിന്റെ പിടിയില്‍. മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് ഷംസീര്‍(34), കരുവാരക്കുണ്ട് തരിശ് സ്വദേശി പറമ്പത്ത് ആഷിഖുദ്ദീന്‍(34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ നാട്ടുകല്‍ പോലീസും മലപ്പുറം, പാലക്കാട് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ അലനല്ലൂര്‍ ടൗണിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. മഞ്ചേരിയില്‍ 30 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയ ഷംസീര്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കൗണ്‍സിലറുടെ കൊലപാതകക്കേസില്‍ ഷംസീറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരി വില്‍പന തുടരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജാമ്യം റദ്ദായതോടെ ഷംസീറിനെ അറസ്റ്റുചെയ്യുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കുകയും മലപ്പുറം, പാലക്കാട് അതിര്‍ത്തികളിലെ രഹസ്യകേന്ദ്രങ്ങളില്‍ താമസിച്ച് എടത്തനാട്ടുകര, അലനല്ലൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കാറില്‍ കറങ്ങിനടന്ന് ലഹരി വില്‍പന നടത്തുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് സി.ഐ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പാലക്കാട്, മലപ്പുറം ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും നാട്ടുകല്‍ പോലീസും അലനെല്ലൂര്‍ ഭാഗത്ത് നിരീക്ഷണം ശക്തമാക്കുകയും ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ യുമായി രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.