പെട്ടെന്ന് കൂട്ട് കൂടും..ഒരുമിച്ച് ഫോട്ടോ എടുത്താലും ഉപദ്രവിക്കില്ല; തായ്‌ലാന്‍ഡിലെ പ്രധാന ആകര്‍ഷണമായ കടുവകളുടെ അവസ്ഥ ദയനീയം; വില്ലനായത് ആ അപൂര്‍വ്വ രോഗം
ചിയാങ് മായ്: തായ്‌ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായ്, 'ടൈഗർ കിംഗ്ഡം ചിയാങ് മായ്' എന്ന കടുവ സങ്കേതത്തിലെ രണ്ട് ശാഖകളിലായി, ഫെബ്രുവരി 8 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ 72 കടുവകൾ ചത്തതായി അധികൃതർ അറിയിച്ചു. കാനൈൻ ഡിസ്റ്റംപർ വൈറസ് ബാധയാണ് കൂട്ടമരണത്തിന് കാരണമായതെന്ന് മൃഗസംരക്ഷണ അധികൃതർ സ്ഥിരീകരിച്ചു. സന്ദർശകർക്ക് കടുവകളുമായി നേരിട്ട് ഇടപഴകാനും ഫോട്ടോയെടുക്കാനും സൗകര്യമുള്ള ഈ പാർക്കിൽ നടന്ന കൂട്ടമരണം ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
മൃഗസംരക്ഷണ അധികൃതർ നടത്തിയ പരിശോധനയിൽ കടുവകളിൽ കാനൈൻ ഡിസ്റ്റംപർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഒപ്പം, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയയുടെ സാന്നിധ്യവും സാമ്പിളുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 240-ലധികം കടുവകളുണ്ടായിരുന്ന ഈ സങ്കേതത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കടുവകളെ കാണാനും അവയുമായി സമയം ചെലവഴിക്കാനും എത്താറുള്ളത്.
രണ്ടാഴ്ചയിൽ താഴെ മാത്രം പ്രായമുള്ള കടുവകളാണ് മരിച്ചവരിൽ ഏറെയും. രോഗവ്യാപനം എങ്ങനെയാണ് സംഭവിച്ചതെന്ന് അധികൃതർക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ, കടുവകൾക്ക് നൽകിയ മലിനമായ കോഴിയിറച്ചിയിൽ നിന്നാകാം രോഗം പടർന്നതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
കാനൈൻ ഡിസ്റ്റംപർ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും അതിനാൽ വിനോദസഞ്ചാരികൾക്ക് ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗവ്യാപനം നിലവിൽ നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു. ചത്ത കടുവകളുടെ ജഡങ്ങൾ ഉടൻതന്നെ കുഴിച്ചുമൂടുകയും, രോഗം ഗുരുതരമായി ബാധിച്ച കടുവകളെ ദയാവധത്തിന് വിധേയമാക്കാൻ ശുപാർശ നൽകിയിട്ടുള്ളതായും അധികൃതർ കൂട്ടിച്ചേർത്തു.
അതിവേഗം പടരുന്നതും മാരകവുമായ ഒരു രോഗമാണ് കാനൈൻ ഡിസ്റ്റംപർ വൈറസ് ബാധ. ഇത് പ്രധാനമായും ജീവികളുടെ ശ്വസനവ്യവസ്ഥ, ദഹനവ്യവസ്ഥ, നാഡീവ്യൂഹം എന്നിവയെയാണ് ബാധിക്കുന്നത്. സാധാരണയായി നായ്ക്കളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും, കടുവകളെയും സിംഹങ്ങളെയും പോലുള്ള വലിയ പൂച്ചവർഗ്ഗ മൃഗങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
