രാത്രിയില്‍ കാമ്പസില്‍ നിന്ന് പുറത്തുപോയതിന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടി; ഐ.ഐ.എം നാഗ്പൂരില്‍ പരീക്ഷ ബഹിഷ്‌കരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍

Update: 2026-02-25 10:33 GMT

നാഗ്പൂര്‍: മുന്‍കൂര്‍ അനുമതിയില്ലാതെ രാത്രി കാമ്പസില്‍ നിന്ന് പുറത്തുപോയതിന് ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധം കടുക്കുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ അര്‍ധ വാര്‍ഷിക പരീക്ഷ ബഹിഷ്‌കരിച്ചു. നാഗ്പൂര്‍ ഐ.ഐ.എമ്മിലാണ് അത്യപൂര്‍വ പ്രതിഷേധം.

60 ഓളം എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഫെബ്രുവരി 21ന് രാത്രി അത്താഴത്തിനായി ക്യാമ്പസില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയത്. 75 ഓളം വിദ്യാര്‍ഥികളായിരുന്നു അത്താഴത്തിനായി പുറത്തിറങ്ങിയത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും സംഘത്തില്‍ ഉണ്ടായിരുന്നു. വൈകി തിരിച്ചെത്തുമെന്ന് അധികാരികളെ അറിയിച്ചിരുന്നുവെങ്കിലും തിരിച്ചെത്തിയപ്പോള്‍ ഗേറ്റില്‍ തടയുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവരില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ പലര്‍ക്കും മിഡ്ടേം പരീക്ഷകളില്‍നിന്ന് വിലക്കിയതായി ഇമെയില്‍ ലഭിച്ചതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പറത്തുപോയതെന്നാണ് വിവരം. ഇതിന്റെ പേരില്‍ കാമ്പസ് അധികൃതര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

'ഞങ്ങള്‍ ഇപ്പോള്‍ കുട്ടികളല്ല; ഒരു പ്രൊഫഷണല്‍ കോഴ്സിന്റെ വിദ്യാര്‍ഥികളാണ്. ഇങ്ങനെയല്ല ഞങ്ങളോട് പെരുമാറേണ്ടത്. ചിലപ്പോള്‍ രാത്രി വൈകിയാണ് ക്ലാസ് അവസാനിക്കുക. അതിന് ശേഷം തങ്ങല്‍ പുറത്തു പോവാറുണ്ടെന്നും മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

Similar News