ക്ഷേത്രത്തിനടുത്ത് നമസ്‌കരിച്ച വയോധികന് ക്രൂരമർദനം; നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചു; പ്രതികളിൽ കൊലക്കേസ് പ്രതിയും; കർശന നടപടി വേണമെന്ന് ആവശ്യം ശക്തം

Update: 2026-02-25 12:14 GMT

രുദ്രാപൂർ: ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് നമസ്കരിച്ച വയോധികനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുകയും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി. ജഗത്പുരയിലെ അതരിയ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രെഷാം ബാരി സ്വദേശിയായ ശാഹിദിനാണ് മർദനമേറ്റത്. ഇയാളെ വടികൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ മുസ്‍ലിം സമുദായംഗങ്ങൾ ശാഹിദിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അക്രമികളിൽ ഒരാൾ കൊലക്കേസ് പ്രതിയാണെന്നും നിലവിൽ പരോളിലാണെന്നും പരാതിക്കാർ പറയുന്നു.

ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിന് സമീപം ജോലി ചെയ്തുവരികയായിരുന്നുവെന്നും ക്ഷേത്രത്തിൽ നിന്ന് മാറി ഒഴിഞ്ഞുകിടന്ന ഭൂമിയിലാണ് താൻ നമസ്കരിച്ചതെന്നും ശാഹിദ് പൊലീസിനോട് വിശദീകരിച്ചു. എന്നാൽ, ക്ഷേത്രഭൂമിയിൽ മറ്റ് മതപരമായ ചടങ്ങുകൾ അനുവദിക്കില്ലെന്ന് ക്ഷേത്രം മാനേജർ അരവിന്ദ് ശർമ വ്യക്തമാക്കി. സംഭവം അങ്ങേയറ്റം ഗൗരവകരമാണെന്നും ഒരാളെ മർദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുൻസിപ്പൽ കൗൺസിലർ പർവേസ് ഖുറേഷി പറഞ്ഞു.

എന്തെങ്കിലും തടസ്സമുണ്ടായിരുന്നെങ്കിൽ അത് അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നതാണെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. മതം പറഞ്ഞ് അക്രമം നടത്തുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സോഫിയ നാസ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളുമായും സംസാരിക്കുകയും സമാധാനം പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ശാഹിദിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതായും പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    

Similar News