അഴിക്കോട് ഹാര്‍ബറില്‍ ഒഡീഷ സ്വദേശിയെ കൊന്നത് കൂട്ടാളി തന്നെ; അരുംകൊല നടത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സംശയം; മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍
അഴിക്കോട് ഹാര്‍ബറില്‍ ഒഡീഷ സ്വദേശിയെ കൊന്നത് കൂട്ടാളി തന്നെ
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തില്‍ ഒഡിഷ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കൂട്ടാളിയായ ഇതര സംസ്ഥാനക്കാരനാണെന്ന് തെളിഞ്ഞതായി വളപട്ടണം പൊലിസ്. ഇയാള്‍ കൊല നടത്തിയതിനു ശേഷം സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്.
ഒഡീഷ സ്വദേശി രമേഷ് ദാസാണ് കവര്‍ച്ചാ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
അഴീക്കല്‍ ഹാര്‍ബറിന് സമീപം പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തെത്തിയപ്പോഴാണ് ആദ്യം മൃതദേഹം കാണുന്നത്. തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി തകര്‍ന്ന ചെങ്കല്ലുമുണ്ടായിരുന്നു. ഉടനെ വളപട്ടണം പൊലീസെത്തി പരിശോധന നടത്തി. മരിച്ചത് ഒഡീഷ സ്വദേശി രമേഷ് ദാസെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
രമേഷിന്റെ കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തായി രണ്ട് സിം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അടിയില്‍ തലയോട്ടി തകര്‍ന്നിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.