സ്‌കൂളുകള്‍ അടച്ചു; ഓഫിസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ നാലായി ചുരുക്കി; പെട്രോള്‍ വിലയില്‍ പകച്ച് പാകിസ്താന്‍; ഒറ്റയടിക്ക് കൂടിയത് 18 രൂപ: കടുത്ത നിയന്ത്രണം

പെട്രോള്‍ വിലയില്‍ പകച്ച് പാകിസ്താന്‍

Update: 2026-03-10 00:54 GMT

ഇസ്ലാമാബാദ്: രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്താന്‍ സര്‍ക്കാര്‍. ഇന്ധനം ലാഭിക്കുന്നതിനായി രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ നാലായി ചുരുക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്ലാസുകള്‍ ഉടനടി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. . അത്യാവശ്യ സേവനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ 50 ശതമാനം ജീവനക്കാര്‍ക്കാണ് 'വര്‍ക്ക് ഫ്രം ഹോം' അനുവദിച്ച് പ്രധാനമന്ത്രി ഉത്തരവിറക്കിയത്.

കഴിഞ്ഞ ശനിയാഴ്ച പെട്രോള്‍ വിലയില്‍ ലിറ്ററിന് 55 പാകിസ്ഥാന്‍ രൂപയുടെ (ഏകദേശം 18 ഇന്ത്യന്‍ രൂപ) ചരിത്രപരമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അടിയന്തര നടപടികള്‍. കൂടാതെ, അടുത്ത രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ഇന്ധന വിഹിതത്തില്‍ 50 ശതമാനം കുറവ് വരുത്താനും തീരുമാനമായിട്ടുണ്ട്.

അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസങ്ങളാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളില്‍ ഇന്ധനവില ഇനിയും വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും വിതരണ ശൃംഖലയിലെ പാളിച്ചകളും രാജ്യത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലാണെന്ന് പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക് വ്യക്തമാക്കി.

Tags:    

Similar News