പത്തനംതിട്ടയില്‍ കാപ്പ പ്രകാരം കൊടുംകുറ്റവാളികളെ തൂത്തുപെറുക്കി ജയിലില്‍ അടച്ചു; പത്തു ദിവസത്തിനിടെ അഴിക്കുള്ളിലായത് നാലു ക്രിമിനലുകള്‍
പത്തനംതിട്ടയില്‍ കാപ്പ പ്രകാരം കൊടുംകുറ്റവാളികളെ തൂത്തുപെറുക്കി ജയിലില്‍ അടച്ചു
പത്തനംതിട്ട: കുറ്റവാളികള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരായ നിയമനടപടികള്‍ ജില്ലയില്‍ പോലീസ് ശക്തമായി തുടരുന്നു. നാലു പേരെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ(കാപ്പ ) പ്രകാരം ജയിലിലാക്കി. തിരുവല്ലയില്‍ രണ്ടും കൊടുമണ്‍, അടൂര്‍ പോലീസ് സ്റ്റേഷനുകളിലെ ഓരോരുത്തരെ വീതവുമാണ് കാപ്പ ചുമത്തിയത്. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡില്‍ ചിറപ്പാട്ട് വീട്ടില്‍ റോഷന്‍ വര്‍ഗീസ്(29), കുറ്റപ്പുഴ കിഴക്കന്‍ മുത്തൂര്‍ പ്ലാപ്പറമ്പില്‍ കരുണാലയം വീട്ടില്‍ വാവ എന്ന് വിളിക്കുന്ന ദീപു മോന്‍(28), കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചെരുവ് വിഷ്ണു ഭവനം വീട്ടില്‍ കുറേഷി എന്ന് വിളിക്കുന്ന വിഷ്ണു തമ്പി(28), അടൂര്‍ പള്ളിക്കല്‍ പഴകുളം മേട്ടുപ്പുറം പൊന്മാത കിഴക്കേതില്‍ വീട്ടില്‍ ലൈജു(28) എന്നിവരാണ് ജയിലിലായത്.
റോഷന്‍ വര്‍ഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല കൂത്തുപറമ്പ്, പീച്ചി തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തഞ്ചിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ 2022 ല്‍ കാപ്പ പ്രകാരം സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. ഈ കാലയളവില്‍ ആലപ്പുഴ ജില്ലയില്‍ താമസിച്ചു വന്ന ഇയാള്‍ ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡി എം എ കച്ചവടവുമായി ബന്ധപ്പെട്ട് പിടിയിലായി. കഴിഞ്ഞ വര്‍ഷം കാപ്പ പ്രകാരം ആറ് മാസം കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. പുറത്തിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു.
സെപ്റ്റംബര്‍ 29 ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ കൂട്ടാളികള്‍ക്കൊപ്പം യാത്രക്കാരെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. കാറില്‍ സൂക്ഷിച്ച 1.84 കോടി വില വരുന്ന രണ്ട് കിലോ 630 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ജൂലൈ 26 ന് രാത്രി കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിന് സമീപം പണവുമായി വന്ന കാര്‍ തട്ടിയെടുത്തു. കാറില്‍ സൂക്ഷിച്ചിരുന്ന 3.75 കോടി രൂപയുമായി രക്ഷപ്പെട്ടു. പീച്ചി പോലീസ് സ്റ്റേഷനില്‍ കുറ്റകൃത്യം നടത്തിയത് അറിഞ്ഞു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം യും സംയുക്ത അന്വേഷണസംഘം റോഷന്‍ വര്‍ഗീസിനെയും കൂട്ടുപ്രതിയെയും ചങ്ങനാശ്ശേരിയിലെ ഒളിയിടത്തില്‍ നിന്നും പിടികൂടി. തുടര്‍ന്നും നിരന്തരം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിച്ചുവന്ന പ്രതിയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവിനായി റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നിന് ഉത്തരവാകുകയായിരുന്നു. തൃശ്ശൂര്‍ ജയിലില്‍ കഴിഞ്ഞുവന്ന റോഷനെ കാപ്പ ഉത്തരവ് പ്രകാരം നാലിന് അറസ്റ്റ് ചെയ്തു ആറുമാസത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ റപ്താഡ് പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമം, അടിപിടി വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണം വാഹനങ്ങള്‍ കത്തിക്കല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കവര്‍ച്ച ലഹരി മരുന്ന് കച്ചവടം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റോഷന്‍ വര്‍ഗീസ്.
തിരുവല്ല, തൃക്കൊടിത്താനം കീഴ്വായ്പ്പൂര്‍, പീച്ചി, തിരുവല്ല എക്സൈസ് തുടങ്ങിയ സ്റ്റേഷനുകളില്‍ 15 ലധികം ക്രിമിന കേസുകളില്‍ പ്രതിയാണ് കീഴ്വായ്പ്പൂര്‍ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി സീറ്റില്‍ ഉള്‍പ്പെട്ട ദീപു മോന്‍ എന്ന കൊടുംകുറ്റവാളി. 2022 ല്‍ ഇയാളെ കാപ്പ അനുസരിച്ച് കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശേഷം കൂട്ടുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ മൂന്നു കേസുകളില്‍ ഉള്‍പ്പെട്ടു. സെപ്റ്റംബര്‍ 25 ന് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കവര്‍ച്ച കേസില്‍ റോഷന്‍ വര്‍ഗീസിനൊപ്പം കൂട്ടുപ്രതിയായി. തുടര്‍ന്ന് തൃശ്ശൂര്‍ ജയിലില്‍ കഴിഞ്ഞു വന്ന ഇയാള്‍ക്കെതിരെ, ജില്ലാ പോലീസ് മേധാവിയുടെ കാപ്പ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 28 ന് കലക്ടര്‍ കരുതല്‍ തടങ്കല്‍ഉത്തരവ് പുറപ്പെടുവിച്ചു. റോഷന്‍ വര്‍ഗീസിനൊപ്പം ദീപുമോനെയും തിരുവല്ല പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തു തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്.
കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമം, മോഷണം ലഹരി മരുന്നു ഉപയോഗം, സംഘം ചേര്‍ന്നുള്ള ആക്രമണം, വീടുകയറി ആക്രമണം, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങി 18 ഓളം ക്രിമിന കേസുകള്‍ പ്രതിയാണ് വിഷ്ണു തമ്പി. 2022 ഡിസംബറില്‍ കാപ്പ അനുസരിച്ച് ആറുമാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ തുടര്‍ന്നും കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് നവംബര്‍ 7 ന് കലക്ടറുടെ ഉത്തരവുണ്ടാവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുവന്ന വിഷ്ണുവിനെ അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും കൊടുമണ്‍ എസ് എച്ച് ഓയുടെ നേതൃത്വത്തിലുമുള്ള സംഘം അഞ്ചിന് അറസ്റ്റ് ചെയ്ത് ജയിലിലില്‍ അടച്ചു.
അടൂര്‍ പഴകുളം മേട്ടുപുറം സ്വദേശി ലൈജു മയക്കുമരുന്ന് കച്ചവടക്കാരനുംക്രിമിനലുമാണ്. അടൂര്‍ സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ലൈജു,അടൂര്‍ ചെങ്ങന്നൂര്‍, പന്തളം, കുറത്തികാട്, പത്തനംതിട്ട, ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, കഞ്ചാവ് കച്ചവടം, വാഹനം കത്തിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ പത്തിലധികം കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ മാസം അടൂരില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് ആളുകളെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടു. നിരന്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ലൈജുവിനെതിരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 19 ന് കലക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവായി. അടൂര്‍ എസ്.എച്ച്.ഓ ശ്യാം മുരളി ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈവര്‍ഷം ഇതുവരെ കാപ്പ നിയമമനുസരിച്ച് 13 കുറ്റവാളികളെ കരുതല്‍ തടങ്കല്‍ ഉത്തരവായിട്ടുള്ളതും 16 പേര്‍ക്കെതിരെ സഞ്ചാരനിയന്ത്രണഉത്തരവ് നടപ്പാക്കിയിട്ടുള്ളതുമാണ്. ജില്ലയില്‍ ക്രിമിനലുകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.