ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; സഹോദരിയുടെ മകളുടെ ആണ്‍സുഹൃത്തിനെ തല്ലിക്കൊന്നു; ജാര്‍ഖണ്ഡില്‍ വീണ്ടും ദുരഭിമാനക്കൊല
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയുടെ മകളുടെ ആണ്‍ സുഹൃത്തിനെ ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി ജാര്‍ഖണ്ഡിലെ പട് വ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുര്‍മ ഗ്രാമത്തിലെ പവന്‍ റാമാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറിലെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തുടങ്ങിയത്. കയര്‍ കൊണ്ട് കൈ-കാലുകള്‍ കെട്ടിയിട്ട് വടികൊണ്ടായിരുന്നു ആക്രമണം. ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെ വലിയൊരു ആള്‍ക്കൂട്ടം സ്ഥലത്തേക്ക് എത്തി ഇയാളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ ആദ്യം പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍, പൊലീസ് അന്വേഷണത്തിലാണ് പ്രതികളിലൊരാളുടെ സഹോദരി പുത്രിയുമായുള്ള സൗഹൃദമാണ് ആള്‍ക്കൂട്ട മര്‍ദനത്തിന് കാരണമെന്ന് വ്യക്തമായത്. ശനിയാഴ്ച തന്റെ വനിത സുഹൃത്തിനെ കണ്ട് വരുന്ന വഴിക്കാണ് പവന്‍ റാം ആക്രമിക്കപ്പെട്ടത്.
ആള്‍ക്കൂട്ട മര്‍ദനമറിഞ്ഞ് പൊലീസെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണത്തിന്റെ പാടുകളാണ് പവന്‍ റാമിന്റെ ശരീരം മുഴുവനുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാല് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളിലൊരാളുടെ സഹോദരി പുത്രിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമെന്ന് പലാവു എസ്പി റിഷ്മ രമേശന്‍ പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.