മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ചു; വീണ്ടും മോഷ്ടിക്കാന്‍ ആക്രിക്കാരിയുടെ പ്രേരണ; സ്ത്രീകള്‍ അടക്കം തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍
മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ചു
റാന്നി: മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ച കേസില്‍ ആക്രി പെറുക്കുന്ന സ്ത്രീ ഉള്‍പ്പെടെ നാലുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി ആയാല്‍ പെട്ടി മേലെ നീലിത നല്ലൂര്‍ മുടി കണ്ടത്ത് തേവര്‍ വീട്ടില്‍ മുത്ത് വീര പുത്തേവര്‍ മകള്‍ കാമാത്ത (65), തെങ്കാശി വി കെപുത്തൂര്‍ കിലകലങ്ങല്‍ പഞ്ചായത്ത് തെരുവ് തെക്ക് തെരുവ് വീട്ടില്‍ മുരുകന്റെ ഭാര്യ ലക്ഷ്മി (55), തെങ്കാശി മര്‍ക്കാക്കുളം പി ഓയില്‍ നടുത്തെരുവില്‍ വീട്ടില്‍ അരുണാതല പാണ്ഡ്യന്റെ മകന്‍ മരുത പാണ്ഡ്യന്‍(44), തെങ്കാശി വി കെപുത്തൂര്‍ കിലകലങ്ങല്‍ മേലെ തെരുവ് 3/161 മേലെ തെരുവ് വീട്ടില്‍ ചെല്ലദുരൈയുടെ മകന്‍ സെന്തമിഴന്‍(27) എന്നിവരാണ് പിടിയിലായത്.
റോയല്‍ കമാന്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പട്രോളിങ് പരിധിയില്‍ വരുന്ന നെല്ലിക്കമണ്‍ ഇന്‍ഡസ് ടവര്‍ ഷട്ടറില്‍ നിന്നും 15ന് രാവിലെ പത്തരയ്ക്ക് ആണ് സംഭവം. ആക്രി സാധനങ്ങള്‍ പൊറുക്കുന്ന കാമാത്ത 15 ബാറ്ററികളും ഒരു കേബിളും മോഷ്ടിച്ചതായി കമ്പനിയുടെ സെക്യൂരിറ്റി ഓഫീസറായ കുമ്പഴ വേങ്ങനില്‍ക്കുന്നതില്‍ ജോര്‍ജ് തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആകെ 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടാക്കളെപ്പറ്റിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ നെല്ലിക്കമണ്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ തമിഴ്‌സ്ത്രീ കയ്യില്‍ ചുവപ്പ് നിറത്തിലുള്ള കേബിളുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തു. പോലീസിനോട് പരസ്പര വിരുദ്ധമായ രീതിയില്‍ മറുപടി നല്‍കിയ ഇവരെ കസ്റ്റഡിയിലെടുത്ത് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം രാത്രി സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു.
സ്ത്രീയുടെ കയ്യിലിരുന്ന എച്ച് ആര്‍ എസ് ആര്‍ ബോന്റോന്‍ കേബിള്‍ കണ്ട് അതിനെപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ മോഷണം സംബന്ധിച്ച് സമ്മതിക്കുകയായിരുന്നു. 15 ന് റാന്നിയില്‍ എത്തി മൊബൈല്‍ ടവറിന്റെ ചുവട്ടില്‍ നിന്നും വയറിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിയപ്പോള്‍ ടവര്‍ റൂമിന്റെ ഷട്ടര്‍ തുറന്നു കിടക്കുന്നതായി കണ്ടു. അതിനുള്ളില്‍ കയറി നോക്കിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കുറെ ബാറ്ററികള്‍ അടുക്കി വച്ചിരിക്കുന്നത് കണ്ടു. അവയില്‍ 15 എണ്ണം എടുത്ത് ഷട്ടറിന് വെളിയില്‍ വച്ചശേഷം നാലെണ്ണം കോഴഞ്ചേരിയില്‍ രണ്ടാംപ്രതി ലക്ഷ്മിയുടെ ആക്രിക്കടയില്‍ കൊണ്ടുപോയി കൊടുത്തു.
ലക്ഷ്മിയും കടയിലെ ജീവനക്കാരായ രണ്ടും മൂന്നും പ്രതികളും ചേര്‍ന്ന് ബാറ്ററി പൊട്ടിച്ചു. കിലോയ്ക്ക് 40 രൂപ വച്ച് സമ്മതിച്ചു. ബാക്കി 11 ബാറ്ററി കൂടിഉണ്ടെന്നും ടവറിന്റെ ഷട്ടറിനുള്ളില്‍ ആരും കാണാതെ എടുത്തുവച്ചിട്ടുണ്ടെന്നും അറിയിച്ചപ്പോള്‍ അവര്‍ കൂടി എടുത്തു കൊണ്ടുവന്നാല്‍ കിലോയ്ക്ക് 55 രൂപ വെച്ച് നല്‍കാമെന്ന് ലക്ഷ്മി വാക്കു കൊടുത്തു. തുടര്‍ന്ന് തിരികെ ഓട്ടോറിക്ഷയില്‍ അവിടെ എത്തി 11 ബാറ്റുകളുമായി കടയിലെത്തിച്ചു നല്‍കുകയായിരുന്നു. ബാറ്ററികള്‍ നാലുപേരും ചേര്‍ന്ന് പ്ലാസ്റ്റിക് ചാക്കിലാക്കി ഒളിപ്പിച്ചുവച്ച ശേഷം ആരും അറിയാതിരിക്കാന്‍ വാട്ടര്‍ ടാങ്കിന്റെ ആവശിഷ്ടങ്ങള്‍ ഇട്ടു മൂടുകയായിരുന്നെന്നും കാമാത്തയുടെ മൊഴിയില്‍ പറയുന്നു.
വാക്കുകൊടുത്തത് പ്രകാരം കിലോയ്ക്ക് 55 രൂപ വച്ച് കട ഉടമയായ ലക്ഷ്മി കാമത്തയ്ക്ക് നല്‍കിയതായും പറഞ്ഞു. ഓട്ടോക്കൂലി ആയി ഡ്രൈവര്‍ക്ക് 600 രൂപയും നല്‍കി. പോലീസ് സംഘം കടയിലെത്തി ബാറ്ററികള്‍ കണ്ടെടുത്തു. ലക്ഷ്മിയും കടയിലെ ജീവനക്കാരായ രണ്ടും മൂന്നും പ്രതികളും ഇവരെ തിരിച്ചറിഞ്ഞു. ലക്ഷ്മിയുടെയും ജോലിക്കാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കൂടുതല്‍ ബാറ്ററികള്‍ ഒന്നാംപ്രതി മോഷ്ടിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കട നടത്തുന്ന സ്ത്രീയും ജോലിക്കാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ രണ്ടു മുതല്‍ നാലു വരെ പ്രതികളാക്കുകയായിരുന്നു. പിന്നീട് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത്. സംഘത്തില്‍ എസ്.ഐമാരായ ശ്രീകുമാര്‍, കൃഷ്ണകുമാര്‍
എസ് സി പി ഓ അജാസ് ചാറുവേലില്‍, സി പി ഓമാരായ ഗോകുല്‍,മുബാറക് എന്നിവരാണ് ഉണ്ടായിരുന്നത്.