ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി; പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് കോടികളുടെ നിക്ഷേപം; സ്ഥാപനത്തിന്റെ നേതൃതലത്തില്‍ നടന്നത് സാമ്പത്തിക തിരിമറികള്‍; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ മുന്‍ സിഇഒയെ പുറത്താക്കി കള്ളക്കേസില്‍ കുടുക്കി; ആര്‍ബിഐക്ക് കൊടുത്ത് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മിടുക്കനെന്നും
ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി
തിരുവനന്തപുരം: പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സിംഗ് കമ്പനികള്‍ കേരളത്തില്‍ നടത്തുന്ന തട്ടിപ്പിന്റെ കഥകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും സമാനമായ തട്ടിപ്പുകളില്‍ മലയാളികള്‍ തലവെക്കുന്നു എന്നതാണ് നിരന്തരം സംഭവിക്കുന്ന കാര്യം. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീസ് സൊസൈറ്റികള്‍ അടക്കമുള്ളവരുടെ തട്ടിപ്പുകള്‍ക്കെതിരെ മറുനാടന്‍ മലയാളി പലതവണ തുറന്നു കാട്ടിയതുമാണ്. ഇപ്പോഴിതാ തൃശ്ശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ഹൈര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനം നോണ്‍ ബാങ്കിംഗ് ഫിനാന്‍സിംഗ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ ഉടലെടുക്കുകയാണ്.
1991 മുതല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് തങ്ങളെന്നാണ് ധനലക്ഷ്മി അവകാശപ്പെടുന്നത്. ഈ കമ്പനിയുടെ തുടക്കം തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു. ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള പേരും ലോഗോയും ഉപയോഗിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഈ ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടെ ധനലക്ഷ്മി ബാങ്ക് ഇവര്‍ക്കെതിരെ മുന്നറിയിപ്പായി പരസ്യവും നല്‍കിയിരുന്നു. പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്നാണ് ധനലക്ഷ്മി ബാങ്ക് പരസ്യത്തില്‍ പറഞ്ഞത്.
പൊതുജനങ്ങളില്‍ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും എംഡിയുമായ ഡോ. വിപിന്‍ദാസ് കടങ്ങോടാണ് പ്രവര്‍ത്തിക്കുന്നത്. ആരും കേള്‍ക്കാത്ത പുരസ്‌ക്കാരങ്ങള്‍ വരെ നേടിയിട്ടുണ്ട് എന്നാണ് വിപിന്‍ദാസ് അവകാശപ്പെടുന്നത്. തൃശ്ശൂരില്‍ കേന്ദ്രമാക്കിയ സ്ഥാപനത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉടലെടുത്തത് മുന്‍ സി ഇ ഒ സുഹാസ് സോമനെതിരെ കര്‍ണാടക പോലീസില്‍ പരാതി എത്തിയതോടെയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വ്യക്തമായത് സ്ഥാപനത്തിലെ ചില ക്രമക്കേടുകളെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ സുഹാസിനെതിരെ സ്ഥാപനം നീങ്ങുകയായിരുന്നു എന്നാണ്.
എച്ച്ഡിഎഫ്‌സിയിലും മുത്തൂറ്റിലും അടക്കം ജോലി ചെയ്ത പരിചയ സമ്പന്നനാണ് സുഹാസ്. ധനലക്ഷ്മി ക്രെഡിറ്റ് സൊസൈറ്റിയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ചില സാമ്പത്തിക തിരിമറികള്‍ ശ്രദ്ധയില്‍പെട്ടു. ഇത് പരിഹരിക്കാന്‍ നിര്‍ദേശമെടുത്തതോടെ കാര്യങ്ങള്‍ മാറി. ഇതോടെ സുഹാസ് രാജിവെച്ച് പോകുകയാണ് ഉണ്ടായത്. എന്നാല്‍, ഇതോട് സാമ്പത്തിക തിരിമറി ആരോപിച്ചാണ് ധനലക്ഷ്മി ഗ്രൂപ്പ് സുഹാസിനെതിരെ രംഗത്തുവന്നത്. 55 ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയ തിരിമറി സുഹാസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതികാര നടപടി തുടങ്ങിയത്.
ധനലക്ഷ്മി ഗ്രൂപ്പ് സ്ഥാപനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനമായുള്ള വി വി പുരം ബ്രാഞ്ച് നല്‍കിയ പരാതിയില്‍ സുഹാസിനെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. മുന്‍ ഡയറക്ടറായ സമേഷ് കുമാറിനെതിരെയും കേസെടുത്തിരുന്നു. കേരളത്തിലെ പല ബ്രാഞ്ചുകളില്‍ നിന്നും ബിസിനസ് ലോണ്‍ കൊടുത്ത വകയില്‍ കലക്ഷന്‍ ഇനത്തില്‍ തിരിച്ചെത്തിയ പണം ലോക്കറില്‍ നിന്നും സി ഇ ഒ എന്ന പദവി ദുരുപയോഗം ചെയ്ത് സുഹാസ് സോമന്‍ നല്‍കിയ നിര്‍ദേശപ്രകാരം ഫെഡറല്‍ ബാങ്കിന്റെ ആലുവ ബ്രാഞ്ചില്‍ തന്റെയും പിതാവിന്റെയും ഭാര്യയുടേയും അക്കൗണ്ടുകളിലേക്ക് വകമാറ്റി നിക്ഷേപിച്ചു എന്നായിരുന്നു പരാതി.
എന്നാല്‍, കേരളത്തില്‍ നടന്ന സാമ്പത്തിക തിരിമറിയില്‍ കര്‍ണാടക പോലീസിനെ എന്തിനാണ് സമീപിച്ചത് എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. അതേസമയം സുഹാസ് രാജിവെച്ചതിന് ശേഷം ആര്‍ബിഐക്ക് നല്‍കിയ കത്തില്‍ സ്ഥാപനത്തില്‍ യാതൊരു സാമ്പത്തിക ക്രമക്കേടില്ലെന്നും സുഹാസിന്റെ സേവനം സ്തുത്യര്‍ഹമാണെന്നുമാണ് ചെയര്‍മാന്‍ വിപിന്‍ദാസ് വ്യക്തമാക്കിയത്. ഇതില്‍ നിന്നും തന്നെ സുഹാസിനെതിരെ നീങ്ങുന്നത് മറ്റെന്തോ കാരണം കൊണ്ടാണെന്ന് വ്യക്തമാണ്. സ്ഥാപനത്തില്‍ കോടികളുടെ തിരുമറി കണ്ടെത്തിയതിന്റെ പ്രതികാരമാണെന്നാണ് സൂഹാസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിലായാണ് ധനലക്ഷ്മി ഗ്രൂപ്പിന്‍രെ പ്രവര്‍ത്തനം. വായ്പ്പാ നല്‍കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുകയാണ് ഇവരുടെ ശൈലി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അവാകാശവാദം. 2030ല്‍ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് അടക്കം പ്രഖ്യാപിച്ചാണ് ഈ സാമ്പത്തിക ഗ്രൂപ്പിന്റെ മുന്നോട്ടു പോക്ക്. പൊതുജനം കരുതലെടുത്തില്ലെങ്കില്‍ സമ്പാദ്യം നഷ്ടമാകുന്നത് അറിയില്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നതും.