രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങി; നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞു; പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി; ഒടുവില്‍ പാപ പരിഹാരം തേടി ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയില്‍; പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍; പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഒരു എഡിജിപിയുടെ ജീവിതം

Update: 2025-07-17 06:07 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനില്‍ നിന്ന് മുഖ്യമന്ത്രിക്ക് തന്നെ തലവേദനയായ ഉദ്യോഗസ്ഥനായി വീണിരിക്കുകയാണ് എഡിജിപി എംആര്‍ അജിത്കുമാര്‍. സ്വര്‍ണക്കടത്തിലടക്കം ആരോപണമുയര്‍ന്നു. ആര്‍ എസ് എസ് ബന്ധവും ചര്‍ച്ചയായി. ഇതിനൊപ്പം പിവി അന്‍വര്‍ ഉയര്‍ത്തിയ അനധികൃത സ്വത്തു സമ്പാദനവും. അങ്ങനെ അജിത് കുമാറിനെ തേടിയെത്തിയത് എണ്ണമില്ലാത്ത ആരോപണങ്ങള്‍. എല്ലാത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച പിന്തുണ നല്‍കി. പോലീസ് മേധാവിയായി അജിത് കുമാറിനെ എത്തിക്കാനും പാടുപെട്ടു. എന്നിട്ടും ഒന്നും നടന്നില്ല. അതിനിടെയാണ് ശബരിമല ട്രാക്ടര്‍ യാത്രാ വിവാദം. തൃശൂര്‍ പൂരം കലക്കലിലെ മുന്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ അന്വേഷണ റിപ്പോര്‍ട്ടും അജിത് കുമാറിന് എതിരാണ്. പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ എത്തിയതോടെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി അജിത് കുമാര്‍ മാറുമെന്ന് കരുതിയവരുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം. ഇതോടെ സര്‍ക്കാരും പ്രതിസന്ധിയിലാകുന്നു. രാജാവിനെകാള്‍ വലിയ രാജഭക്തി കാട്ടിയ പിണറായിയുടെ ഈ വിശ്വസ്തന് ഇപ്പോഴുയരുന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ പോലും കഴിയുന്നില്ല. വെറുമൊരു ട്രാക്ടര്‍ യാത്രയില്‍ വീഴുകയാണ് നിരപാധികളെ വേട്ടയാടാന്‍ അധികാര കസേരയില്‍ ഇരുന്നപ്പോള്‍ മുന്നില്‍ നിന്ന അജിത് കുമാര്‍.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു, ആ കാഴ്ച ടി.വിയില്‍ കണ്ട പലരും ശ്രദ്ധിച്ചത് മറ്റൊരാളേക്കൂടിയാണ്. പ്രധാനമന്ത്രിക്ക് ദുരന്തവ്യാപ്തിയും സാഹചര്യങ്ങളും വിശദീകരിക്കുന്ന പൊലീസ് ഓഫീസര്‍ എം.ആര്‍.അജിത്കുമാറിനെ. ചീഫ് സെക്രട്ടറിയോ ജില്ല കലക്ടറോ കാര്യങ്ങള്‍ വിശദീകരിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ കൂടെയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതിന് കാരണം എ.ഡി.ജി.പിയുടെ വിദ്യാഭ്യാസയോഗ്യതയേക്കുറിച്ച് അദേഹത്തിനുള്ള അറിവാണ്. എം.എസ്.സി ജിയോളജിയില്‍ റാങ്കോട് കൂടി പാസായതാണ് അജിത്കുമാര്‍. പൊലീസ് വിഷയങ്ങള്‍ക്ക് അപ്പുറം ഭൂമിയേക്കുറിച്ചുള്ള അറിവുകൂടി ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ചതോടെ അജിത്കുമാറിനെ അഭിനന്ദിച്ച ശേഷമാണ് പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് മടങ്ങിയത്-ഇത് മനോരമയില്‍ മുമ്പ് വന്ന വാര്‍ത്തയിലെ വരികളാണ്. എന്നാല്‍ പിണറായി വിജയനുള്ള പ്രത്യേക താല്‍പ്പര്യമായിരുന്നു ഇതിന് കാരണമെന്ന് പോലീസ് സേനയിലെ എല്ലാവര്‍ക്കും അറിയാം. എസ്.എഫ്.ഐയുടെ ഉരുക്കുകോട്ടയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് അജിത്കുമാറിന്റെ തുടക്കം. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ട് മക്കളില്‍ മുത്തയാള്‍. ജിയോളജിയില്‍ റാങ്കോടെ പാസായ ശേഷം സിവില്‍ സര്‍വീസിലേക്ക്.


Full View

തിരുവനന്തപുരത്ത് കമ്മീഷ്ണറായതോടെയാണ് അദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൊച്ചിയിലും തൃശൂരിലുമെല്ലാം കമ്മീഷ്ണര്‍. തൃശൂര്‍ റേഞ്ച് ഐ.ജി. ഒരു തവണ പോലും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാതെ, കേരളത്തില്‍ തന്നെ ഉറച്ച് നിന്ന അജിത്കുമാര്‍ പല ആരോപണങ്ങളിലും കുടുങ്ങി. സോളര്‍ കേസിലെ പേരുദോഷം മാറിയത് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയതോടെയായിരുന്നു. എന്നാല്‍ സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസിന്റെ വിവാദകാലത്ത് അജിത്കുമാര്‍ ശരിക്കും പെട്ടു. വിജിലന്‍സ് ഡയറ്കടറായിരുന്ന അദേഹം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ അനധികൃത കസ്റ്റഡിയിലെടുക്കാനും ഫോണ്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു അജിത്കുമാറിന്റെ ഈ ഇടപെടല്‍. അത് വലിയ വിവാദമായതോടെ വിജിലന്‍സ് മേധാവി സ്ഥാനം തെറിച്ചു. പിന്നീട് നിയമിച്ചത് സിവില്‍ റൈറ്റ്‌സ് എ.ഡി.ജി.പി എന്ന അപ്രധാന പദവിയില്‍.പിന്നീട് നാല് മാസം കൊണ്ട് അജിത്കുമാര്‍ പൊലീസിലെ ഏറ്റവും പ്രധാന പദവിയായ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി പദവിയില്‍ തിരിച്ചെത്തി. ഇതിന് കാരണമായത് സ്വപ്‌നയുടെ സുഹൃത്തില്‍ നിന്നും ആ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആ തന്ത്ര ഫലമായിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിയുടെ അതിവിശ്വത്‌നായി. മുഖ്യമന്ത്രിയുടെ കുടുംബത്തിനും പ്രിയപ്പെട്ടവന്‍. അജിത് കുമാര്‍ പറഞ്ഞത് മാത്രമായിരുന്നു പോലീസില്‍ നടന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബ് എന്ന പോലീസ് മേധാവിക്ക് മുകളില്‍ വളര്‍ന്ന എഡിജിപി. സൂപ്പര്‍ ഡിജിപിയെന്ന വിളിപ്പേരും അജിത് കുമാറിനെ തേടിയെത്തി.

എലത്തൂര്‍ തീവണ്ടി ആക്രമണക്കേസില്‍ മറ്റൊരു മുതിര്‍ന്ന ഐപിഎസുകാരനായ പി വിജയനെ മനപ്പൂര്‍വ്വം ലക്ഷ്യമിട്ട് ചില കളികള്‍ നടന്നു. അന്ന് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയാണ് പ്രതിയെ അതിവേഗം പൊക്കിയത്. ആ പ്രതിയുടെ ദൃശ്യങ്ങള്‍ ചാനലുകള്‍ പകര്‍ത്തിയെന്ന വിചിത്ര ന്യായം നിരത്തി വിജയനെ സസ്‌പെന്റ ്‌ചെയ്തു. 'ഞാന്‍ പറയുന്നതാണ് പൊലീസില്‍ നടക്കുന്നത്, എന്തെങ്കിലും ഉണ്ടങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞോളാം'-രണ്ട് വര്‍ഷം ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി കസേരയിലിരിക്കുന്ന അജിത്കുമാര്‍ സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ പലരോടും പറഞ്ഞിരുന്ന വാചകമാണിത്. ആ വാചകത്തിലുള്ളതുപോലെ മുഖ്യമന്ത്രിയുമായുള്ള അടുപ്പമായിരുന്നു അജിത്കുമാറിനെ പൊലീസിലെ സൂപ്പര്‍ ഡി.ജി.പിയാക്കി മാറ്റിയത്. പി വിജയനോട് കാട്ടിയ നീതി നിഷേധവും ഈ സൂപ്പര്‍ ഡിജിപി പദത്തിലെ കരുത്തിന് തെളിവായിരുന്നു. പോലീസ് സേനയൊന്നടങ്കം വിജയന് വേണ്ടി വാദിച്ചിട്ടും നടന്നില്ല. വിജയനെതിരെ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയിലും ചില ഇടപെടലുകള്‍ അജിത് കുമാര്‍ നടത്തി. ആ പദ്ധതി തന്നെ വേണ്ടെന്ന് വയ്ക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ശബരിമലയില്‍ പോലീസ് നടത്തുന്ന പുണ്യ പ്രവര്‍ത്തിയായിരുന്നു ശുചീകരണം ലക്ഷ്യമിടുന്ന പുണ്യം പൂങ്കാവനം. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി വിജയനെ ശബരിമലയില്‍ നിന്നും അകറ്റി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അജിത് കുമാറിന് വലിയ റോളുണ്ടായിരുന്നില്ല. പക്ഷെ പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്നതോടെ അജിത്കുമാറിന്റെ തലവര മാറി. ക്രമസമാധാന ചുമതലയെന്ന അധികാര പദവിയിലെത്തിയതോടെ അജിത്കുമാര്‍ ഡി.ജി.പിയെപോലും കൂസാതെയായി. ഡി.ജി.പിയെ മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും നേരിട്ടായി ആശയവിനിമയം. മുഖ്യമന്ത്രിയും ഭൂരിഭാഗം കാര്യങ്ങളും അജിത്കുമാറിനെ ഏല്‍പ്പിച്ചു. നവകേരള യാത്രക്ക് ചുക്കാന്‍ പിടിച്ചതും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയൊതുക്കിയതുമെല്ലാം അജിത്കുമാര്‍ നേരിട്ടായിരുന്നു. ഇതെല്ലാം പിണറായിയ്ക്ക് അജിത് കുമാറിലുള്ള വിശ്വാസം കൂട്ടി. ഇതിന് പിന്നാലെയായിരുന്നു മറുനാടന്‍ വേട്ട. പിവി അന്‍വര്‍ പറഞ്ഞതെല്ലാം അക്ഷരം പ്രതി അജിത് കുമാര്‍ ചെയ്തു. കള്ള കേസുകള്‍ എടുത്തു. അറസ്റ്റു ചെയ്യാന്‍ പല വഴിയും തേടി. അതെല്ലാം പൊളിഞ്ഞു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പിവി അന്‍വറും അജിത് കുമാറും തെറ്റി. ഇതോടെ പലതും അജിത് കുമാറിനെതിരെ അന്‍വര്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ അതൊന്നും എവിടേയും തെളിയിക്കാനുള്ള വസ്തുതകള്‍ നിരത്താന്‍ അന്‍വറിന് ആയില്ല. അങ്ങനെ അജിത് കുമാര്‍ അന്വേഷണങ്ങളില്‍ രക്ഷപ്പെട്ടു.

ഇതിനിടെയാണ് തൃശൂര്‍ പൂര വിവാദവും ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ള സന്ദര്‍ശന വിവാദവും എത്തുന്നത്. തൃശൂരില്‍ തോറ്റതോടെ സിപിഐ പ്രശ്‌നത്തിലായി. ആര്‍ എസ് എസ് നേതാവിനെ കണ്ടുവെന്ന ആരോപണത്തില്‍ ക്രമസമാധാന കസേരയും പോയി. ഇതോടെ ബറ്റാലിയന്റെ മൂലയ്ക്കായി സ്ഥാനം. അപ്പോഴും അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തില്ല. പിന്നീട് പോലീസ് മേധാവിയായി എത്തിക്കാനും വേണ്ടതെല്ലാം ചെയ്തു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങിയ അജിത് കുമാറിനെ പോലീസ് മേധാവിയാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ പല സമ്മര്‍ദ്ദവും പിണറായി സര്‍ക്കാര്‍ ചെലുത്തി. ഇതിനിടെ ഡിജിപിയായ മനോജ് എബ്രഹാമിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പിന്നിലും സംശയം ഉയര്‍ന്നു. ആ കേസ് ഹൈക്കോടതി തള്ളി. പക്ഷേ പോലീസ് മേധാവിയായി കേന്ദ്രം അജിത് കുമാറിനെ പരിഗണിച്ചു പോലുമില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഇനി പോലീസ് മേധാവിയായാകനും അജിത് കുമാറിന് സാധ്യത തീരെ കുറവാണ്.

നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞതും പിണറായിയെ എല്ലാ വിധത്തിലും സഹായിച്ചതുമെല്ലാം ഈ കസേര സ്വപ്‌നമിട്ടായിരുന്നു. പക്ഷേ പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി ഒടുവില്‍ പാപ പരിഹാരം തേടി അയ്യപ്പ ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയിലായി. പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍ പോലീസില്‍ ഏകാകിയായി മാറുകയാണ്. പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഈ എഡിജിപി മാറുന്നു. ഡിജിപി പദം പോലും ഈ വര്‍ഷം കിട്ടാന്‍ സാഹചര്യമില്ലാത്ത വിധം കാര്യങ്ങളെത്തി. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നും മടങ്ങിയെത്തി റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായതോടെ അജിത് കുമാര്‍ മുന്നില്‍ കണ്ട ഡിജിപി റാങ്കിലേക്കുള്ള പ്രെമോഷനും നടക്കാതെ പോയി. രണ്ടു കൊല്ലം മുമ്പ് ശബരിമലയുടെ സുരക്ഷാ ചുമതല അജിത് കുമാറിനായിരുന്നു. അന്ന് ഏറെ വിവാദങ്ങളുണ്ടായി. കഴിഞ്ഞ സീസണില്‍ അജിത് കുമാറിന് ശബരിമലയിലെ ചുമതലയുണ്ടായിരുന്നില്ല. പകരം എഡിജിപി എസ് ശ്രീജിത് ചുമതലയില്‍ എത്തി. കാര്യങ്ങള്‍ നന്നായി നടന്നു. ഇതിനിടെയാണ് നവഗ്രഹ പ്രതിഷ്ഠയ്ക്ക് ശബരിമയില്‍ സാഹചര്യമുണ്ടായത്.

സര്‍വ്വദോഷ പരിഹാരത്തിന് വേണ്ടിയാണ് കഴിഞ്ഞ 12ന് അജിത് കുമാര്‍ ശബരിമലയില്‍ എത്തിയത്. നവഗ്രഹങ്ങളെ തൊഴുത് ശാന്തി തേടുക. ഈ ആത്മീയ യാത്രയ്ക്കും സന്നിധാനത്തേക്കുള്ള മലകയറ്റം ഒഴിവാക്കി ട്രാക്ടറില്‍ പോകാനായിരുന്നു അജിത് കുമാര്‍ തയ്യാറായത്. മല ചവിട്ടാതെ സന്നിധാനത്ത് എത്തിയ മടങ്ങിയ എഡിജിപിയെ തേടിയിരുന്നത് ഹൈക്കോടതിയുടെ അപ്രീതിയ്ക്ക് വരെ കാരണമാകുന്ന വിവാദ പര്‍വ്വമാണ്. ഈ വിവാദത്തില്‍ നിന്നും അജിത് കുമാറിനെ രക്ഷിക്കാന്‍ പിണറായിയ്ക്ക് കഴിയുമോ എന്നത് സംശയമാണ്. ഇത്രയും വിവാദത്തില്‍ പെട്ട ഐപിഎസുകാരന് ഉടനൊന്നും പോലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്ന് നല്‍കാന്‍ പിണറായി താല്‍പ്പര്യം കാട്ടില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വര്‍ഷമായതു കൊണ്ട് തന്നെ ജനകീയ തീരുമാനങ്ങള്‍ എടുക്കാനാണ് പിണറായിയ്ക്ക് ഇപ്പോള്‍ താല്‍പ്പര്യം.

Tags:    

Similar News