ആര്‍ എസ് എസ് നേതാവ് ജയകുമാര്‍ കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന്‍ പോയത് വ്യക്തിപരം; അവിടെ റിട്ടയര്‍ ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്‍ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; ആര്‍ എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു
എഡിജിപിയെ പ്രത്യക്ഷത്തില്‍ കുറ്റവിമുക്തനാക്കുന്നതാണ് ഇതിന്മേലുള്ള അന്വേഷണം റിപ്പോര്‍ട്ട്.
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന്റെ ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്. ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മറുനാടന്‍ പുറത്തു വിടുകയാണ്. എഡിജിപിയെ പ്രത്യക്ഷത്തില്‍ കുറ്റവിമുക്തനാക്കുന്നതാണ് ഇതിന്മേലുള്ള അന്വേഷണം റിപ്പോര്‍ട്ട്. ആറു പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിജിപി തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഒപ്പുവെച്ചിട്ടുണ്ട്.
ആര്‍ എസ് എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ദത്താത്രേയ ഹൊസബള്ളയെ അജിത് കുമാര്‍ കണ്ടത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുക അസാധ്യമായിരുന്നു. ഇതു സംബന്ധിച്ച ഒരു നിഗമനത്തിലും എത്താന്‍ പോലീസ് മേധാവിയുടെ അന്വേഷണത്തിന് കഴിഞ്ഞില്ല. ദത്താത്രേയ ഹൊസബള്ളയേയും രാം മാധവിനേയും കണ്ടെന്ന് എഡിജിപിയും സമ്മതിച്ചു. റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആഷിഷ് നായര്‍ക്കൊപ്പമാണ് രാം മാധവിനെ കണ്ടത്. ഇതിലും വ്യക്തമായ വിശദീകരിണം എഡിജിപി നല്‍കി. ഇതിനപ്പുറത്തേക്ക് ഒന്നും പോലീസ് മേധാവിക്ക് കണ്ടെത്താനായില്ലെന്നതാണ് വസ്തുത. തൃശൂരില്‍ ഹൊസബള്ളയെ കാണാന്‍ പോയപ്പോള്‍ അവിടെ മുന്‍ എസ് പി ഉണ്ണിരാജ ഉണ്ടായിരുന്നുവെന്നും അജിത് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ മുന്‍ പോലീസ് സൂപ്രണ്ടായിരുന്നു റിട്ടയര്‍ ചെയ്ത ഉണ്ണിരാജ.
ഏപ്രില്‍ 2003ലായിരുന്നു ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച. അന്ന് തൃശൂരില്‍ പോയ അജിത് കുമാര്‍ ആര്‍ എസ് എസ് സമ്പര്‍ക് പ്രമുഖായ ജയകുമാറിനെ അവിടെ വച്ചു കണ്ടു. കുടുംബ സുഹൃത്തായിരുന്നു ജയകുമാര്‍. തൃശൂരിലെ ഹയാത്ത് ഹോട്ടലില്‍ കണ്ടു മുട്ടി ചായ കുടിച്ചു. ഇതിനിടെ ആര്‍ എസ് എസ് ക്യാമ്പില്‍ ഹൊസബള്ളയുള്ളകാര്യം ജയകുമാര്‍ ശ്രദ്ധയില്‍ പെടുത്തി. നേരിട്ട് കാണാനുള്ള താല്‍പ്പര്യം അറിയിച്ചു. ജയകുമാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ക്യാമ്പിലേക്ക് പോയി. വ്യക്തിപരമായ കൂടിക്കാഴ്ചയായതു കൊണ്ട് മാത്രം ഔദ്യോഗിക കാര്‍ ഒഴിവാക്കി. കുറച്ചു മിനിറ്റുകള്‍ മാത്രമാണ് കൂടിക്കാഴ്ച നീണ്ടതെന്നും റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറായ ഉണ്ണിരാജ അവിടെ ഉണ്ടായിരുന്നുവെന്നും അജിത് കുമാര്‍ മൊഴി നല്‍കി. ജയകുമാര്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് തൃശൂരിലെ ഹയാത്ത് ഹോട്ടലില്‍ മടങ്ങി എത്തിയതും. ആ സന്ദര്‍ശനം വ്യക്തിപരവും സ്വകാര്യവുമായിരുന്നുവെന്ന് അജിത് കുമാര്‍ വിശദീകരിച്ചു.
2023ല്‍ കോവളം റാവീസില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ ആ പരിപാടിക്ക് എത്തി. അവിടെ വച്ച് രാം മാധവിനെ കണ്ടു. ഹോട്ടല്‍ ലീലാ റാവീസിന്റെ ചുമതലയുണ്ടായിരുന്ന റാവീസ് ഹോട്ടല്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആശിഷ് നായര്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു റാം മാധവിനെ കണ്ടത്. ആശിഷ് നായര്‍ ചില ആയുര്‍വേദ മരുന്നുകളും മറ്റും റാം മാധവിന് നല്‍കാനായി പോകുകയായിരുന്നു. ആശിഷ് നായരുടെ നിര്‍ദ്ദേശം മാനിച്ചാണ് രാം മാധവിന്റെ മുറിയിലേക്ക് പോയത്. അതും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് പോലീസ് മേധാവിക്ക് മുന്നില്‍ അജിത് കുമാര്‍ മൊഴി നല്‍കി. ഇതിനപ്പുറത്തേക്കൊന്നും പോലീസ് മേധാവിയ്ക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. നേതാക്കളുമായി അജിത് കുമാര്‍ സംസാരിച്ചത് എന്തെന്ന് കണ്ടെത്തുക അസാധ്യമെന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
പോലീസ് മേധാവിയാകാനുള്ള യുപിഎസ് സിയുടെ ലിസ്റ്റിലും രാഷ്ട്രപതിയുടെ പോലീസ് മേഡല്‍ സ്വന്തമാക്കുന്നതിനും വേണ്ടിയാകാം അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടെതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനുള്ള ഒന്നും കിട്ടിയില്ല. അതിനാണ് കൂടിക്കാഴ്ച എങ്കില്‍ അത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ക്രമസമാധനം നിര്‍വ്വഹിക്കുന്നതിന് സാമൂഹിക-രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം അനിവാര്യമാണെന്നും അത്തരം സൗഹൃദങ്ങള്‍ താന്‍ പലപ്പോഴും നിയമ പാലനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും അജിത് കുമാര്‍ നല്‍കിയ മൊഴിയെ കുറിച്ചും എഡിജിപി പറയുന്നുണ്ട്. ഫലത്തില്‍ തെളിവില്ലാ ആരോപണമായി ആര്‍ എസ് എസുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച മാറുകയാണ്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും ടി.പി. രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്, തോംസണ്‍ ജോസ് ഐ.പി.എസ്, എ. ഷാനവാസ് ഐ.പി.എസ്, എസ്.പി എസ്. മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി ഒക്ടോബര്‍ അഞ്ചിന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ റിപ്പോര്‍ട്ട് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തെ തുടര്‍ന്നുള്ളതായിരുന്നു. എന്നാല്‍ അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.