പി വി അന്‍വറിന്റേത് വിമോചന പോരാട്ടമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? നീക്കം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗം; പിന്നിലെ ശക്തികള്‍ ഇവരൊക്കെ: അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു

പി വി അന്‍വറിന്റെ നീക്കം മുഖ്യമന്ത്രിയെ മാറ്റാന്‍

Update: 2024-09-27 14:55 GMT

കൊച്ചി: ഇതുവരെ ഇടതുപക്ഷത്തെ ആരും ധൈര്യപ്പെടാത്ത വിധം, പി വി അന്‍വര്‍ എം എല്‍ എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുകയാണ്. എഡിജിപി അജിത്ത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റലും, പി ശശിയെ താഴെയിറക്കലും മാത്രമാണോ അന്‍വറിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അന്‍വറിന്റെ നീക്കമെന്ന് വിലയിരുത്തുന്നു രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കര്‍. അന്‍വറിന് പിന്നില്‍ നില്‍ക്കുന്ന ശക്തികള്‍ ആരൊക്കെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. വീഡിയോ കാണാം:


Full View

പ്രസക്ത ഭാഗങ്ങള്‍:

ഇവിടെ നടക്കുന്നത് സ്വാതന്ത്ര്യ സമരവുമല്ല വിമോചന പോരാട്ടവുമല്ല, പിവി അന്‍വര്‍ എന്ന പറയുന്നത് ഭഗത് സിങ്ങുമല്ല. പല ആളുകളും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട് എങ്കില്‍ പോലും ഇവിടെ നടക്കുന്നത് സഖാവ് പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഗൂഢാലോചനയുടെ ആസൂത്രണത്തിന്റെ ചില പ്രായോഗിക നടപടികള്‍ മാത്രമാണ്. ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റാന്‍ പറ്റില്ല. കാരണം അദ്ദേഹം വളരെ കാലമായി അവിടെ ഇരിക്കുന്നു. മുഖ്യ മന്ത്രിയായിട്ട് ഇരിക്കുന്നു എന്നതല്ല പാര്‍ട്ടി സെക്രട്ടറിയായിട്ടിരിക്കുന്നു. അത് കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നു.

പാര്‍ട്ടിക്കകത്തോ പുറത്തോ അദ്ദേഹത്തെ ചോദ്യം ചെയ്യാനിട്ട് ആരുമില്ല. പ്രതിപക്ഷം പോലും അദ്ദേഹത്തെ കാണുമ്പോള്‍ ചൂളിപ്പോകുന്നത് പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. പിന്നെ പരോക്ഷമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുണ്ട്. അതും സത്യമാണ്, അതുകൊണ്ടും കൂടിയാണ് അദ്ദേഹം ആ സ്ഥാനത്ത് ഉറച്ചിരിക്കുന്നത്. അപ്പൊ ഇങ്ങനെ ഒരു സാഹചര്യത്തില്‍ വളരെ ശക്തനായ, വലിയ സന്നാഹങ്ങളുള്ള ഒരു മുഖ്യമന്ത്രിയെ, അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുണ്ട്.

മറ്റ് മന്ത്രിമാര്‍ക്കാര്‍ക്കും അദ്ദേഹത്തിന്റെ മുന്നിലൊരു ശബ്ദവുമില്ല. പാര്‍ട്ടിക്കകത്താകട്ടെ മന്ത്രിസഭയിലാകട്ടെ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാനില്ല. ഇങ്ങനൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി വലിയ ആസൂത്രണമുണ്ട,് വലിയ ഗൂഡാലോചനയുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും ഇടതു മുന്നണിക്ക് ഉണ്ടായ പരാജയങ്ങളുടെ പൂര്‍ണമായ പാപഭാരം മുഖ്യമന്ത്രിയുടെ പേരില്‍ കെട്ടിവെച്ച് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നാണ് പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും പുറത്തുമുള്ള ആളുകള്‍ തല്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്. അതിന് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കന്മാരുണ്ട്, ഘടകകക്ഷികളുടെ ഭാഗത്തു നിന്നും പരോക്ഷമായ പിന്തുണയുമുണ്ട്.

അതുപോലെ തന്നെ പൊലീസിലെ ഒരു വിഭാഗം ആളുകള്‍ കൃത്യമായി വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നുണ്ട്. അതും ആദ്യം പറഞ്ഞ വിഭാഗത്തിന്റെ പിന്തുണയിലാണ്. അത് പോലെ തന്നെ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില വ്യവസായികള്‍, എല്ലാ വ്യവസായികളും അല്ല. ഇതുവരെ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും കൈപ്പറ്റിയ ആളുകള്‍. ഇനിയും തുടര്‍ന്ന് കൈപ്പറ്റാനുള്ളവര്‍. ഇദ്ദേഹം മാറി ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്കകത്തുള്ള എതിരാളികള്‍ വരുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടും എന്ന പ്രതീക്ഷയില്‍ ആയിരിക്കും. അവരും ഇതിനെ പിന്തുണക്കുന്നുണ്ട്. പിന്നെ ചില സമുദായ സംഘടനകള്‍ ചില സൈബര്‍ ഗുണ്ടകള്‍ ഇവരൊക്കെ ഈ നീക്കത്തിന് പിന്തുണ കൊടുക്കുന്നുണ്ട്. ഇതില്‍ എത്രപേര്‍ക്ക് ഇതിലെ ഉള്ളുകള്ളി അറിയാം എന്നതിനെ കുറിച്ച് എനിക്ക് സംശയമുണ്ട്. പലര്‍ക്കും അറിയില്ല എന്നതും സത്യവുമാണ്.

ഏതായാലും പിവി അന്‍വര്‍ എഡിജിപി ക്കു നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ തന്നെ ഈ കാര്യം തിരിച്ചറിയുകയും പൊതുസമൂഹത്തോടു പറയുകയും ചെയ്ത ആളാണ് ഞാന്‍. ഞാന്‍ ആ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ചിലരൊക്കെ ചോദിക്കുന്നുണ്ട് അഡ്വക്കറ്റ് ജയ്ശങ്കര്‍ പിണറായി വിജയന്റെ ആരാധകനായി മാറിയോ എന്ന്. സത്യമായിട്ടും മാറിയിട്ടില്ല മാറാനുള്ള ഉദ്ദേശവുമില്ല. ഞാന്‍ ഒരുകാലത്തു അദ്ദേഹത്തിന്റെ ആരാധകനോ ഭക്തനോ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും ആനുകൂല്യങ്ങളൊ കൈപ്പറ്റിയിട്ടുള്ള ആളോ അല്ല.

ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് സാമാന്യമായിട്ടോ അതില്‍ കൂടുതല്‍ ആയിട്ടും കാര്യങ്ങള്‍ അറിയുന്ന ആള്‍ എന്ന നിലക്ക് എനിക്ക് ഈ നീക്കം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. അന്‍വറിനെ പോലെ മുഖ്യമന്ത്രിയോട് വളരെ അടുപ്പമുള്ളൊരാള്‍ ഇങ്ങനെ ഒരു ആരോപണവുമായിട്ട് വരുന്നു, മലപ്പുറം എസ്പി ക്കെതിരായിട്ട് ആരോപണം ഉന്നയിക്കുന്ന പോലെയല്ല അല്ലാതെ മുന്‍ എസ്പി ക്കെതിരായിട്ട് ആരോപണം ഉന്നയിക്കുന്ന പോലെയല്ല, എഡിജിപി ക്ക് മുകളിലുള്ള ആളുകള്‍ക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ വളരെ വ്യക്തമായിരുന്നു വിരല്‍ ചൂണ്ടുന്നത് അത് മുഖ്യമത്രിക്കെതിരെയാണെന്ന്.

മുഖ്യമന്ത്രിയെ മാറ്റാനുള്ള ഒരു തീരുമാനം ഇവിടെ ഉണ്ട്. അതുമാത്രമല്ല പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുന്ന ദിവസമാണ് ഇയാള്‍ ആദ്യത്തെ വെടി പൊട്ടിച്ചത്. തുടര്‍ന്ന് അങ്ങോട്ട് വേദി പൊട്ടിക്കൊണ്ടേ ഇരിക്കെ ആണ്. അന്‍വറിന്റെ ഉദ്ദേശം ഒരു കാരണവശാലും പോലീസ് സംവിധാനത്തെ ശുദ്ധീകരിക്കലോ, ക്രമസമാധാനം പരിപാലനം ശക്തിപ്പെടുത്തുകയോ അല്ലെങ്കില്‍ മലബാറിന്റെ പല ഭാഗത്തും നടക്കുന്ന ഈ സ്വര്‍ണം പൊട്ടിക്കല്‍ എന്ന് പറഞ്ഞ പരിപാടിയെ ഇല്ലായ്മ ചെയ്യലോ അല്ല. അദ്ദേഹത്തിനു ഇതിനൊക്കെ വിപരീതമായ പല ലക്ഷ്യങ്ങളും ഉണ്ട്.

അദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന പറഞ്ഞ മഹാത്മാ ഗാന്ധിയാണ്. ഒരു ഗാന്ധിയനായ അന്‍വറിന്റെ ജീവിതവും അതുപോലൊന്നുമല്ല. അന്‍വറിന്റെ ജീവിതമാണ് അന്‍വറിന്റെ സന്ദേശം. ആ സന്ദേശം എന്താണെന്ന് ഞാന്‍ ഇവിടെ വിവരിക്കുന്നില്ല. അപ്പൊ ഇത്‌പോലെ പശ്ചാത്തലമുള്ള ഇതുപോലെ ഭൂതകാലമുള്ള ഒരാള്‍ പെട്ടെന്ന് ഒരു ദിവസം ആദര്‍ശ ധീരനായിട്ട് എകെ ആന്റണിയെ പോലെയോ അല്ലെങ്കില്‍ വിഎം സുധീരനെ പോലെയോ ഒരുപക്ഷെ വിഎസ് അച്യുതാനന്ദനെ പോലെയോ ഒരു വലിയ കുരിശ് യുദ്ധ പോരാളിയായിട്ട് മുന്നേക്ക് വരികയാണ്.

അപ്പൊ തന്നെ നമ്മുക്ക് അറിയാല്ലോ ഇതിന്റെ ഉദ്ദേശം ഒരു കാരണവശാലും നല്ലതല്ല. അതിന്റെ ലക്ഷ്യം മറ്റു പലതുമാണ്. മാത്രമല്ല ഇത്രനാളും മുഖ്യന്റെ വലത് കൈയ്യായി നിന്ന ആള്‍ പെട്ടന്ന് മുഖ്യനെതിരായിട്ട് തിരിയുന്നു. ഇവര്‍ തമ്മില്‍ പ്രകടമായൊരു അഭിപ്രായ വ്യത്യാസം മറ്റൊരു കാര്യത്തിലും ഇല്ലതാനും. ഇനി പിവി അന്‍വര്‍ വളരെ ഇമ്പള്‍സീവായിട്ട സംസാരിക്കുന്ന ആളാണ്. എല്‍ഡിഎഫ് ലെ ഒരു പിസി ജോര്‍ജ് ആണെന്നൊക്കെ വേണമെങ്കില്‍ പറയാം. അപ്പോഴും കെടി ജലീലിനെ പോലെ കാരാട്ട് റസാക്കിനെ പോലെ ഏറ്റവും ഒടുവില്‍ നിയാസ് പുളിക്കലിനെ പോലെയുള്ള ആളുകള്‍ എന്തുകൊണ്ട് പെട്ടന്ന് ഇദ്ദേഹത്തിന്റെ ആരാധകനായി മാറി.

ഇദ്ദേഹം പറയുന്ന അഭിപ്രായങ്ങള്‍ അവര്‍ ഉറക്കെ പറയാന്‍ തുടങ്ങിയത് എന്തുകൊണ്ടാണ്. അല്ലെങ്കില്‍ സൈബര്‍ സ്‌പേസില്‍ പെട്ട ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആളുകള്‍, പരിപൂര്‍ണമായി ഇദ്ദേഹത്തിന് പിന്തുണ കൊടുക്കുകയും നാളിതുവരെ മുഖ്യനെ പ്രശംസിച്ചിരുന്ന ആളുകള്‍ പെട്ടന്ന് നിശ്ശബ്ദരാവുകയും ചെയ്തത് എന്തുകൊണ്ടാണ്. മുഖ്യനെ മാറ്റാനുള്ള പരിശ്രമത്തിന്റെ ചില ഭാഗങ്ങളാണ് നമ്മള്‍ ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നത്.

ഗോവിന്ദന്‍ മാഷ് പത്രസമ്മേളനം നടത്തി അന്‍വറിന്റെ പ്രവര്‍ത്തികള്‍ ശരിയായ ദിശയില്ലല്ല എന്ന് പറഞ്ഞതിന് ശേഷവും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി യോഗം ചേര്‍ന്ന് അന്‍വറിനോട് പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞ ശേഷവും അദ്ദേഹത്തിന്റെ സ്വരത്തില്‍ യാതൊരു ഭയവും വന്നിട്ടില്ല. അദ്ദേഹം പഴയ ആരോപണങ്ങള്‍ പുതിയ ആരോപണങ്ങള്‍ എല്ലാം കൂടുതല്‍ രൂക്ഷമായി ശക്തമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്ന് മാത്രമല്ല അന്വേഷണത്തിന്റെ ഫലം വരുന്നത് വരെ കാത്തിരിക്കാനും അദ്ദേഹം സന്നദ്ധനല്ല. ഏറ്റവും അവസാനം സാക്ഷാല്‍ മുഖ്യമത്രിക്ക് നേരെ തന്നെ അദ്ദേഹം വിരല്‍ ചൂണ്ടുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ മകള്‍ക്കും മരുമകനുമെതിരെ വിരല്‍ ചൂണ്ടി സംസാരിച്ചു. മുഖ്യമന്ത്രിക്ക് മകളുടെയും മരുമകന്റെയും കാര്യത്തില്‍ മാത്രമേ താല്പര്യമുള്ളു. കേരളം സംസ്ഥാനം എങ്ങനെ ആയാലും ഒരു കുഴപ്പവുമില്ല. മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരമാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. എന്ന് മാത്രമല്ല തൃശൂര്‍ പൂരം കലക്കിയതിന്റെ പിന്നിലും മുഖ്യ മന്ത്രിയുടെ ഗൂഡ ഉദ്ദേശമുണ്ടായിരുന്നു എന്നാണ് അന്‍വര്‍ പറഞ്ഞുവയ്ക്കുന്നത്.

Tags:    

Similar News