ലണ്ടന്‍ - കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ നേരിടുന്നത് ചാത്തനേറോ? പതിവാകുന്ന റദ്ദാക്കല്‍ നല്‍കുന്നത് ചീത്തപ്പേര്; ടാറ്റ ഏറ്റെടുത്ത ശേഷം കടം 7000 കോടി കുറയ്ക്കാനായിട്ടും വിമാനങ്ങള്‍ കൈവശമില്ലാത്തത് പാരയായി; ടാറ്റ നടത്തുന്നത് കൈവിട്ട കളിയോ?

ശനിയാഴ്ച കൊച്ചിയില്‍ നിന്നും യുകെയിലേക്ക് പറക്കേണ്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ പലരും ഇന്നലെയാണ് യുകെയില്‍ എത്തിയത്

Update: 2024-09-11 05:47 GMT


ലണ്ടന്‍: ശനിയാഴ്ച കൊച്ചിയില്‍ നിന്നും യുകെയിലേക്ക് പറക്കേണ്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ പലരും ഇന്നലെയാണ് യുകെയില്‍ എത്തിയത്. ആകെ ഉണ്ടായിരുന്ന 250 യാത്രക്കാരില്‍ ഇനിയും യുകെയില്‍ എത്താനുള്ളവരുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് വിമാനം റദ്ദാക്കിയ കാര്യം പറയുന്ന പതിവ് പല്ലവി ഇത്തവണയും എയര്‍ ഇന്ത്യ ആവര്‍ത്തിക്കുക ആയിരുന്നു. വിമാനം കൊച്ചി എയര്‍ പോര്‍ട്ടില്‍ എത്തിയെങ്കിലും സാങ്കേതിക തകരാര്‍ എന്നാണ് വീണ്ടും കാരണമായി പറയാനുണ്ടായത്.

ഇതേ സാഹചര്യം ഏതാനും മാസം മുന്‍പ് ഗാട്വികില്‍ നിന്നും കൊച്ചിയിലേക്ക് പറക്കേണ്ട വിമാനത്തിനും നേരിട്ടിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 23 നും ഒരു മുന്നറിയിപ്പും നല്‍കാതെയാണ് എയര്‍ ഇന്ത്യ കൊച്ചി വിമാനം റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഗാട്വികില്‍ എത്തിയ വിമാനം സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞു പറക്കാതെ ഒതുക്കിയിട്ടു കയ്യും കെട്ടി എയര്‍ ഇന്ത്യ മാറിയിരുന്നു. ദിവസങ്ങള്‍ കൈയ്യില്‍ പിടിച്ചുള്ള യാത്രയില്‍ മരണം അടക്കമുള്ള അത്യവശ്യ യാത്രകള്‍ക്ക് പോലും ഈ വിമാനത്തെ ആശ്രയിക്കുന്ന യുകെ മലയാളികള്‍ക്ക് നേരിടുന്ന ദുരിതങ്ങള്‍ തുടര്‍കഥയാവുകയാണ്.

ശനിയാഴ്ച യുകെയില്‍ സ്‌കൂള്‍ തുറന്നതിനു തൊട്ടടുത്ത് എത്തിയ ആഴ്ച അവസാനമായതിനാല്‍ തിരക്കിട്ടു യുകെയില്‍ എത്താനുള്ളതായിരുന്നു ഭൂരിഭാഗം യാത്രക്കാരും. കുടുംബവും കുട്ടികളുമായി സ്‌കൂള്‍ തുറന്ന ദിവസങ്ങളില്‍ മടങ്ങി എത്താനാകാതെ പോയ യാത്രക്കാര്‍ക്ക് വിമാനം റദ്ദാക്കിയത് മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ ചെറുതല്ല. കൈക്കുഞ്ഞുങ്ങളുമായി പകരം മുംബൈ, ഡല്‍ഹി തുടങ്ങിയ വിമാനങ്ങള്‍ വഴി തെണ്ടി തിരിഞ്ഞാണ് യുകെയില്‍ എത്തിയത്.

വേണമെങ്കില്‍ ടിക്കറ്റ് നിരക്ക് തിരികെ തരാം എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ഔദാര്യം. എന്നാല്‍ ഇത് തികച്ചും നിയമപരമായ കാര്യം മാത്രം ആണെന്നത് എയര്‍ ഇന്ത്യ മറക്കുകയും ചെയ്തു. വിമാനം റദ്ദായതോടെ ഏറ്റവും വേഗത്തില്‍ മടങ്ങി എത്തേണ്ട യാത്രകകര്‍ പരാതി അറിയിക്കാന്‍ എയര്‍ ഇന്ത്യ മാനേജര്‍ എവിടെ എന്ന് തിരക്കിയപ്പോള്‍ സ്ഥലത്തില്ല എന്നായിരുന്നു മറുപടി. യാത്രക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാനോ ബുദ്ധിമുട്ടില്‍ ക്ഷമ അറിയിക്കാനോ ഉത്തരവാദപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ല എന്നതും യാത്രക്കാരുടെ അമര്‍ഷം ഇരട്ടിയാക്കി.

ഫ്‌ളൈറ്റ് റഡാര്‍ 24 ഡാറ്റ അനുസരിച്ചു കൊച്ചിയില്‍ നിന്നും ഗാറ്റ്വികിലേക്ക് ഉള്ള എയര്‍ ഇന്ത്യ 149 വിമാനത്തിന്റെ പറക്കലിന് മുന്നോടിയായുള്ള രജിസ്ട്രേഷന്‍ പോലും നടന്നിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മാസം, ആഗസ്റ്റ് 26നു മുംബൈയില്‍ നിന്നും അമേരിക്കയിലെ സാന്‍ഫ്രാന്‍സികോ വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം ഒരു ദിവസം വൈകിയാണ് യാത്ര പുറപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി - കാനഡ വിമാനവും ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിരുന്നു.

ശബ്ദമില്ലാതായിപ്പോകുന്ന യുകെ മലയാളികള്‍

എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ യുകെയിലെ ഒരു മലയാളി സംഘടനയോ യുകെ മലയാളികളെ ഹൃദയപൂര്‍വം സ്നേഹിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനമോ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധ നേടുകയാണ്. ടാറ്റ ഏറ്റെടുത്തതോടെ പ്രൊഫഷണലിസം ഉണ്ടാകും എന്ന് കാര്യത്തില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ കൂപ്പു കുത്തുന്ന കാഴ്ച പതിവാകുകയാണ്. ഒറ്റ നോട്ടത്തില്‍ വിമാനങ്ങളുടെ കുറവ് തന്നെയാണ് എയര്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് വ്യക്തം. ഇതിനു അടിസ്ഥാനമാകുന്നത് വ്യോമയാന രംഗത്ത് നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ തന്നെയാണ്. ഓരോ വിമാനവും പറക്കുന്നതിനു മുന്നോടിയായി ചെയ്യുന്ന രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം മുടങ്ങിയ വിമാനത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതിനര്‍ത്ഥം വിമാനം മുടങ്ങുകയാണ് എന്ന് എയര്‍ ഇന്ത്യക്കു നേരത്തെ തന്നെ ഉറപ്പായിരുന്നു.

മുടങ്ങിയ വിമാനത്തിന് പകരം നല്‍കാനുള്ള സ്പെയര്‍ വിമാനം എയര്‍ ഇന്ത്യക്ക് ഇല്ലാതിരുന്നതാണ് യാത്ര ഉപേക്ഷിക്കപ്പെടാന്‍ കാരണമായത്. കയ്യിലുള്ള എല്ലാ വിമാനവും ട്രിപ്പിന് ഉപയോഗിക്കുന്ന ശൈലി മൂലം എയര്‍ ഇന്ത്യക്ക് സാമ്പത്തിക വര്‍ഷം ആകെ ഉണ്ടായിരുന്ന പൊതുകടം 11000 കോടിയില്‍ നിന്നും 4444 കൂടിയായി കുറയ്ക്കാന്‍ ആയിട്ടുണ്ടെന്ന് കമ്പനിയുടെ ബിസിനസ് ഷീറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ നഷ്ടം കുറയ്ക്കാനുള്ള വ്യഗ്രതയില്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതവും കഷ്ടപ്പാടും എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിന് നല്‍കുന്ന പ്രഹരം എന്തുകൊണ്ടോ ഇപ്പോള്‍ കമ്പനി കണ്ടില്ലെന്നു നടിക്കുകയാണ്. അതും ഏറ്റവും ലാഭം നല്‍കുന്ന റൂട്ടില്‍ തന്നെയാണ് എയര്‍ ഇന്ത്യ ചിറ്റമ്മ നയം നടപ്പാക്കുന്നത് എന്നത് മലയാളികള്‍ക്ക് പ്രതികരണ ശേഷി കുറവാണ് എന്ന് ബോധ്യമായതിനാല്‍ കൂടിയാകണം.

എന്നിട്ടും അക്കാര്യം യാത്രക്കാരെ അറിയിക്കാതെ ഒളിച്ചു വച്ച് ബുദ്ധിമുട്ടിച്ചത് എന്തിനെന്ന ചോദ്യത്തിന് ആണ് ഉത്തരം ഇല്ലാതെ പോകുന്നത്. എയര്‍ ഇന്ത്യ യുകെയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് പറന്നു തുടങ്ങിയ കാലം മുതല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ അള്ളു വയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലവട്ടം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അന്ന് സര്‍ക്കാര്‍ അധീനത്തില്‍ ആയിരുന്ന എയര്‍ ഇന്ത്യയില്‍ കൈമടക്ക് നല്‍കിയാല്‍ കാര്യം നടക്കും എന്ന രീതി ഉണ്ടായിരുന്നത് വ്യോമയാന രംഗത്തെ അങ്ങാടി പാട്ട് തന്നെ ആയിരുന്നു. എന്നാല്‍ വിമാനക്കമ്പനി ടാറ്റായുടെ കീഴില്‍ സ്വകാര്യ മേഖലയിലേക്ക് മാറിയപ്പോഴും ലോബിയിങ് നടത്താന്‍ രംഗത്ത് ഉണ്ടായിരുന്നവര്‍ പിന്നെ കണ്ണ് വച്ചത് ജീവനക്കാരിലാണ്.

യാത്രക്കാര്‍ എന്ന നിലയില്‍ അല്‍പം പരിഗണന നല്‍കിക്കൂടെ?

മുംബൈയിലും മറ്റും ഉള്ള ജീവനക്കാര്‍ കേരളത്തിലേക്ക് പറക്കാന്‍ വിമുഖത കാണിച്ച് എയര്‍ ഇന്ത്യക്ക് കത്ത് വരെ നല്‍കിയെങ്കിലും നിറയെ യാത്രക്കാരുമായി ആഴ്ചയില്‍ മൂന്നു ദിവസം കൂടിയ നിരക്കില്‍ ടിക്കറ്റ് വിറ്റ് പോകുന്ന വിമാനത്തിന്റെ ചിറക് അരിയാന്‍ എയര്‍ ഇന്ത്യ തയ്യാറും ആയിരുന്നില്ല. എന്നാല്‍ അടിക്കടി ഉണ്ടാകുന്ന സാങ്കേതിക തകരാറും എല്ലാ ദിവസവും വൈകി പറക്കുന്ന ശീലവും ഊഴമിട്ട് എത്തുന്ന റദ്ദാക്കലും എല്ലാം ചേരുമ്പോള്‍ ഈ റൂട്ട് യാത്രക്കാര്‍ തന്നെ ഉപേക്ഷിച്ചേക്കുമോ എന്ന രീതിയിലാണ് കാര്യങ്ങള്‍ വികസിക്കുന്നത്.

അതേസമയം ഉച്ചവരെ ജോലി ചെയ്തിട്ട് പോലും വൈകുന്നേരത്തോടെ ഗാട്വികില്‍ എത്തി വിമാനത്തില്‍ കയറി ഒരു ഉറക്കം കഴിയുമ്പോള്‍ നാട്ടില്‍ എത്തും എന്ന സൗകര്യം പരിഗണിച്ച് ഈ വിമാനത്തെ വെറുക്കാനും യുകെ മലയാളികള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അല്‍പം പരിഗണന തങ്ങള്‍ക്ക് നല്‍കിക്കൂടെ എന്നാണ് എയര്‍ ഇന്ത്യയുടെ ഗാട്വിക്ക് - കൊച്ചി റൂട്ടിലെ യാത്രക്കാരായ യുകെ മലയാളികള്‍ക്ക് കമ്പനി മാനേജ്‌മെന്റിനോട് ചോദിക്കാനുള്ളത്.

പറക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ റദ്ദാക്കുന്നതെന്തിന്?

ഇക്കഴിഞ്ഞ ശനിയാഴ്ച കിലോമീറ്ററുകള്‍ അകലെ നിന്നും മൂന്നു മണിക്കൂര്‍ മുന്‍പേ റിപ്പോര്‍ട്ട് ചെയ്യേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് എത്തിയ യാത്രക്കാര്‍ ചെക് ഇന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ വിമാനം റദ്ദാക്കി എന്നറിഞ്ഞാല്‍ എന്തായിരിക്കും യാത്രക്കാരുടെ പ്രതികരണം. സ്വാഭാവികമായും കൊച്ചി വിമാനത്താവളം പ്രതിഷേധത്തിനു കേന്ദ്രമായി മാറി. എന്നാല്‍ ഈ പ്രതിഷേധം ഒഴിവാക്കാവുന്നത് ആയിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.

വിമാനത്തിന്റെ തകരാര്‍ എയര്‍ ഇന്ത്യക്ക് പതിവായത് ആയതിനാല്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ വിദൂര ദിക്കില്‍ നിന്നും കൈകുഞ്ഞുങ്ങളുമായുള്ള യാത്രകള്‍ ഒഴിവാക്കാനും പകരം സംവിധാനം തേടാനും യാത്രക്കാര്‍ക്ക് കഴിഞ്ഞേനെ. വൈകി യുകെയില്‍ എത്തുന്നതോടെ സ്‌കൂളില്‍ നിന്നും കിട്ടാന്‍ പോകുന്ന ഫൈന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് എയര്‍ ഇന്ത്യ മറുപടി നല്‍കുമോ എന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. യുകെയില്‍ വൈകി എത്തുന്നതുമൂലം വീട് എത്താന്‍ കൂടുതല്‍ ചിലവാകുന്ന ടാക്സിക്കുള്ള പണം നല്‍കാമെന്നാണ് ഗതികെട്ട വിമാനക്കമ്പനി ഒടുവില്‍ ചില യാത്രക്കാരെ അറിയിച്ചത്.

Tags:    

Similar News