'ഉസ്താദെ ഞാന്‍ അന്നേ പറഞ്ഞതല്ലെ, മന്‍സൂര്‍ അബ്ദു സലാമിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന്'; അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി; ന്യായികരണവുമായി മൗലവി; മാപ്പ് പറഞ്ഞ് ഖത്തീബുമാര്‍; കരഞ്ഞ് നിലവിളിച്ച് പണം നഷ്ടപ്പെട്ട പാവങ്ങള്‍; സ്വര്‍ണക്കട മുതലാളി 'ഒളിവില്‍' തന്നെ
അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി
തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജുവല്ലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ പണം തിരികെ ലഭിക്കാന്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വ്യക്തമായ മറുപടി നല്‍കാനോ ന്യായികരിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് സംരഭവുമായി സഹകരിച്ച മൗലവിമാരും മതപണ്ഡിതന്മാരും ഖത്തീബുമാരും. അല്‍ മുക്താദിര്‍ ജുവല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദു സലാമിന്റെ ക്ഷണം സ്വീകരിച്ച് സ്വര്‍ണക്കടകളുടെ ഉദ്ഘാടന ചടങ്ങുകളിലടക്കം പങ്കെടുക്കുകയും സംരഭത്തെ പിന്തുണയ്ക്കുകയും ചെയ്ത മൗലവിമാരും ഖത്തീബുമാരും ഇവരെ വിശ്വസിച്ച് നിക്ഷേപം നടത്തി ഒടുവില്‍ പണം നഷ്ടപ്പെട്ട ഇരകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടുകയാണ്.
അല്‍മുക്താദിര്‍ എവിടെ ജുവലറി തുടങ്ങിലായും അവിടെയൊക്കെ പോയി ആശിര്‍വദിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത് അംബാസിഡറെപ്പോലെ പ്രവര്‍ത്തിച്ച ഒരു പ്രമുഖ പണ്ഡിതനാണ് അബ്ദുള്‍ ഷുക്കൂര്‍ മൗലവി. അദ്ദേഹത്തിന്റെ പ്രേരണയാല്‍ നിര്‍ബന്ധത്താല്‍ പണം നിക്ഷേപിച്ച നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസം കല്ലമ്പലത്തുള്ള അഹമ്മദ് സിദ്ദിഖ് എന്ന തബ് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോട് അന്നേ പറഞ്ഞതല്ലെ ഉസ്താദെ, ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കരുതെന്ന് എന്ന് ചോദിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന് മൗലവി നല്‍കുന്ന മറുപടിയിലുണ്ട് അല്‍മുക്താദിര്‍ മതത്തിന്റെ മറവില്‍ അള്ളാഹുവിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി.
മുഹമ്മദ് മന്‍സൂര്‍ അബ്ദു സലാം എന്ന പേരിനൊപ്പം ഡോക്ടര്‍ എന്നു കൂടി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. പാവപ്പെട്ട മുസ്ലീം സമുദായത്തില്‍പെട്ടവര്‍ ഭൂരിഭാഗവും ഈ തട്ടിപ്പില്‍ വീണുപോയി. പല മൗലവി മാരെയും ഖത്തീബുമാരെയും ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എവിടെ ഉദ്ഘാടനം നടത്തിയാലും മൗലവിമാരെയും ഖത്തീബുമാരെയും കൊണ്ടുവരുമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പല ഖത്തീബുമാരെയും ഇദ്ദേഹം ഉപയോഗിച്ചു. ആ വിശ്വാസത്തിന്റെ പേരില്‍ പലരും പണം കൊടുത്തു. ഈ തട്ടിപ്പിന്റെ ഭാഗമായി ഒട്ടേറെ മൗലവിമാരും ഖത്തീബുമാരും അറിയാതെയാണെങ്കിലും ഭാഗമായി മാറി.
ഇത്തരത്തില്‍ അല്‍മുക്താദിര്‍ ജുവലറികളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് നിക്ഷേപങ്ങളെ പിന്തുണച്ച് തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയോ ഭാഗമായ നിരവധി മതനേതാക്കളുണ്ട്. അള്ളാഹുവിന്റെ തിരുനാമം ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. അള്ളാഹുവിന്റെ പേര് പറഞ്ഞ് ഒരു നല്ല മുസ്ലീമിന് തട്ടിപ്പ് നടത്താന്‍ പറ്റില്ല എന്ന് അവര്‍ വിശ്വസിച്ചുപോയി. ഇരകള്‍ പണം തിരികെ കിട്ടാതെ വന്നതോടെ വലിയ തോതില്‍ മാനസിക ബുദ്ധിമുട്ടിലാണ്.
അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോട് അഹമ്മദ് സിദ്ദിഖ് സങ്കടത്തോടെ പറയുന്ന വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ....
ഉസ്താദിനെ സ്‌നേഹിക്കുന്ന ഒരാളാണ് ഈ വോയിസ് ഇടുന്നത്. ഒരു ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ഉസ്താദിന്റെ അടുത്ത് ഒരു വിവരം പറഞ്ഞായിരുന്നു. ഉസ്താദ് അല്‍ മുക്താദിര്‍ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കുന്നതില്‍ നിന്നും പിന്മാറണം എന്ന്. ഇത് തട്ടിപ്പിന്റെ ഒരു വ്യവസ്ഥയാണെന്ന് ഉസ്താദിന് ഒരു മുന്നറിയിപ്പ് തന്നിരുന്നു. അപ്പോള്‍ ഉസ്താദ് പറഞ്ഞത്, എന്നെ എല്ലാവരും വിളിക്കുന്നു, അതുപോലെ ഇദ്ദേഹം വിളിക്കുന്നു, ഞാന്‍ അതില്‍ പങ്കെടുക്കുന്നു എന്നാണ്.
ഉസ്താദ് നാട്ടിലെ അറിയപ്പെടുന്ന ആലിമികളെ വച്ചുകൊണ്ട് അള്ളാഹുവിന്റെ നാമം വച്ചുകൊണ്ടായതിനാലാണ് ആളുകള്‍ അതില്‍ വീണുപോയത്. എല്ലാ കടകളുടെയും ഉദ്ഘാടനത്തിന് ഉസ്താദ് കൂടെയുണ്ടായിരുന്നു. ഇതൊക്കെ എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഉസ്താദ് ലോകം മൊത്തം അറിയുന്ന ഒരാളാണ്. ഉസ്താദിനെ കൂടെ നിര്‍ത്തി ഇതില്‍ ചതി ഇല്ലെന്ന് കാണിക്കാനായിരുന്നു മന്‍സൂര്‍ അബ്ദു സലാമിന്റെ ലക്ഷ്യം. ഇപ്പോള്‍ ഒരു കടയിലും സാധനങ്ങളില്ല. എല്ലാ കടകളിലും ആളുകള്‍ അവര്‍ കൊടുത്ത പണത്തിന് വേണ്ടി വന്നു ക്യൂ നില്‍ക്കുന്നു, അടിപിടിയുണ്ടാക്കുന്നു. ബഹളം ഉണ്ടാക്കുന്നു. കല്ലമ്പലത്തെ കടയില്ല. ഒരു കടയും തുറക്കാറില്ല. പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വരെ പുറത്തുവന്നിരിക്കുന്നു.
ഇദ്ദേഹം വാങ്ങിച്ച പണം തിരികെ കൊടുക്കാമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടുമില്ല. ഉസ്താദ് ഇതില്‍ നിന്നും പിന്മാറണം എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന് ഒക്കെ ഞാന്‍ ഉസ്താദിനെ അറിയിച്ചിരുന്നു. ഉസ്താദ് ചെവിക്കൊണ്ടില്ല. എല്ലാ സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഉസ്താദാണ് പോയി ദുഅ ചെയ്തത്. ആളുകള്‍ വിശ്വസിച്ച് പോകും. ഇതിന്റെ കൂടെ അള്ളാഹുവിന്റെ നാമവും അദ്ദേഹം ഉപയോഗപ്പെടുത്തി. ഇന്ന് സ്വര്‍ണവില ഇത്രയും കയറി പോയി. ഒരു കടയിലും സാധനമില്ല. ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുകയാണ്. ഇദ്ദേഹം പബ്ലിക്കിന്റെ മുന്നില്‍ വരുന്നുമില്ല. ഈ പണം ഇട്ടവരൊക്കെ ആരെ വിശ്വസിച്ചാണ് പണം ഇട്ടത്. ഈ ആലുമികളൊക്കെ. ഈ പണം വാങ്ങിച്ച ആലിമികളെ ആരെയും കാണുന്നില്ല
ഈ ഓഡിയോയില്‍ മന്‍സൂര്‍ എത്ര വലിയ തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കുന്നുണ്ട്. മതനേതാക്കളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അള്ളാഹുവിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഇതില്‍ പറയുന്നുണ്ട്. ഒപ്പം നടന്ന ഷുക്കൂര്‍ മൗലവിയുടെയും കാലുവാരി. മന്‍സൂറിന്റെത് തട്ടിപ്പല്ല എന്ന് പറയാന്‍ ഷുക്കൂര്‍ മൗലവിക്കും കഴിയുന്നില്ല. മാപ്പ് പറയുന്നു. വിമര്‍ശനത്തിന് നന്ദി പറയുന്നു. പെട്ടുപോയതാണ്., ആര് വിളിച്ചാലും പോകുന്നതാണ് എന്നു പറഞ്ഞാണ് മൗലവി ഇതിന് മറുപടി നല്‍കുന്നത്.
'എന്നെ പരിപാടികള്‍ക്ക് വിളിക്കുന്ന സഹോദരങ്ങള്‍ക്ക് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ പരിപാടി ഏല്‍ക്കാറുണ്ട്. ഇതിന്റെ ആദ്യത്തെ പരിപാടിയില്‍ വിളിച്ചു. ഞാന്‍ പോയി. പിന്നീട് വിളിച്ചപ്പോഴും പരിപാടിക്ക് പോയി. പോകുമ്പോഴെല്ലാം സൂക്ഷ്മതയോട് കൂടി കാര്യങ്ങള്‍ ചെയ്യണം എന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്റെ ചില സുഹൃത്തുക്കള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവരുടെ പ്രേരണയാലാണ് പോയത്. കാര്യങ്ങള്‍ അങ്ങനെ മുന്നോട്ട് നീങ്ങിയപ്പോള്‍ താങ്കളെപ്പോലെ ധാരാളം ആളുകള്‍ എന്നെ ബന്ധപ്പെട്ടു. സൂക്ഷ്മത വേണമെന്ന് പറഞ്ഞിരുന്നു. അതേസമയം മറുഭാഗത്ത് കുറെപ്പേര്‍ പരിപാടിക്ക് വരണമെന്ന് പറഞ്ഞും വിളിച്ചിരുന്നു'
'അവര് പോകണമെന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ട് പോകേണ്ടി വന്നു. ഇപ്പോളത്തെ നിലപാടില്‍ ഇതുമായിട്ട് ഒരു ബന്ധവുമില്ലാതെയാണ് ഇടപെടുന്നത്. അവര്‍ എന്റെ ഫോട്ടോ ഉപയോഗിച്ചിരുന്നു. പലപ്പോഴും ഞാന്‍ എതിര്‍ത്തു. അതില്‍ നിന്നും ഞാന്‍ പിന്മാറി.
അവര്‍ കടുത്ത ഒരു നിലപാട് സ്വീകരിച്ചത് തെറ്റായിപ്പോയി. ഈ പരിപാടിയില്‍ ഞാന്‍ മാത്രമല്ല, ഒട്ടേറെ പ്രമുഖ ഉസ്താദുമാര്‍ പോയിട്ടുണ്ട്. അവരോട് ഞാന്‍ ഈ വിഷയം പറയുകയും ആലോചിക്കുകയും ചെയ്തിരുന്നു'.
'അദ്ദേഹത്തോട് ഞാന്‍ നിരന്തരം വലിയ സൂക്ഷ്മത വേണം, എന്നോട് പലരും വിഷയം പറയുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം ആണയിട്ട് പറയുമായിരുന്നു. എനിക്ക് വലിയ ലാഭത്തിലാണ് പോകുന്നത് എന്ന്. എന്നോട് ആള്‍ക്കാര്‍ അഭിപ്രായം ചോദിക്കും ഇതില്‍ പൈസ ഇടുന്നതിനെക്കുറിച്ച്. അപ്പോള്‍ സ്വര്‍ണം വാങ്ങിക്കാനും കൊടുക്കാനുമാണെങ്കില്‍ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പണം നിക്ഷേപിക്കുന്നതില്‍ വളരെ ആലോചിച്ച് സൂക്ഷിച്ച് വേണമെന്ന് പറഞ്ഞിരുന്നു. ഒരു കാര്യത്തോടും എനിക്ക് അഭിപ്രായമില്ല',
'എന്റെ സ്വന്തം ഭാര്യ സ്വര്‍ണത്തിനായി നിക്ഷേപിക്കാന്‍ ഒരുങ്ങിയപ്പോഴും ഞാന്‍ അതുതന്നെയാണ് പറഞ്ഞത്. സ്വര്‍ണം വാങ്ങിക്കാനോ വില്‍ക്കാനോ നോക്കിക്കോ, നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് വേണമെന്ന്. അവര്‍ മരുമകനുമായി പ്പോയി പണം നല്‍കി സ്വര്‍ണം വാങ്ങിച്ചു. ഇതാണ് എന്റെ അവസ്ഥ. എന്റെ ഫോട്ടോ വയ്ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ എന്റെ ഫോട്ടോ വയ്ക്കാറില്ല. കഴിവിന്റെ പരമാധവതി പരിപാടിയില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കാറുണ്ടായിരുന്നു. എന്നെ വിളിക്കുന്ന പലരുടെയും കാര്യം ഞാന്‍ അദ്ദേഹത്തോട് പറയുകയും പരിഹാരം കാണുകയും ചെയ്തിരുന്നു'.
അബ്ദുള്‍ ഷുക്കൂര്‍ മൗലവിയെപ്പോലെ പല മത പണ്ഡിതന്മാര്‍ പലരും അറിഞ്ഞോ അറിയാതെയോ ഈ തട്ടിപ്പിന്റെ ഭാഗമായി മാറി. അങ്ങനെയുള്ള ഒരാളാണ് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ പദവിയില്‍ പോലും എത്തിയ കരമന ദയാര്‍. ജമാഅത്ത് കൂട്ടായ്മയുടെ തലവന്‍ എന്ന നിലയില്‍ കരമന ദയാര്‍ ആണ് ഈ മന്‍സൂര്‍ എന്ന തട്ടിപ്പുകാരനെ പല സമുദായ നേതാക്കള്‍ക്കും മത നേതാക്കള്‍ക്കും പരിചയപ്പെടുത്തി കൊടുത്തത്. അതിന്റെ പ്രതിഫലമായി അദ്ദേഹത്തിന് കോടികള്‍ കിട്ടിയിട്ടുണ്ടെന്നും കരമനയില്‍ കോടികള്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഹജ്ജ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഹജ്ജ് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതിഷേധം തുടരുന്നു
അല്‍മുക്താദിര്‍ ജുവലറിയില്‍ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവരില്‍ പലരും പലവഴികളിലൂടെ പ്രതിഷേധത്തിലാണ്. ജുവല്ലറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവിടെ കാവല്‍ നില്‍ക്കുന്നവര്‍ വരെയുണ്ട്. അതസമയം കോടികള്‍ മുടക്കിയവര്‍ നാണക്കേട് ഭയന്ന് പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ചതിയില്‍ പെട്ട സാധാരണക്കാരാണ് പണം കിട്ടാന്‍ വേണ്ടി പലവഴികള്‍ തേടുന്നത്. അല്ലാഹുവിന്റെ ദീനിന്റെ പേരു പറഞ്ഞാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം തട്ടിപ്പു നടത്തിത്. തട്ടിപ്പിന് ഇരയായവര്‍ പോലീസിനെ സമീപിക്കാത്തതു കൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപെട്ടു പോകുന്നത്. എന്നാല്‍, പണം കിട്ടാന്‍ വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് പണം പോയവര്‍ എത്തിയിട്ടുണ്ട്.
പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം നല്‍കി നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള തട്ടിപ്പാണ് അല്‍മുക്താദിര്‍ നടത്തിയത്. ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്യുകയായിരുന്നു മന്‍സൂര്‍. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ജുവല്ലറികള്‍ അടച്ചിട്ടിരിക്കയാണ്. ഇതിനിടെ അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം പ്രതിഷേധിച്ചു. എന്നാല്‍ ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് മാധ്യമങ്ങളിലെല്ലാം അറിയിച്ചിട്ടും അതെ കുറിച്ച് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പരസ്യക്കാരുടെ പിന്‍ബലത്തിലാണ് അല്‍ മുക്താദിറിന് എതിരായ വാര്‍ത്തയും മുങ്ങിയത്.
ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനോയി ഷാനൂരിന്റെ നേതൃത്വത്തിലാണ് നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ അല്‍മുക്താദിര്‍ മുതലാളിയുടെ വീട് വളഞ്ഞിരുന്നു. തിരുമലയിലുള്ള വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചവരെ നേരിടാന്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. പണം കൊടുത്ത് വഞ്ചിക്കപ്പെട്ടവരാണ് പ്രാരാബ്ധങ്ങളുമായി മന്‍സൂറിന്റെ വീടിന് മുന്നിലെത്തിയത്. അല്‍ മുക്താദിറിന്റെ നിക്ഷേപമായി സ്വീകരിച്ച പണം തങ്ങള്‍ക്ക് തിരികെ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. അള്ളാഹുവിന്റെ പേരു പറഞ്ഞാണ് ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരം പിരിച്ചത്.
അനന്തുകൃഷണ്ന്റെ തട്ടിപ്പിന് പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ അല്‍മുക്താദിര്‍ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഷാനൂര്‍ ആരോപിച്ചു. തട്ടിപ്പിന് ഇരയായവര്‍ മാധ്യമങ്ങളെ സമീപിച്ചിട്ടും അവര്‍ തിരിഞ്ഞു നോക്കുന്നില്ല. അടുത്ത ദിവസങ്ങളില്‍ പെണ്‍മക്കളുടെ വിവാഹം നടത്തേണ്ട രരക്ഷിതാക്കളുണ്ട്. ഇവര്‍ പണം ആവശ്യപ്പെട്ട് മന്‍സൂറിനെ പലവിധത്തില്‍ ബന്ധപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ല. കാസര്‍കോട് മുതല്‍ തിരുനന്തപുരം വരെയുള്ളവര്‍ ഈതട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഷാനൂര്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ 50തോളം വരുന്നവരുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഷാനൂര്‍ പറുയന്നു.
പണം വാങ്ങിയവരുടെ മുന്നില്‍ വരാതെ മന്‍സൂര്‍ ഒളിച്ചു കളിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിളിക്കുന്നവരോടെ ബോംബെയിലുണ്ട് ഘാനയിലുണ്ട് എന്നൊക്കെയാണ് പറയുന്നത്. ലാഭ വിഹിതം വാഗ്ദാനം നല്‍കിയ തട്ടിപ്പാണ് നടന്നത്. 2000 കോടിയാണ് തട്ടിപ്പിന്റെ വ്യാപ്തി. ആയിരം രൂപ കടം വാങ്ങിയാല്‍ കേസെടുക്കുന്ന പോലീസ് ഈ വിഷയത്തില്‍ കേസെടുക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി
ഈ വിഷയത്തില്‍ മറുനാടന്‍ പറഞ്ഞത് മാത്രമാണ് സത്യമെന്നും അവര്‍ പറയുന്നു. അല്‍മുക്താദിറിന്റെ തട്ടിപ്പിനെ കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ തള്ളിപ്പറയുകയാണ് മന്‍സൂര്‍ ചെയ്തത്. എന്നാല്‍, മറുനാടന്‍ പറഞ്ഞതാണ് സത്യം. ദീനിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിഷേധിക്കാന്‍ എത്തിയവരെല്ലാം പണം പോയവരാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ അടക്കമുള്ളവരാണ് തിരുമലയിലെ മന്‍സൂറിന്റെ വീട്ടില്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നാട്ടില്‍ പ്രതിഷേധം ശക്തമാകുമ്പോഴും മന്‍സൂര്‍ പൊതുസമക്ഷത്തില്‍ എത്തിയിട്ടില്ല. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയുണ്ട്.
നേരത്തെ അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ജുവല്ലറി കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അടിമുടി തട്ടിപ്പു നടത്തി അല്‍ മുക്താദിര്‍ ജുവല്ലറിയുടെ കേരളത്തിലെ ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.
ഇതിനിടെ ചില ഷോറൂമുകള്‍ തുറന്നപ്പോള്‍ ജുവല്ലറിയില്‍ സ്വര്‍ണത്തിന് പണം മുന്‍കൂറായി നല്‍കിയവര്‍ ഷോറൂമിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. പെണ്‍മക്കളുടെ വിവാഹത്തിന് ഇരട്ടി സ്വര്‍ണം എന്ന ഓഫര്‍ അടക്കം വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കിയവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ ആയത്. ജുവല്ലറി അടഞ്ഞു കിടക്കുന്നത് കണ്ട് തുറക്കുന്നതും കാത്തിരിക്കയായിരുന്നു പണം കൊടുത്തവര്‍. പലരും അടഞ്ഞു കിടക്കുന്ന ഷോറൂം കണ്ടത് തിരിച്ചു പോയി.
ഇതിനിടെ തിരുവനന്തപുരം പഴവങ്ങാടിയിലുള്ള അല്‍മുക്താദിര്‍ ഷോറൂം തുറന്നത്. ഇതോടെ പണം മുടക്കിയിട്ടും സ്വര്‍ണം കിട്ടാത്തവര്‍ ഇരച്ചു കയറി. തങ്ങള്‍ മുടക്കിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇവരില്‍ ചിലരെടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ എടുത്തവരെ തടഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുന്നതും കാണാം. പലരും പരാതി നല്‍കാത്ത കാര്യം അടക്കം ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരാതി കൊടുത്താല്‍ ഒരു രൂപ പോലും തിരികെ കിട്ടില്ലെന്ന് ഭീഷണിയിലാണ് ഇവര്‍ പ്രതിഷേധങ്ങളെ നേരിടുന്നത്. ലക്ഷങ്ങള്‍ നല്‍കിയവര്‍ പണം തിരിച്ചു കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
ഇന്‍കം ടാക്സ് പരിശോധനയില്‍ പലവിധത്തിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കലിന് മറയാക്കി സ്ഥാപനം പ്രവര്‍ത്തിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇന്‍കം ടാക്സ് കണ്ടെത്തല്‍. മണിചെയിന്‍ മാതൃകയിലാണ് കോടികള്‍ സ്ഥാപനം കൈപ്പറ്റിയത്. പഴയ സ്വര്‍ണം വാങ്ങുന്നതിന്റെ പേരലും വലിയ തട്ടിപ്പാണ് ജുവല്ലറി നടത്തിയത്. മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. ഇതിന് മുംബൈയിലുള്ള സ്ഥാപനത്തിന്റെ സഹായവും ജുവല്ലറിക്ക് ലഭിച്ചിട്ടുണ്ട്.
50 കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദുബായിലേക്കാണ് പണം കടത്തിയത്. രാജ്യത്തിന് നികുതിയായി ലഭിക്കേണ്ട പണമാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ തലവന്‍ വ്യക്തിപരമായ ആവശ്യത്തിന് പണം കടത്തിയെന്നും ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തി. ജുവല്ലറികളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.