തലയോട്ടി വെട്ടി പിളര്‍ത്തി, ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്, ഇടത്തെ കാലില്‍ നാല് വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു പോലീസ്

തലയോട്ടി വെട്ടി പിളര്‍ത്തി, ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്

Update: 2026-03-14 11:35 GMT

തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍.

ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ക്രൂരമായാണ് അതുലിനെ കൊലപ്പെടുത്തിയത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ കയ്യില്‍ ഒരു വെട്ടും ഏറ്റു. അതുലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് വിഷ്ണു നേതൃത്വം നല്‍കുന്ന കടത്തൂര്‍ ഗുണ്ടാ സംഘമാണ് എന്നാണ് സൂചന. കുക്കു എന്ന് വിളിക്കുന്ന മനുവാണ് അലുവ അതുലിനു ഒപ്പം ഉണ്ടായിരുന്നത്. മനുവിനു കാര്യമായി പരുക്കില്ല. മനുവിനെ മര്‍ദിച്ച് സ്ഥലത്തു നിന്ന് ഓടിക്കുകയായിരുന്നു. അതേസമയം, അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇരുസംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതുല്‍ പ്രതിയായ ജിം സന്തോഷ് എന്ന സന്തോഷിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളും നടന്നത് സിനിമാസ്‌റ്റൈലിലായിരുന്നു. ഓച്ചിറ സ്വദേശിയായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്നയാളായിരുന്നു ജിം സന്തോഷ്. 2025 മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം സന്തോഷിനെ വീട്ടിനകത്ത് കയറി വെട്ടിക്കൊന്നത്.

സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്.

സന്തോഷിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

ജിം സന്തോഷിന്റെ മരണത്തിന് പിന്നാലെ അലുവ അതുലടക്കം നാല് പേര്‍ പിടിയിലായി. ജാമ്യത്തിലിറങ്ങിയ അതുലിനെ ഇന്ന് പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിട്ട് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയില്‍ വെച്ച് അതുലിനെ ആക്രമിച്ചത്. തിരക്കുള്ള റോഡില്‍ വെച്ചാണ് അതുലിനെ അക്രമികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

Tags:    

Similar News