വന്ദേഭാരതില്‍ യാത്ര ചെയ്യവേ മതസ്പര്‍ദ്ധയ്ക്ക് കാരണമാകും മട്ടില്‍ സംസാരിച്ചെന്ന കേസില്‍ അറസ്റ്റിലായ ആനന്ദ് മാത്യു മറുനാടന്‍ മലയാളിയോട് മനസ് തുറക്കുന്നു; യുകെ പൗരനെ അറസ്റ്റ് ചെയ്യേണ്ടി വന്ന കേസില്‍ പോലീസ് പുലിവാല് പിടിക്കുമോ? ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹായം തേടിയ ആനന്ദ് വിദേശകാര്യ മന്ത്രാലയത്തില്‍ പരാതി നല്‍കാന്‍ ഡല്‍ഹിക്ക്
വന്ദേഭാരതില്‍ യാത്ര ചെയ്യവേ മതസ്പര്‍ദ്ധയ്ക്ക് കാരണമാകും മട്ടില്‍ സംസാരിച്ചെന്ന കേസില്‍ അറസ്റ്റിലായ ആനന്ദ് മാത്യു മറുനാടന്‍ മലയാളിയോട്
ലണ്ടന്‍: വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യവേ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം സംസാരിച്ചെന്ന പേരില്‍ അറസ്റ്റിലായ യുകെ മലയാളിയായ ആനന്ദ് മാത്യു താന്‍ നേരിട്ട അപമാനത്തിനു നിയമ നടപടിക്ക് ഒരുങ്ങുന്നു. പരാതിപ്പെട്ട കുടുംബത്തെ ഒരു തരത്തിലും ബാധിക്കാത്ത കാര്യം താന്‍ തമാശയായി ട്രെയിനിലെ പാന്‍ട്രി ജീവനക്കാരുമായി സംസാരിച്ചതാണ് പ്രകോപനം എന്നതാണ് ആനന്ദിനെ ഇത്തരം അപമാനം ഇനിയാര്‍ക്കും ഉണ്ടാകരുത് എന്ന ഉറപ്പ് ലഭിക്കാന്‍ നിയമ നടപടിയിലേക്ക് പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വളരുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആനന്ദിന് മലയാളത്തേക്കാള്‍ വഴങ്ങുന്നത് ഹിന്ദി ആയതിനാല്‍ ട്രെയിനിലെ യുപിയില്‍ നിന്നുള്ള ജീവനക്കാരെ കണ്ടപ്പോള്‍ സൗഹൃദ സംഭാഷണം നടത്തി ഫോട്ടോ എടുത്തതും വീഡിയോ ചിത്രീകരിച്ചതുമാണ് ആ കോച്ചില്‍ സഞ്ചരിച്ചിരുന്ന കണ്ണൂര്‍ക്കാരായ കുടുംബത്തെ പ്രകോപിപ്പിച്ചത്.
സ്വതവേ അല്‍പം ഉച്ചത്തില്‍ സംസാരിക്കുന്ന താന്‍ ട്രെയിന്‍ ജീവനക്കാരോട് തമാശ മട്ടില്‍ പറഞ്ഞത് ഇപ്പോള്‍ വന്ദേഭാരതിന് കല്ലെറിഞ്ഞവരൊക്കെ യാത്ര ചെയ്തു തുടങ്ങിയോ എന്ന പരാമര്‍ശമാണ് മത സ്പര്‍ദ്ധയായ കേസായി മാറിയത് എന്ന് ആനന്ദ് മറുനാടന്‍ മലയാളിയോട് കേരളത്തില്‍ നിന്നും സംസാരിക്കവെ വ്യക്തമാക്കി. താന്‍ പറഞ്ഞ വാചകത്തില്‍ എവിടെയാണ് നിങ്ങള്‍ക്ക് മത സ്പര്‍ദ്ധ കണ്ടെത്താനാകുക എന്ന കാര്യം ആനന്ദ് ചോദിക്കുമ്പോള്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പോലീസും വെള്ളം കുടിച്ചേക്കാന്‍ ഇടയുണ്ട്, താന്‍ പറഞ്ഞത് വാസ്തവം ആണോ എന്നറിയാന്‍ ട്രെയിനിലെ സിസിടിവി ഫൂട്ടേജുകളും ജീവനക്കാരുടെ മൊഴിയും എടുക്കാവുന്നതാണല്ലോ എന്നും ആനന്ദ് പറയുന്നു.
ഈ സംസാരത്തിനിടയില്‍ ഒരിക്കലും കേസ് നല്‍കിയ കുടുംബത്തെ കാണുകയോ നോക്കുകയോ ചെയ്തിട്ടില്ല എന്നാണ് ആനന്ദ് പറയുന്നത്. കടുത്ത മോദി ആരാധകനായ താന്‍ ഇന്ത്യയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വിപ്ലവകരമായ മാറ്റം എന്ന നിലയില്‍ വന്ദേ ഭാരത് ട്രെയിനില്‍ സഞ്ചരിക്കുക എന്ന ആഗ്രഹത്തിന് വേണ്ടി മാത്രം യാത്ര ചെയ്യാന്‍ തയ്യാറായതാണ് എന്നും ആനന്ദ് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ പരാതി ലഭിച്ചാല്‍ കേസ് എടുക്കാതിരിക്കാനാകില്ലെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേസില്‍ കാര്യമായ കഴമ്പില്ലാത്തത് കൊണ്ടും ആനന്ദ് ചികിത്സയില്‍ കഴിയുന്ന വ്യക്തി ആയതിനാലുമാണ് കോടതി ആള്‍ ജാമ്യത്തില്‍ അദ്ദേഹത്തെ വിട്ടയച്ചത്. കേരളത്തില്‍ ജനിച്ച നാടല്ലേ എന്നോര്‍ത്ത് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ യുകെ മലയാളികള്‍ കേരളം ഇപ്പോള്‍ പഴയ കേരളമല്ല എന്ന ഓര്‍മ്മയില്‍ വേണം പുറത്തിറങ്ങി നടക്കാന്‍ എന്നോര്‍മ്മപെടുത്താന്‍ വേണ്ടി കൂടിയാണ് താന്‍ മറുനാടന്‍ മലയാളിയെ വിളിക്കുന്നത് എന്നും വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ആനന്ദ് മാത്യു എം പറയുന്നു.
പ്രസ്തുത കേസിനു ശേഷം ആനന്ദ് ആദ്യമായി സംസാരിക്കുന്ന മാധ്യമമാണ് മറുനാടന്‍ മലയാളി. കേരളത്തില്‍ പോലീസും മാധ്യമങ്ങളും ഒക്കെ മുന്‍വിധിയോടെ കാര്യങ്ങളെ കാണുന്നുണ്ടോ എന്ന് സംശയിക്കാന്‍ പോലും ഇപ്പോള്‍ തനിക്കെതിരെ ഉണ്ടായ കേസും വാര്‍ത്തകളും കാരണമാണ് എന്നും ആനന്ദ് ആരോപിക്കുന്നു. തന്നെ അറസ്റ്റ് ചെയ്തത് വലിയ പ്രാധാന്യത്തോടെ നല്‍കിയ ഒരു മാധ്യമം പോലും അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകം താന്‍ കണ്ണൂരിലേക്ക് തന്നെ യാത്രയായ വിവരം നല്‍കാതിരിക്കുന്നത് എന്ത് മാധ്യമ ധാര്‍മികതയാണ് എന്നും ആനന്ദ് ചോദിക്കുന്നത് തന്റെ യുകെ ജീവിതം നല്‍കിയ പൗരന്റെ അവകാശങ്ങളെ കുറിച്ചുള്ള ധാരണ കൊണ്ട് തന്നെയാണ്.
കോട്ടയത്തു നിന്നും കയറി എറണാകുളം എത്തും മുന്‍പേ പോലീസ് മുന്‍പിലെത്തി
കോട്ടയത്ത് നിന്നും ആനന്ദ് അതി രാവിലെ കയറിയ ട്രെയിന്‍ എറണാകുളത്തു എത്തും മുന്‍പേ സിഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനും രണ്ടു പോലീസുകാരും സീറ്റിന് അടുത്തെത്തി സംസാരിക്കണം എന്നാവശ്യപ്പെടുക ആയിരുന്നു. എന്തോ അസ്വാഭാവികത തോന്നിയതിനാല്‍ മാറിനിന്നു സംസാരിക്കാം എന്ന് ആനന്ദ് പറയുകയും പോലീസുകാര്‍ യാത്രക്കാര്‍ ഇല്ലാത്ത ഭാഗത്ത് മാറ്റി നിര്‍ത്തി സംസാരിക്കുകയും ആയിരുന്നു. ഈ ഘട്ടത്തിലാണ് 21 ഓ 24 ഓ വയസു തോന്നാവുന്ന ചെറുപ്പക്കാരനെയും അയാളുടെ ഭാര്യയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയെയും ആനന്ദ് കാണുന്നത്.
മതപരമായ വസ്ത്രം ധരിച്ചിരുന്നതിനാല്‍ സ്ത്രീയുടെ പ്രായം പോലും ആനന്ദിന് ഊഹിക്കാനായില്ല. എങ്കിലും 55 വയസുള്ള തനിക്ക് മക്കളാകാന്‍ പ്രായമുള്ള രണ്ടു പേര് പരാതിയുമായി മുന്നില്‍ വന്നതോടെ യുകെയിലെ ജീവിത പരിചയം മൂലം ഉടനെ എന്തെങ്കിലും തെറ്റിദ്ധാരണ തോന്നിയെങ്കില്‍ സോറി പറയാന്‍ തയ്യാറാകുക ആയിരുന്നു ആനന്ദ്. എന്നാല്‍ സൗദിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ ക്ഷമ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നു പോലീസിനെ അറിയിക്കുക ആയിരുന്നു. ഇതോടെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതം ആയത്.
ഗവര്‍ണര്‍ ഉണ്ടായിരുന്ന ട്രെയിനിലെ പോലീസ് മതിയാകാതെ യുകെ സ്വദേശിയെ അറസ്റ്റ് ചെയ്യാന്‍ ഡിവൈസ്പി അടക്കമുള്ള വന്‍ പോലീസ് സന്നാഹം ആനന്ദ് സഞ്ചരിച്ച ട്രെയിനില്‍ അന്ന് യാത്രക്കാരന്‍ ആയി ഗവര്‍ണറും ഉണ്ടായിരുന്നതിനാല്‍ സാധാരണയിലേക്കാള്‍ കൂടുതല്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍ ആനന്ദ് യുകെ പൗരന്‍ ആണെന്ന് ബോധ്യമായതോടെ ഡിവൈഎസ്പി റാങ്കില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥന്‍ എങ്കിലും ആവശ്യമാണ് എന്ന് ബോധ്യമായതോടെ ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ആനന്ദിനെ ചോദ്യം ചെയ്യാന്‍ എത്തിയത്.
ഇതോടെ പരാതിക്കാരും അവര്‍ക്ക് പിന്തുണയായി ട്രെയിനില്‍ യാത്രക്കാരിയായി ഉണ്ടായിരുന്ന ആക്ടിവിസ്റ്റും ജേര്‍ണലിസ്റ്റും എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും കേസ് വലിയ ഗൗരവത്തില്‍ ഉള്ളതാണെന്ന തെറ്റിദ്ധാരണയില്‍ എത്തി. വിദേശ പൗരന്‍ ആയതിനാലാണ് ഉയര്‍ന്ന റാങ്കില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യമായി വന്നത് എന്ന കാര്യം യാത്രക്കാര്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും രാവിലെ ഒന്‍പതരയോടെ ട്രെയിന്‍ തൃശൂരില്‍ എത്തിയതോടെ ആനന്ദിനോട് അവിടെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും റെയില്‍വേ പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു, മറ്റു യാത്രക്കാരുമായി ട്രെയിന്‍ ഇതിനിടയില്‍ കണ്ണൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.
അറസ്റ്റ് ചെയ്തു തൃശൂരില്‍ ഇറക്കിയത് ആനന്ദിനെ സഹായിക്കാനെന്ന് പോലീസ്, ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഉടന്‍ പരാതി നല്‍കും
അതിനിടെ പരാതിക്കാരായ യാത്രക്കാരുമായി ആനന്ദ് അതേ ട്രെയിനില്‍ യാത്ര ചെയ്താല്‍ പരാതിക്കാരുടെ സ്ഥലമായ കണ്ണൂരില്‍ എത്തുമ്പോള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് തൃശൂരില്‍ വച്ച് പോലീസ് തന്നോട് പറഞ്ഞതെന്ന് ആനന്ദ് ഓര്‍ത്തെടുക്കുന്നു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ അതോ ഇതിനിടയില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ചെന്നൈ ആസ്ഥാനം അടക്കമുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ച ആനന്ദിനെ തണുപ്പിക്കാന്‍ പോലീസ് ഉപയോഗിച്ച സൂത്രം ആണോ എന്നതും വ്യക്തമല്ല.
അവധി ദിവസമായതിനാല്‍ ഹൈക്കമ്മിഷണറെ ചെന്നൈ ഓഫിസില്‍ നിന്നും ആനന്ദിന്റെ കോള്‍ ലണ്ടനിലേക്ക് എത്തുകയും യുകെയില്‍ നിന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആനന്ദിനോട് സംസാരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉടന്‍ ക്ഷമ പറയാന്‍ തയ്യാറായ ആനന്ദിനെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പ്രശംസിക്കുകയും ചെയ്തു. നിയമപരമായ കാര്യങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യുവാനും കൂടുതല്‍ പ്രയാസം നേരിട്ടാല്‍ വീണ്ടും ബന്ധപ്പെടുവാനും ആണ് ലണ്ടനില്‍ നിന്നും ഉദ്യോഗസ്ഥര്‍ ആനന്ദിനെ അറിയിച്ചത്.
ഇതിനിടെ പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന സന്ധി സംഭാഷണവും റെയില്‍വേ പോലീസ് സ്റ്റേഷനില്‍ അരങ്ങേറി. രാവിലെ പതിനൊന്നരയോടെ നടന്ന ഈ നീക്കത്തെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ പോലും തയ്യാറാക്കിയിരുന്നില്ല. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരാതിയുമായി മുന്നോട്ട് പോകുകയാണ് എന്ന് വീണ്ടും പരാതിക്കാര്‍ നിലപാട് കടുപ്പിക്കുക ആയിരുന്നു. തുടര്‍ന്ന് ആനന്ദിന്റെ യാത്രാ രേഖകള്‍ അടക്കം പരിശോധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായി.
തുടര്‍ന്ന് കോടതിയുടെ സമയം നോക്കി വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. ഈ സമയം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആനന്ദിന് 24 മണിക്കൂര്‍ വൈദ്യ നിരീക്ഷണം ആവശ്യമാണ് എന്ന് ഡോക്ടറും പോലീസിനെ അറിയിച്ചു. വൈകുന്നേരം അഞ്ചരയോടെ കോടതിയില്‍ എത്തിച്ച ആനന്ദിന് രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദേശിക്കുക ആയിരുന്നു. തുടര്‍ന്ന് യാത്ര തുടരാന്‍ അനുവാദം നല്‍കിയ പോലീസ് തുടര്‍ നടപടികളില്‍ നിന്നും പോലീസിനെ ഒഴിവാക്കണം എന്ന് ആനന്ദിനോട് സൂചിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുക ആയിരുന്നു.
പുലര്‍ച്ചയോടെ കണ്ണൂരില്‍ എത്തിയ ആനന്ദിനെ കാത്തു സുഹൃത്തുക്കളും ബിജെപി ജില്ലാ നേതൃത്വവും റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. അവരോടും കേസിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്താണ് ആനന്ദ് കോട്ടയത്തേക്ക് മടങ്ങിയത്. ഇപ്പോള്‍ ഈ ആഴ്ച തന്നെ ഡെല്‍ഹിയില്‍ എത്തി വിദേശകാര്യ മന്ത്രാലയത്തില്‍ തന്റെ ദുരനുഭവം കാട്ടി പരാതിയ്ക്ക് ഒരുങ്ങുകയാണ് ആനന്ദ്. രണ്ടാഴ്ചക്കകം യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിലാണ് ആനന്ദ്.
അദ്ദേഹത്തിന്റെ തുടര്‍ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവും ഈ കേസ് മൂലം ഉണ്ടാകില്ല എന്ന് അഭിഭാഷകര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കാന്‍ ഉള്ള ഒരു മധ്യസ്ഥ ശ്രമത്തിനും വഴങ്ങേണ്ട എന്നാണ് ഇപ്പോള്‍ ആനന്ദ് നിലപാട് എടുത്തിരിക്കുന്നത്. തനിക്ക് യുകെയില്‍ താമസിച്ചു കൊണ്ട് തന്നെ ഈ കേസ് മുന്‍പോട്ട് നടത്താനാകും എന്നും ആനന്ദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.