നായേഴ്‌സ് ജംഗ്ഷന് സമീപം ബേക്കറി തുടങ്ങിയത് കൊട്ടിയം ടൗണ്‍ എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറിയുടെ രണ്ടാം ഭാര്യ; പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; 2004ല്‍ അനില ജീവിത സഖിയായി; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് 'നിള'യിലെ പങ്കാളിയായി; മരുമകനെ കുറിച്ച് നല്ലത് മാത്രം പറയുന്ന അമ്മായി അമ്മയും; കൊട്ടിയത്തെ കുടുംബത്തില്‍ സംഭവിച്ചത്
കൊല്ലം: ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് തോന്നിയ സംശയങ്ങളാണ് കൊല്ലം നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കടപ്പാക്കട നായേഴ്‌സ് ജംക്ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനിലയെ (44) ഭര്‍ത്താവ് പത്മരാജനാണ് (60) കൊലപ്പെടുത്തിയത്. പക്ഷേ പത്മരാജനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നല്ലത് മാത്രമാണ്. കൊട്ടിയത്തെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍. ആ അംഗീകാരവുമായി കഴിഞ്ഞ പത്മരാജന് ജീവിതത്തിലുണ്ടായ പലതും നാണം കെടുത്തുന്ന അനുഭവങ്ങളായിരുന്നു. അതാണ് കൊലയാളിയായി പത്മരാജനെ മാറ്റിയത്.
ദീര്‍ഘകാലമായി കൊട്ടിയം ടൗണ്‍ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറിയായ പത്മരാജന്റെ ആദ്യ ഭാര്യ ഉഷ 2003 ല്‍ മരിച്ചു. തൊട്ടടുത്ത വര്‍ഷം അനിലയെ വിവാഹം ചെയ്തു. കാറ്ററിംഗ് ജോലിയായിരുന്നു പത്മരാജന്‍. നാട്ടുകാര്‍ക്ക് പപ്പനായിരുന്നു. കിട്ടുന്നതെല്ലാം ഭാര്യയ്ക്ക് കൊടുക്കുന്ന വ്യക്തിയായിരുന്നു പത്മരാജന്‍. പത്മരാജനെ കുറിച്ച് അനിലയുടെ അമ്മയ്ക്കും നല്ലതു മാത്രമേ പറയാനുള്ളൂ. മകളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അനിലയുടെ അമ്മ പറയുന്നു. മകളെ പൊന്നു പോലെയാണ് പത്മരാജന്‍ നോക്കിയതെന്നും പറയുന്നു. കൊല്ലത്തെ ബേക്കറി നടത്തിയതിനെ പത്മരാജന്‍ എതിര്‍ത്തിരുന്നു. അവിടെ വാടകയ്ക്ക് വീട് എടുത്തു കൊടുത്തതും മരുമകനാണ്. അഡ്വാന്‍സും വാടകയും നല്‍കി. പത്മരാജനെ അതിക്രൂരമായാണ് മര്‍ദ്ദിച്ചതെന്നും അമ്മ വെളിപ്പെടുത്തുന്നു. ബേക്കറിയില്‍ ആണ്‍സുഹൃത്തിനെ നിരന്തരമായി കണ്ടതാണ് പത്മരാജനെ പ്രകോപിപ്പിച്ചതെന്നും അമ്മ പറയുന്നു. അങ്ങനെ അനിലയുടെ അമ്മയ്ക്കും നല്ലതു മാത്രമേ പത്മരാജനെ കുറിച്ച് പറയാനുള്ളൂ. കടപ്പാക്കട നായേഴ്‌സ് ജംക്ഷനു സമീപം നിളയെന്ന പേരില്‍ നവംബര്‍ ആറിനാണ് ബേക്കറി തുടങ്ങിയത്.
അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണമാണു പത്മരാജന്‍ നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബേക്കറി തുടങ്ങുന്നതിനു ഹനീഷ് ലാല്‍ മുടക്കിയ പണം തിരികെ നല്‍കി പങ്കാളിത്തം അവസാനിപ്പിക്കുന്നതിന് പഞ്ചായത്ത് അംഗത്തിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണു കൊലപാതകം. ബേക്കറി പൂട്ടി അനിലയ്‌ക്കൊപ്പം ഹനീഷ് ലാലും കാറില്‍ കയറും എന്നാണു പത്മരാജന്‍ കരുതിയത്. പക്ഷേ കാറില്‍ കയറിയതു സോണി ആയിരുന്നു. പിന്നാലെ സ്‌കൂട്ടറിലാണു ഹനീഷ് ലാല്‍ വന്നത്. ചെമ്മാന്‍മുക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ വീട്ടിലേക്കുള്ള റോഡിലേക്കു തിരിഞ്ഞു. തൊട്ടുപിന്നാലെ അനിലയുടെ കാറിന്റെ മുന്‍ വാതിലിനോടു ചേര്‍ന്നു പത്മരാജന്‍ വാന്‍ ഇടിപ്പിച്ചു നിര്‍ത്തിയശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ പെട്രോള്‍ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ആണ്‍ സുഹൃത്തുമായി ചേര്‍ന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നു കരുതിയാണു കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്നാണ് കുറ്റസമ്മത മൊഴി.
നവംബര്‍ ആറിനാണ് 'നിള' എന്ന പേരില്‍ അനില ബേക്കറി തുടങ്ങിയത്. ഇതിനു പത്മരാജനും 35,000 രൂപയോളം മുടക്കിയതായി പറയുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും പണം മുടക്കിയിരുന്നു. ഹനീഷ് 1,49,000 രൂപ മുടക്കിയതായാണ് പൊലീസ് പറയുന്നത്. ബേക്കറിയുടെ മുതല്‍മുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നു. അനിലയുടെ കാറില്‍ ഹനീഷ് ലാലിനെ ചില ദിവസങ്ങളില്‍ പത്മരാജന്‍ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയില്‍ ഹനീഷ് ലാലുമായി അനില പുലര്‍ത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജന്‍ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം.
ഹനീഷ് ലാല്‍ ബേക്കറിയില്‍ പതിവായി വരുന്നതും ഇയാള്‍ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജന്‍ മാനസികമായി അകന്നു. ഹനീഷും പത്മരാജനും തമ്മില്‍ അടിപിടിയും നടന്നു. തുടര്‍ന്നു ദിവസങ്ങളോളം വീട്ടിലേക്കു പോകാതിരുന്ന അനില ചെമ്മാന്‍മുക്കിനു സമീപം വീട് വാടകയ്‌ക്കെടുത്തു. തുടര്‍ന്നു കൊട്ടിയത്തു മധ്യസ്ഥ ചര്‍ച്ച നടന്നു. ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാന്‍ ഇന്നലെ കൊട്ടിയത്തു പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഈ തുക പത്മരാജന്‍ കൊടുക്കണമെന്നു അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായെന്നു പറയുന്നു.
പത്മരാജന്റെ കുറ്റസമ്മത മൊഴി ഇങ്ങനെ
ഭാര്യ അനിലയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പതിനാലുകാരിയായ മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി മൊഴി നല്‍കി. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് നായേഴ്‌സ് ആശുപത്രിക്ക് സമീപം ഒരുമാസം മുന്‍പ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണമായത്. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പല തവണ പറഞ്ഞെങ്കിലും അനില കേട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
കഴിഞ്ഞ ദിവസം ബേക്കറിയില്‍ വച്ച് ഹനീഷ് തന്നെ മര്‍ദിച്ചപ്പോള്‍ അനില നോക്കിനില്‍ക്കുകയാണ് ചെയ്തത്. പിടിച്ചുമാറ്റാന്‍ പോലും ശ്രമിച്ചില്ല. ഇത് മനോവിഷമമുണ്ടാക്കിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.കൊല്ലം ചെമ്മാമുക്കിലാണ് അരും കൊല നടന്നത്. ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയില്‍ പത്മരാജന്‍ ഒമ്നിയില്‍ കാത്ത് നിന്നു. അനിലയുടെ കൂടെ ഹനീഷ് ഉണ്ടാകുമെന്നായിരുന്നു ഇയാള്‍ കരുതിയത്. എന്നാല്‍ കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു അനിലയ്ക്കൊപ്പം ഉണ്ടായിരുന്നത്.അനിലയുടെ കാര്‍ കടപ്പാക്കട എത്തിയത് മുതല്‍ പ്രതി ഒമ്നിയില്‍ പിന്തുടര്‍ന്നു.
ചെമ്മാന്‍മുക്ക് എത്തിയപ്പോള്‍ ഒമ്നി വാന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേര്‍ത്ത് ഇടിച്ചു നിറുത്തി. പത്മരാജന്‍ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്‌ളാസ് തകര്‍ത്ത ശേഷം പെട്രോള്‍ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. പത്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്നി. രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഓട്ടോയില്‍ സ്റ്റേഷനിലെത്തിയാണ് പദ്മരാജന്‍ കീഴടങ്ങിയത്.