ആ പുരസ്‌ക്കാരം വെറും തള്ള് മാത്രം! മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത പാര്‍ലമെന്റ് ഹാളിലെ പുരസ്‌കാര ചടങ്ങെന്ന് വിവരാവകാശ രേഖ; കോര്‍പ്പറേഷണ്‍ പണം മുടക്കി മേയര്‍ നടത്തിയത് സ്വകാര്യ സന്ദര്‍ശനം
ആ പുരസ്‌ക്കാരം വെറും തള്ള് മാത്രം! മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല
തിരുവനന്തപുരം: മികച്ച നഗരസഭക്കുള്ള യു.കെ പാര്‍ലമെന്റിന്റെ പുരസ്‌കാരം വാങ്ങാനെന്ന പേരില്‍ സര്‍ക്കാര്‍ പണം മുടക്കി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന് ലണ്ടനില്‍ പോയത് സ്വകാര്യ തട്ടിക്കൂട്ട് സംഘടനയുടെ അവാര്‍ഡ് വാങ്ങാന്‍. മന്ത്രിമാരുള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പാടിപ്പുകഴ്ത്തിയ മേയറുടെ ലണ്ടന്‍ സന്ദര്‍ശനം സ്വകാര്യ സന്ദര്‍ശനമാണെന്നും വിവരാവകാശ രേഖകളിലൂടെ തെളിയുന്നു.
വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പുരസ്‌കാരം യു.കെ പാര്‍ലമെന്റില്‍ വച്ച് ഏറ്റുവാങ്ങിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെയാണ് അറിയിച്ചിരുന്നത്. ഈ പുരസ്‌കാരത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മലയാളി ഉള്‍പ്പെടുന്ന തട്ടിക്കൂട്ട് സംഘടന പണം വാങ്ങി നല്‍കുന്ന പുരസ്‌കാരമാണെന്നും വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. ആര്യ രാജേന്ദ്രന് ലണ്ടനില്‍ നിന്നും ലഭിച്ചത് ലണ്ടന്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക പുരസ്‌കാരം അല്ലെന്ന വിവരാവകാശ രേഖയാണ് കഴിഞ്ഞ ദിവസം വിവരാവകാശ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി പായ്ചിറ നവാസിന് തിരുവനന്തപുരം നഗരസഭയില്‍ നിന്നും നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.
യു.കെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ ഹാളില്‍ നടന്ന ചടങ്ങിലാണ് സെപ്റ്റംബര്‍ 13 ന് പുരസ്‌കാര സമര്‍പ്പണം നടന്നത്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വാടകയ്ക്ക് കൊടുക്കാറുള്ള ഹാളില്‍ ആയിരുന്നു ചടങ്ങ്. അതുകൊണ്ട് തന്നെ ഈ പുരസ്‌കാരത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും മലയാളികളെ തിരുവനന്തപുരം മേയര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ മന്ത്രിമാരും സി.പി.എം നേതാക്കളും, പാര്‍ട്ടി പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ ആര്യയെ അഭിനന്ദിച്ച് കുറിപ്പുകള്‍ എഴുതുകയും ചെയ്തു. ലണ്ടനിലെ 'വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്' എന്ന സംഘടനയാണ് ആര്യ രാജേന്ദ്രനു പുരസ്‌കാരം നല്‍കിയത്. കിട്ടിയ സര്‍ട്ടിഫിക്കറ്റില്‍ 'ആര്യ രാജേന്ദ്രന്‍, സിപിഎം' എന്നാണ് എഴുതിയിരുന്നത്. ഒരു സ്വകാര്യ സംഘടന യു.കെ.യില്‍ നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയോടെ, നഗരസഭയുടെ ചെലവില്‍ യാത്ര നടത്തിയത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനമെന്ന് കഴിഞ്ഞ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ചയെന്നും പദ്ധതി നിര്‍വഹണത്തില്‍ പിന്നിലെന്നും വിവിധ പദ്ധതികള്‍ യഥാസമയം നടപ്പാക്കാത്തതുമൂലം കോടികള്‍ കോര്‍പ്പറേഷനു നഷ്ടമായതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികളില്‍ പകുതിയില്‍ താഴെ മാത്രമാണ് നടപ്പിലാക്കിയത്.
2023- 24 ല്‍ 1872 പദ്ധതികള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കിയതില്‍ നടപ്പിലാക്കിയത് 801 എണ്ണം മാത്രമാണ്. 1071 പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി നടത്തിപ്പുകളിലാണ് വീഴ്ച സംഭവിച്ചത്. 228.71 കോടി സര്‍ക്കാരില്‍ നിന്ന് അലോട്ട്മെന്റ് ലഭിച്ചിട്ടും 178.28 കോടി രൂപ മാത്രമാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. 50.43 കോടി രൂപ പാഴാക്കി.
കോര്‍പ്പറേഷന്റെ ഭരണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭരണസമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മേയറുടെ പക്വതക്കുറവും നിരവധി തവണ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം മേയര്‍ക്കും ഭരണകക്ഷിയിലെ സി.പി.എം അംഗങ്ങള്‍ക്കും പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ പക്വതയോടെ നേരിടാനും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണം മെച്ചപ്പെടുത്താനും എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനെക്കുറിച്ചാണ് പഠന ക്ലാസ് നല്‍കിയത്.
വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടത്തിയ ക്ലാസ്സില്‍ മുതിര്‍ന്ന സി.പി.എം നേതാക്കളോടൊപ്പം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്ലാസ് നയിച്ചിരുന്നു. ക്ലാസ്സുകള്‍ കൊണ്ട് യാതൊരു ഗുണവുമുണ്ടായില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടും മേയറുടെ പ്രവര്‍ത്തനങ്ങളും പ്രകടമാക്കുന്നത്.
