രണ്ട് ഒപ്പുകളിടുന്ന ആളെന്ന് സമ്മതിച്ചത് പ്രശാന്ത്; സര്‍ക്കാറില്‍ താല്‍ക്കാലിക ജോലി ഉണ്ടായിട്ടും ലൈസന്‍സ് കിട്ടി; പ്രശാന്തിന് പമ്പ് അനുവദിച്ചതില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് ഭാരത് പെട്രോളിയം; അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ്‌ഗോപിയും; പ്രശാന്ത് ഒരു ചെറുമീനല്ല! ആ പമ്പുടമയ്ക്ക് കേന്ദ്രത്തിലും പിടി!
ശ്രീകണ്ഠാപുരത്തെ ആ പമ്പുടമയ്ക്ക് ഉന്നതങ്ങളില്‍ പിടി?
കണ്ണൂര്‍: കണ്ണൂരിലെ പെട്രോള്‍ പമ്പ് വിവാദത്തില്‍ ഏറെ ചര്‍ച്ചയായത് പമ്പ് ലൈസന്‍സ് നേടിയെടുത്ത പ്രശാന്തിന് പിന്നിലാര് എന്നാണ്. ശ്രീകണ്ഠാപുത്തെ ഒരു പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിന് എടുത്തതും പിന്നാലെ പമ്പിന് ലൈസന്‍സിന് അപേക്ഷ നല്‍കി അത് നേടിയെടുക്കുകയും ചെയ്തത് പ്രശാന്തനായിരുന്നു. ഈ പ്രശാന്തിന്റെ ജോലി ആകട്ടെ പരിയാരം മെഡിക്കല്‍ കോളേജിലെ തല്‍ക്കാലിക ജീവനക്കാരന്‍ എന്നതും. ഈ സാഹചര്യത്തിലാണ് പ്രശാന്തിന് പിന്നില്‍ ബിനാമികളുണ്ടെന്ന ആക്ഷേപം നേരത്തെ മുതല്‍ ഉയര്‍ന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പോലും ഇടപെടല്‍ ഉണ്ടായതും.
നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രശാന്തിനെതിരെ ആരോപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇയാള്‍ക്കെതിരെ യാതൊരു നടപടിയും സര്‍ക്കാറും കൈക്കൊണ്ടില്ല. കള്ള ഒപ്പുകള്‍ അടക്കം തയ്യാറായിക്കെന്ന വിവാദങ്ങള്‍ അടക്കം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട. ഇങ്ങനെ പ്രശാന്തിന് സംരക്ഷണം ഒരുക്കാന്‍ വലിയൊരു സംഘം തന്നെയുണ്ടെന്ന സംശയങ്ങള്‍ ബലപ്പെട്ടു നില്‍ക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും പോലും പ്രശാന്തിന് ക്ലീന്‍ചിറ്റ് ലഭിക്കുന്നത്. പ്രശാന്തിന് പെട്രോള്‍ പമ്പ് അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് സുരേഷ് ഗോപി നേരത്തെവ വ്യക്തമാക്കിയരുന്നു.
ഇതിനെല്ലാം ശേഷം ഇപ്പോഴിതാ പ്രശാന്തിന് പെട്രോള്‍ പമ്പ് അനുവദിച്ചയില്‍ യാതൊരു കുഴപ്പങ്ങളുമല്ലെന്നും മാനദണ്ഡങ്ങളെല്ലാം പാലിച്ചാണെന്നുമാണ് പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ സ്വദേശി ശ്രീജയന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പ്രശാന്തിന് പെട്രോള്‍ പമ്പ് അനുവദിച്ചത് എന്ന് വ്യക്തമാക്കിയത്. എന്നാല്‍, വിവാദത്തില്‍ കൈക്കൂലി ആരോപണം അടക്കം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലും പുനപരിശോധനക്ക് പെട്രോളിയം കമ്പനി തയ്യാറല്ല.
മാത്രമല്ല, സര്‍ക്കാറില്‍ ജോലിയുള്ള ആളാണെങ്കില്‍ പമ്പ് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ചട്ടം. ഈ ചട്ടങ്ങളൊന്നും പ്രശാന്തിന്റെ കാര്യത്തില്‍ മുഖവിലക്കെടുത്തില്ലെന്നത് വ്യക്താണ്. ഇതോടെ പ്രശാന്തിന് ഉന്നതങ്ങളില്‍ പിടിയുണ്ടെന്ന ആക്ഷേപവും ശക്തമാകുകയാണ്. പെട്രോള്‍ പമ്പന്റെ ലൈസന്‍സ് വിഷയത്തില്‍ അടൂര്‍പ്രകാശ് ചോദ്യം ഉന്നയിച്ചപ്പോഴാണ് കേന്ദ്ര പ്രെടോളിയം സഹമന്ത്രി സുരേഷ് ഗോപി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.
വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ പരാതിലഭിച്ചിട്ടുണ്ടെന്നും യുക്തമായ നടപടി സ്വീകരിക്കുന്നതിന് പരാതി കേരള സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗം അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ പമ്പ് വിവാദത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോള്‍ പമ്പ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചത്. പമ്പുകളുടെ തിരഞ്ഞെടുപ്പും അത് റദ്ദാക്കലുമെല്ലാം തീരുമാനിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ശ്രീകണ്ഠാപുരം ചേരാന്‍മൂലയില്‍ പമ്പ് അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ എന്‍.ഒ.സി. നല്‍കിയതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പരാതികള്‍ സംസ്ഥാനസര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതായതിനാല്‍, നടപടിസ്വീകരിക്കുന്നതിന് കേരള സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍, ഭാരത് പെട്രോളിയത്തില്‍ നിന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പമ്പ് ലൈസന്‍സ് അനുവിദിച്ചത് എന്ന മറുപടി ലഭിച്ചതോടെ ഈ വിഷയത്തില്‍ ഇനി പ്രശാന്തിനെതിരെ കാര്യമായ നടപടി ഉണ്ടാകില്ലെന്നാണ് സൂചനകള്‍. മറുപടിയില്‍ ടി വി പ്രശാന്തന്‍ എന്നു പറഞ്ഞാണ് ഭാരത് പെട്രോളിയം ടെറിട്ടറി മാനേജര്‍ മറുപടി നല്‍കിയത്. ഇത് പ്രശാന്തിന്റെ ഇഷ്ടക്കാര്‍ പെട്രോളിയം കമ്പനിയിലും ഉണ്ടോ എന്ന സംശയവും ബലപ്പെടുത്തുന്നതാണ്.
അതേസമയ ഈ വിഷയത്തില്‍ ടി.വി പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് കൈക്കൊണ്ടിരുന്നത്. സ്വകാര്യ ബിസിനസ് സര്‍വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തത്. വിവാദമായ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ആളായ പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനാണ്. പുറത്താക്കിയതിനു പിന്നാലെ പ്രശാന്തിനെതിരെ പൊലീസ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും പ്രശാന്തിനെതിരെ ഉണ്ടായിട്ടില്ല.
പ്രശാന്തന്റെ ഒപ്പുകളില്‍ അടക്കം വൈരുധ്യങ്ങള്‍ നേരത്തെ പ്രകടമായിരുന്നു. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ പോലീസിനോട് പറഞ്ഞു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു. പെട്രോള്‍ പമ്പ് എന്‍ഒസിക്ക് വേണ്ടി നല്‍കിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പും വ്യത്യസ്തമായത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്. എന്നാല്‍ ആ രണ്ട് ഒപ്പുകളും തന്റേത് തന്നെയാണെന്നാണ് പ്രശാന്തന്‍ പറയുന്നത്.
ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് രണ്ടൊപ്പും തന്റേത് തന്നെയാണെന്ന് പ്രശാന്തന്‍ വാദിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്.