മുന്‍കോപം അനാഥമാക്കിയത് ആ പിഞ്ചു കുഞ്ഞുങ്ങളെ; കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനേയും ദുരന്തം അറിയിച്ചില്ല; ഓസ്‌ട്രേലിയയിലേക്കുള്ള മാറ്റത്തെ കുറിച്ചു തര്‍ക്കം കൊലയും ആത്മഹത്യയുമായെന്ന് നിഗമനം; പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; കുവൈത്ത് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍; സൂരജിനും ബിന്‍സിയ്ക്കും ഇടയില്‍ 'മൂന്നാമന്‍' ഇല്ല

Update: 2025-05-04 07:05 GMT

കുവൈത്ത് സിറ്റി: നഴ്‌സുമാരായ മലയാളി ദമ്പതികളെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വരും. ഇതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. വാരാന്ത്യ അവധിക്കുശേഷം അന്വേഷണ റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ ഇവരുടെ മക്കളെ ഇനിയും അച്ഛന്റേയും അമ്മയുടേയും മരണം അറിയിച്ചിട്ടില്ല. ബിന്‍സിയുടെ അച്ഛന്‍ കിടപ്പുരോഗിയാണ്. അദ്ദേഹത്തോടും ദുരന്തത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ല. ആ കുട്ടികളും ബിന്‍സിയുടെ അച്ഛനും ഈ ദുരന്തം എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്ക ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്.

വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. എന്നാല്‍, ദമ്പതികള്‍ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്. അതിനിടെ ബിന്‍സിയും സൂരജും നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്ന് ബിന്‍സിയുടെ സഹോദരന്‍ അടക്കം പറയുന്നു. കുടുംബ പ്രശ്‌നങ്ങളുടെ സൂചനകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. സൂരജിന് മുന്‍കോപമുണ്ട്. പക്ഷേ ഒരുതരത്തിലും ബിന്‍സിയെ സൂരജ് സംശയിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനായിരുന്നു ബിന്‍സിയുടെ താല്‍പ്പര്യം. എന്നാല്‍ സൂരജിന് അതിനോട് താല്‍പ്പര്യമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ അതിരുവിട്ടതെന്ന സൂചനകള്‍ മാത്രമാണ് പുറത്തു വരുന്നത്. ഏതായാലും ബാഹ്യ ശക്തികള്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ലെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി എല്ലാം പോലീസ് പരിശോധിച്ചിരുന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കി. പേടി കാരണമാണ് പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതെന്നും പൊലീസിനെ അപ്പോള്‍ അറിയിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞതായി അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബഹളം നിലച്ചപ്പോഴാണ് ആ ഫ്‌ളാറ്റിലേക്ക് അവര്‍ എത്തിയത്. പാര്‍പ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണു സംശയം തോന്നിയതും പൊലീസിനെ അറിയിച്ചതും. പൊലീസ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. നാട്ടില്‍ പഠിക്കുന്ന മക്കളെ അവധിയായതിനാല്‍ കഴിഞ്ഞ മാസം കുവൈത്തില്‍ കൊണ്ടുവന്നിരുന്നു.

ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുന്‍പാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്‌ട്രേലിയിലേക്കു കുടിയേറാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം. കുവൈത്തില്‍ വാരാന്ത്യ അവധിയായതിനാല്‍ നാളെയാണ് ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. 12 വര്‍ഷത്തോളമായി കുവൈത്തിലുള്ള ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍പോയശേഷം മടങ്ങിയെത്തിയത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റിലെ സ്‌കൂളില്‍ പഠിച്ചിരുന്ന നാലും ഏഴും വയസുള്ള മക്കളെ മണ്ണൂരിലെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി കുവൈത്തിലേക്ക് പോയത്. സൂരജ് ഈസ്റ്റര്‍ കഴിഞ്ഞും. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലി ചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സും. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച സൂരജിന്റെ നാടായ ആലക്കോട്ടേക്ക് ഇരുവരുടേയും മൃതദേഹങ്ങള്‍ എത്തിച്ചേക്കും. ചൊവ്വാഴ്ച സംസ്‌കാരം നടത്തും. നടുവില്‍ മണ്ഡളത്തെ പരേതനായ കുഴിയാത്ത് ജോയി- തങ്കമ്മ ദമ്പതികളുടെ മകനാണ് സൂരജ്. മണ്ണൂര്‍ കുഴൂര്‍ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിന്‍സി. മക്കള്‍: ടെസ മേരി, എഡ്വിന്‍ (പുല്ലുവഴി സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

Tags:    

Similar News