തീരദേശ ഹര്‍ത്താല്‍ ദിനം മേനംകുളത്ത് കണ്ടെത്തിയത് അജ്ഞാത ചെനീസ് നിര്‍മ്മിത ചെറുവള്ളം; വി എസ് എസ് സി ഉള്‍പ്പെടുന്ന തന്ത്രപ്രധാന സുരക്ഷാ മേഖലയില്‍ കണ്ടെത്തിയ വള്ളത്തില്‍ ചൈനീസ് ലഘുലേഖകളും കാലപ്പഴക്കം ചെന്ന ഇന്ത്യന്‍ മരുന്നുകളും; ആരെങ്കിലും എത്തിയോ എന്ന് ആര്‍ക്കും വ്യക്തതയില്ല; അതീവ ജാഗ്രതയില്‍ തിരുവനന്തപുരത്തെ തീരം
തീരദേശ ഹര്‍ത്താല്‍ ദിനം മേനംകുളത്ത് കണ്ടെത്തിയത് അജ്ഞാത ചെനീസ് നിര്‍മ്മിത ചെറുവള്ളം;
തിരുവനന്തപുരം: തിരുവനന്തപുരം തീരത്ത് അതീവ ജാഗ്രതയില്‍ സുരക്ഷാ സേന. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ ആറാട്ടുവഴി ബീച്ചില്‍ ചൈനീസ് നിര്‍മ്മിത ബോട്ട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. കഴക്കൂട്ടത്തിന് അടുത്താണ് ദുരൂഹമായ തരത്തില്‍ ബോട്ട് എത്തിയത്. ഈ ബോട്ട് എങ്ങനെയാണ് ഇവിടെ എത്തിയതെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയില്ല. ഏതോ കപ്പലില്‍ നിന്നും വീണ് എത്തിയതാകും എന്നതടക്കമുള്ള നിഗമനങ്ങള്‍ സജീവമാണ്.
ബോട്ട് കണ്ടെത്തിയതിന് തൊട്ടടുത്താണ് വി എസ് എസ് എസി എന്നതാണ് ആശങ്ക കൂട്ടുന്നത്. തീരദേശ ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ അന്ന് മത്സ്യ ബന്ധനത്തിന് ആരും കടലില്‍ പോയിരുന്നില്ല. ആ ദിവസമാണ് തന്ത്രപ്രധാന സുരക്ഷാ മേഖലയില്‍ ചെറുവള്ളത്തിന്റെ രൂപത്തിലുള്ള അജ്ഞാത ബോട്ട് കണ്ടത്. ആരെങ്കിലും ഈ ബോട്ടിലെത്തിയോ എന്ന് ഇനിയും വ്യക്തമല്ല. പ്രാഥമിക പരിശോധനകളില്‍ കോസ്റ്റല്‍ പോലീസിന് ആരും വന്നതായി സൂചനയും കിട്ടിയില്ല. ഏതോ വലിയ ബോട്ടില്‍ നിന്നും ഇത് വീണ് കടലിലിലൂടെ ഒഴുകിയെത്താനും സാധ്യതയുണ്ട്. ഏതായാലും മേഖലയാകെ അരിച്ചു പെറുക്കുകയാണ് കോസ്റ്റല്‍ പോലീസും കേരളാ പോലീസും.
ഒരു മത്സ്യ ബന്ധന തൊഴിലാളിയാണ് തീരത്ത് ബോട്ട് കണ്ടെത്തിയത്. വലിയ കപ്പലുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനും മറ്റ് ആവശ്യങ്ങള്‍ക്ക് പോകാനുമെല്ലാം ഉപയോഗിക്കുന്ന തരത്തിലെ ബോട്ടാണ് തീരത്ത് എത്തിയത്. മേനംകുളത്തിന് അടുത്താണ് ആറാട്ടു വഴി ബീച്ച്. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ഓളം ദൂരമേ വി എസ് എസ് സിയിലേക്കുള്ളൂ. ഉപരാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഭാഗമായി അതീവ സുരക്ഷയിലാണ് കേരള തലസ്ഥാനം. ഇതിനിടെ കണ്ടെത്തിയ ബോട്ടിനെ അതു കൊണ്ട് കൂടി ഗൗരവത്തോടെ എടുക്കേണ്ട സാഹചര്യം കേരളാ പോലീസിനുണ്ടായിരുന്നു. ഫെബ്രുവരി 26ന് അര്‍ദ്ധരാത്രി 11.30ഓടെയാണ് സമീപവാസിയുടെ കണ്ണില്‍ ഈ ബോട്ട് പെട്ടത്.
വലിയ കപ്പലില്‍ നിന്നും തീരത്തേക്ക് ആളുകള്‍ എത്തുന്നതിനായി ഉപയോഗിക്കുന്ന ചെറു ബോട്ടായതു കൊണ്ടു തന്നെ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. കപ്പല്‍ വിശദമായി പരിശോധിച്ചു. ചൈനീസ് എഴുത്തുകളും കാലപ്പഴക്കം ചെന്ന മരുന്നുകളും അതിലുണ്ടായിരുന്നു. ഷാങ്ഹായ് ടിയാന്‍ ജുന്‍ എന്ന കമ്പനിയുടേതാണ് വള്ളം മാതൃകയിലുള്ള ചെറു ബോട്ട്. ഇതിലുള്ള മരുന്നുകള്‍ ഇന്ത്യന്‍ നിര്‍മ്മിതവുമായിരുന്നു. വഴിഞ്ഞത്തേക്ക് വന്ന ഏതെങ്കിലും കപ്പലില്‍ നിന്നും അടര്‍ന്ന് വീണ് ഒഴുകിയെത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കോസ്റ്റല്‍ പോലീസ് തീരത്തുടനീളം പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്തെ തീരത്താകെ അതീവ ജാഗ്രതയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാതോടെ ആശങ്ക ഏതാണ്ട് ഒഴിയുകയും ചെയ്തു. സിസിടിവി പരിശോധനകളില്‍ അടക്കം സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നതാണ് നിര്‍ണ്ണായകം. ബ്ലൂ ഇക്കണോമിയുടെ ഭാഗമായി കടലും തീരവുമൊന്നിച്ച് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യമേഖലയിലെ സംഘടനകള്‍ സംയുക്തമായി നടത്തിയ തീരദേശ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയിലെ തീരമേഖല പൂര്‍ണമായും നിശ്ചലമായി.
ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങിയില്ല. മത്സ്യ കയറ്റുമതിയും വില്‍പ്പനയും അനുബന്ധ ഇടപാടുകളും നിലച്ചു. വ്യാഴം അര്‍ധരാത്രി മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ മത്സ്യമേഖലയിലെ സംഘടനകള്‍ക്കൊപ്പം അനുബന്ധ മേഖലയിലുള്ളവരും വ്യാപാരികള്‍, മോട്ടോര്‍ വാഹന രംഗത്തുള്ളവര്‍, മസ്ജിദ്, ക്ഷേത്രം, പള്ളിക്കമ്മിറ്റികള്‍ ഉള്‍പ്പെടെ പങ്കാളികളായി. ഇതേ ദിവസമാണ് രാത്രിയില്‍ അജ്ഞാത വള്ളം മേനംകുളത്തെ ബീച്ചില്‍ കണ്ടെത്തിയത്.