എറണാകുളത്ത് നിന്നും അഞ്ചൂറു രൂപയ്ക്ക് വാങ്ങി ടിബറ്റിലെ ബുദ്ധ സന്യാസിമാരുടേതെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങിയത് 3000; കുണ്ഡലിനി ഉണര്‍ന്നാല്‍ എന്തും നിസ്സാരമായി നേടാമെന്ന മോഹ വാഗ്ദാനത്തില്‍ നിറച്ചത് പ്രപഞ്ചോര്‍ജ്ജം; കഞ്ചാവ് കൂട്ടു നല്‍കി ചിരിപ്പിച്ചും കരയിപ്പിച്ചും കോടീശ്വരനായി; ഹിമാലയന്‍ മാസ്റ്റര്‍ വനംവകുപ്പിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍; ഡോ അഷ്‌റഫ് സൂപ്പര്‍ ഫ്രോഡ്; മന്ത്രി ശശീന്ദ്രന്‍ ഇതുവല്ലതും അറിഞ്ഞോ?

Update: 2025-02-12 05:09 GMT

കണ്ണൂര്‍: ഹിമാലയത്തില്‍ നിന്ന് അദ്ഭുതസിദ്ധിയെന്ന പേരു പറഞ്ഞ് കോടികള്‍ തട്ടിപ്പ് നടത്തിയ ഡോ അഷ്‌റഫിനെതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹിമാലയന്‍ മിസ്റ്റിക് തേര്‍ഡ് ഐ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഡോ. അഷ്റഫ്, കെ.എസ്. പണിക്കര്‍, അനിരുദ്ധന്‍, വിനോദ് കുമാര്‍, സനല്‍, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട് എന്നിവരുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഒട്ടേറെപേരില്‍നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തതായി മമ്പറം സ്വദേശിയായ റിട്ട. അധ്യാപകന്‍ പ്രശാന്ത് മാറോളിയുടെ പരാതിയിലാണ് കേസെടുത്തത്. ചട്ടുകപ്പാറ സ്വദേശി എം.പി. ഹിമോജും പരാതി നല്‍കിയിട്ടുണ്ട്. ഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും കുട്ടികള്‍ക്ക് അധികം അധ്വാനമില്ലാതെ കൂടുതല്‍ മാര്‍ക്ക് നേടാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇത്തരം വാഗ്ദാനങ്ങളില്‍ വിശ്വസിച്ചവര്‍ കെണിയില്‍ വീഴുകയായിരുന്നു. ക്ലാസില്‍ പങ്കെടുക്കുന്നതിന് ഗഡുക്കളായി പണം ഈടാക്കി. തിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്യാസികളില്‍നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. അജന്ത എല്ലോറ, ഇടുക്കി, ലക്ഷദ്വീപ്, ബെംഗളൂരു എന്നിവിടങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയും പണം തട്ടി. ഗുരുവിന്റെ ഊര്‍ജവലയത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ പല കഴിവുകളും ഉണരുമെന്ന് വിശ്വസിപ്പിച്ചാണ് വിനോദയാത്രയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതെന്നായിരുന്നു ആരോപണം. അന്വേഷണത്തില്‍ തെളിയുന്നത് ഇതിലും ഞെട്ടിക്കുന്ന തട്ടിപ്പുകളാണ്.

സംസ്ഥാനത്തൊട്ടാകെ 4000 ശിക്ഷ്യന്മാര്‍ ഉണ്ടായിരുന്ന ഹിമാലയന്‍ മാസ്റ്റര്‍ ഡോക്ടര്‍ അഷ്റഫ് രണ്ട് ദിവസം മുന്‍പാണ് കണ്ണൂരില്‍ പിടിയിലാകുന്നത്. കുണ്ഡലിനി ഉണര്‍ന്നാല്‍ ജീവിതത്തിലെ എന്ത് കാര്യവും നിസ്സാരമായി നേടാം എന്നാണ് ശിക്ഷ്യന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മാനസികമായും സാമ്പത്തികമായും ഉന്നതിയിലെത്താം. ഇതിനായി ഹിമാലയത്തില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി കൊണ്ട് വന്നെന്ന് അവകാശപ്പെടുന്ന ഔഷധക്കൂട്ട് ആളുകള്‍ക്ക് നല്‍കുകയും ചെയ്തു. ഈ ലേഹ്യം നല്‍കുന്ന ആളുകളെ ഒരു ദിവസം മുഴുവന്‍ മുറിയില്‍ അടച്ചിടും. ഇത് കഴിക്കുന്ന ആള്‍ക്കാര്‍ സ്വയബോധം നഷ്ടമായ അവസ്ഥയിലാവും. ലേഹ്യം കഴിച്ച് മണിക്കൂറുകളോളം ചിരി നിര്‍ത്താന്‍ കഴിയാതെ വന്നവരുമുണ്ട്. ചിലര്‍ മണിക്കൂറുകളോളം ഒരു കാര്യവുമില്ലാതെ കരയും. അടച്ചിട്ട മുറിയില്‍ നിര്‍ത്താതെ ഓടിയവരും ഉണ്ട്. ഇതില്‍ കഞ്ചാവ് കലര്‍ത്തിയിരുന്നതായാണ് പരാതിക്കാര്‍ പറയുന്നത്. ഈ കുണ്ഡലിനി ക്രിയയ്ക്കായി ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്. ധ്യാനത്തിന് മുന്നേ നെറ്റിയില്‍ വെക്കുന്നതിനായി ശിക്ഷ്യന്മാര്‍ക്ക് ത്രികോണ ആകൃതിയിലുള്ള ഒരു ലോഹം നല്‍കിയിരുന്നു. ഇതിനായി 3000 രൂപയാണ് ഈടാക്കിയിരുന്നത്. ടിബറ്റില്‍ നിന്നും കൊണ്ട് വന്ന അത്യപൂര്‍വമായ ഒരു ലോഹമാണിതെന്നാണ് ഹിമാലയന്‍ മാസ്റ്റര്‍ ശിഷ്യന്മാരോട് പറഞ്ഞിരുന്നത്.

ടിബറ്റിലെ ബുദ്ധസന്യാസിമാര്‍ മാത്രം ഉപയോഗിക്കുന്ന ഈ ലോഹത്തിന് ലക്ഷങ്ങള്‍ വിലയുണ്ടെന്നുമായിരുന്നു വാദം. ഇയാള്‍ കൊണ്ട് വന്നതായി ആളുകളെ വിശ്വസിപ്പിച്ചിരുന്നു. എന്നാലിത് എറണാകുളത്തെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്നും 500 രൂപയ്ക്ക് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൂടാതെ, വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തില്‍ ഹിമാലയന്‍ മാസ്റ്ററെ കയറ്റി യാത്ര ചെയ്‌തെന്നുള്ള രൂക്ഷമായ ആരോപണവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തട്ടിപ്പിനിരയായവരിൽ ഒരാള്‍ പരാതിയും നല്‍കിയിട്ടുണ്ട്. തട്ടിപ്പിണറായായവരില്‍ ഒരാള്‍ വാളയാറിലെ വനം വകുപ്പ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാന്‍ എത്തിയ മാസ്റ്റര്‍ക്ക് ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു മാസ്റ്റര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഇതിലൂടെ ഉദ്യോഗസ്ഥന്‍ തന്റെ പദവി ദുര്‍വിനിയോഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. പല തവണ മാസ്റ്റര്‍ വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചതായും ആക്ഷേപമുണ്ട്.

ഇയാളുടെ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഗഡുക്കളായാണ് തട്ടിപ്പിനിരയായവര്‍ പണം നല്‍കിയത്. ടിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്ന്യാസികളില്‍നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് ഇവര്‍ ക്ലാസുകളില്‍ പറഞ്ഞിരുന്നത്. അടിസ്ഥാന ക്ലാസിന് 15,000 രൂപവരെ വാങ്ങും. പിന്നീടുള്ള ഓരോ ക്ലാസിനും ഫീസ് കൂടുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയായ അഷറഫ് ബാബ ഹിമാലയന്‍ മാസ്റ്റര്‍ എന്ന പേരിലാണ് ക്ലാസുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിമാലയത്തില്‍നിന്നാണ് അദ്ഭുതസിദ്ധി ലഭിച്ചതെന്നും 100 ഗുരുക്കന്‍മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്നും പറഞ്ഞതായി ക്ലാസില്‍ പങ്കെടുത്ത പരാതിക്കാരമായ എം.പി. ഹിമോജ് പറയുന്നു. ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും കുട്ടികള്‍ക്ക് അധികം അധ്വാനമില്ലാതെ കൂടുതല്‍ മാര്‍ക്ക് വാങ്ങാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. പ്രപഞ്ചോര്‍ജം ഉപയോഗിച്ച് നേട്ടം കൈവരിക്കാമെന്നായിരുന്നു വാഗ്ദാനം. ഹിമാലയന്‍ മാസ്റ്റര്‍ ഡോക്ടര്‍ അഷ്‌റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്താണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചത്.

ടിബറ്റിലെയും നേപ്പാളിലെയും സന്യാസിമാരില്‍ നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നും ആളുകളെ വിശ്വസിപ്പിച്ചു. ക്ലാസുകള്‍ക്കായി പലരില്‍ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപയെന്നാണ് പരാതി.

Tags:    

Similar News