എം.വി ഗോവിന്ദന്റെ ഭാര്യയായാല്‍ സീറ്റ് ഉറപ്പോ? തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം; ജനകീയ പ്രതിച്ഛായ ഇല്ലെന്ന് വിമര്‍ശനം; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണം ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം; യു.ഡി.എഫ് വോട്ടുനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇടതുകോട്ടയില്‍ പടലപ്പിണക്കം; തളിപ്പറമ്പ് കൈവിടുമോ എന്നും ആശങ്ക
തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം
കണ്ണൂര്‍ : തളിപറമ്പ് മണ്ഡലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സി.പി.എം അണികള്‍ക്കിടെയില്‍ എതിര്‍പ്പ് വ്യാപകമാവുന്നു. ഇതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതികൂല പ്രതികരണവുമായി പാര്‍ട്ടി അണികളും അനുഭാവികളും രംഗത്തുവന്നിരിക്കുകയാണ്.
സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന പരിഗണന വെച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിമര്‍ശനം. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ വ്യവസായ സംരംഭകന്‍ കൊറ്റാളിയിലെ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനായ പി.കെ ശ്യാമളയുടെ ഇടപെടലുകള്‍ മറക്കരുതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
സി.പി.എം കോട്ടയായ തളിപ്പറമ്പ് മണ്ഡലം നഷ്ടപ്പെടാന്‍ പി.കെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം വഴിവയ്ക്കുമെന്ന ആശങ്കയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. പി.കെ ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്ന മോറാഴയിലും ആന്തൂരിലും തളിപ്പറമ്പിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായോ അനുഭാവികളുമായോ പി.കെ ശ്യാമളയ്ക്ക് സി.പി.എം നേതാവെന്ന നിലയില്‍ ജനകീയ ബന്ധങ്ങളൊന്നുമില്ലെന്ന വിമര്‍ശനവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ നേതാവായ എന്‍. സുകന്യ, എം.വി.നികേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍ എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നുവെങ്കിലും പി.കെ. ശ്യാമളയ്ക്ക് അനുകൂലമായാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും പി.കെ ശ്യാമളയുടെ പേരാണ് നിര്‍ദ്ദേശിച്ചത്.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമാണ് പി.കെ. ശ്യാമള.ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ള ഇവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന നിലയിലല്ല സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഏരിയാ, ലോക്കല്‍ തലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് അവതരിപ്പിക്കുമ്പോള്‍ അതിശക്തമായ എതിര്‍പ്പ് ഉയര്‍ത്താന്‍ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനാണ് ഇവരുടെ നീക്കം.
കഴിഞ്ഞ തവണ സംസ്ഥാനമാകെ ഇടതുതരംഗം അലയടിച്ചിട്ടും എം.വി ഗോവിന്ദന്‍ കഷ്ടിച്ച് ഇരുപതിനായിരം വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദിനോട് വിജയിച്ചു കയറിയത്. ഇതു സി.പി.എമ്മിന് വലിയ ക്ഷീണം ചെയ്തിരുന്നു. ആന്തൂര്‍, പറശിനി പാടിക്കുന്ന്, മയ്യില്‍, മലപ്പട്ടം തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് മണ്ഡലത്തിലാണ് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടയായ മയ്യില്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പോലും വോട്ടു നേടിയിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി അബ്ദുള്‍ റഷീദ് തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അഞ്ചു വര്‍ഷമായി മണ്ഡലത്തില്‍ സജീവമാണ് അബ്ദുള്‍ റഷീദ്. കോണ്‍ഗ്രസിന് മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയേറെയാണ്. തളിപറമ്പ് നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്. മുസ്ലീം ലീഗിന്റെ പല ശക്തികേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. സി.പി.എം - സി.പി.ഐ ബന്ധവും തളിപ്പറമ്പില്‍ സുഖകരമായല്ല മുന്‍പോട്ടു പോകുന്നത്. കീഴാറ്റൂരില്‍ മുന്‍ തളിപറമ്പ നഗരസഭാ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളിധരനും അനുയായികളും സി.പി.ഐയില്‍ ചേര്‍ന്നതു മുതല്‍ കൊണ്ടും കൊടുത്തും കള്ള കേസില്‍ കുടുക്കിയും പോരടിക്കുകയാണ് ഇരു പാര്‍ട്ടികളും ഈ സാഹചര്യത്തിലാണ് പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം പ്രഖ്യാപിക്കുന്നത്.
