ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി
ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം!
ടെഹ്റാന്‍/റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ ലോകം വന്‍ യുദ്ധഭീതിയിലാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മേഖലയില്‍ നിരവധി ആക്രമണ-പ്രത്യാക്രമണങ്ങളുണ്ടായി.
റിയാദിലെ യുഎസ് എംബസിക്ക് തീപിടിച്ചു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ യുഎസ് എംബസിക്ക് തീപിടിച്ചു. നാല് ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും എംബസി കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് ഉടന്‍ മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ബഹ്റൈനിലെ യുഎസ് താവളത്തിന് നേരേ ആക്രമണം
ബഹ്റൈനിലെ ഷെയ്ഖ് ഇസയിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ 20 ഡ്രോണുകളും മൂന്ന് മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തി. കമാന്‍ഡ് സെന്ററുകളും ഇന്ധന ടാങ്കുകളും തകര്‍ന്നു എന്നാണ് ഇറാന്റെ അവകാശവാദം. ഇതിന് പിന്നാലെ കുവൈറ്റിലെ യുഎസ് എംബസി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.
യുഎഇയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തം
ഫുജൈറ തുറമുഖത്തെ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ വെടിവെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തമുണ്ടായി. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും എണ്ണ വിപണിയെ ഇത് കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി മന്ത്രാലയം അറിയിച്ചു. ആകെ 174 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. ഇതില്‍ 161 എണ്ണം പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. ബാക്കി 13 എണ്ണം കടലില്‍ പതിച്ചു. ആകെ 8 ക്രൂസ് മിസൈലുകള്‍ കണ്ടെത്തുകയും അവ എട്ടും വിജയകരമായി തകര്‍ക്കുകയും ചെയ്തു. ആകെ 689 ഡ്രോണുകള്‍ കണ്ടെത്തി. ഇതില്‍ 645 എണ്ണം വെടിവെച്ചിട്ടു. എന്നാല്‍ 44 ഡ്രോണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചു.
ഖത്തര്‍ വ്യോമപാത അടച്ചു
സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഖത്തര്‍ വ്യോമപാത പൂര്‍ണ്ണമായും അടച്ചു. ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങള്‍ ഒമാനിലേക്ക് തിരിച്ചുവിട്ടു.
ഹോര്‍മുസ് കടലിടുക്ക് അടച്ചു; ഇറാന്‍ കമാന്‍ഡറുടെ മുന്നറിയിപ്പ്
ലോകത്തിന്റെ എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ഇതുവഴി കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനും തീയിടുമെന്നാണ് ഇറാന്റെ ഭീഷണി.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറിലെ പ്രധാന എല്‍എന്‍ജി പ്ലാന്റുകള്‍ (റാസ് ലഫാന്‍, മെസയീദ്) പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ലോകത്തെ വാതക ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന മേഖലയാണിത്.
ഇസ്രയേല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം:
ഇറാനിലെ കെര്‍മന്‍ പ്രവിശ്യയില്‍ യുഎസ്-ഇസ്രയേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ആസ്ഥാനത്തിന് നേരെയും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.
ഭാരതത്തിന്റെ ആശങ്ക:
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
മേഖലയില്‍ യുദ്ധം മുറുകുമ്പോള്‍ ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയും എണ്ണവില വര്‍ദ്ധനവുമാണ് ലോകത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.
