ജീവാ ലാബിലെ ബയോപ്‌സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്‍
കൊച്ചി: മെഡിക്കല്‍ രംഗത്തെ വ്യാജന്മാര്‍ക്ക് എതിരെ സമൂഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പട പൊരുതാന്‍ ഇറങ്ങിയ ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ എങ്ങനെ ക്രൂശിക്കപ്പെടുന്നു എന്ന് കാണുക. ജനങ്ങളുടെ സപ്പോര്‍ട്ട് ഏറ്റവും ആവശ്യമുള്ള സമയം. മാക്‌സിമം ഷെയര്‍ ചെയ്യുക. @top fasnr-ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റിന്റെ ആഹ്വാനമാണ് ഇത്. ഇതിനൊപ്പം നല്‍കിയിരിക്കുന്നത് ഡോ ജോജോ വി ജോസഫ് എന്ന ക്യാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധന്റെ പോസ്റ്റാണ്. ഡോക്ടറുടെ പോസ്റ്റ് ഇങ്ങനേയും... മറുനാടന്‍ എന്നൊരു ചാനെല്‍ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് അതായത് കാന്‍സര്‍ ഇല്ലാത്ത ഒരു റിപ്പോര്‍ട്ട് ചേര്‍ത്ത് ഫേസ്ബുക്കില്‍/ഇന്‍സ്റ്റാഗ്രാം പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ട് വേറെ ആണ്.. എന്നാല്‍ പേഷ്യന്റ് പ്രൈവസി കാരണം മുഴുവന്‍ ചേര്‍ക്കാന്‍ പറ്റില്ല എങ്കിലും പ്രസക്തഭാഗം-ഇതാണ് ഡോ ജോജോ വി ജോസഫിന്റെ പോസ്റ്റ്. ഈ പോസ്റ്റില്‍ ഒരു തന്ത്രമുണ്ട്. പേഷ്യന്റിന്റെ പ്രൈവസി കാരണം മുഴുവന്‍ ചേര്‍ക്കില്ലെന്ന് പറയുന്ന ഭാഗം. ആ ഭാഗത്തെ കുറിച്ചാണ് ഡോ വിഷ്ണു എന്‍ഡോക്രിനോളിസ്റ്റിനെ ഓര്‍മിപ്പിക്കാനുള്ളത്. ഹോര്‍മോണ്‍ ചികില്‍സാ ഡോക്ടര്‍ ഈ വാര്‍ത്ത ആഴത്തില്‍ പഠിക്കണം. അതിന് ശേഷമാകണം പ്രതികരണം നല്‍കേണ്ടത്. ഡോ ജോജോ വി ജോസഫിന്റെ പ്രസക്തഭാഗം കണ്ട് പ്രതികരിക്കരുത്. പ്രസക്തഭാഗങ്ങളിലേക്ക് അപ്പുറം വിശദ പരിശോധനയിലും സൂക്ഷ്മ നിരീക്ഷണത്തിലും വേണം രോഗ നിര്‍ണ്ണയം നടത്താന്‍. ഷീജാ പ്രഭാകരന് വലത് മാറിടം നഷ്ടമാകാന്‍ കാരണവും വിശദ-സൂക്ഷ്മ നിരീക്ഷണം ചികില്‍സയില്‍ നഷ്ടമായതാണ്. സോഷ്യല്‍ മീഡിയാ പ്രതികരണത്തില്‍ എങ്കിലും അത് വേണം. പിഴവ് സംഭവിച്ചത് ആശുപത്രിയിലാണ്. അല്ലാതെ ചികില്‍സയ്‌ക്കെത്തിയ ആള്‍ക്കല്ലെന്നെങ്കിലും ന്യായീകരണ തൊഴിലാളികള്‍ മനസ്സിലാക്കണം.
ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റിന്റെ മുന്നില്‍ ചില ചോദ്യങ്ങള്‍ മറുനാടന്‍ ഉയര്‍ത്തുകയാണ്... അതാണ് ചുവടെ
1, ഡോ ജോജോ വി ജോസഫിന്റെ പോസ്റ്റിലെ രേഖ ജീവാ ലാബിലേതാണ്. ഈ ജീവാ ലാബിലെ ബയോപ്്‌സി പരിശോധനാ ഫലം തെറ്റായിരുന്നു. തുടര്‍ ചികില്‍സയ്ക്കായി ഡോ ജോജോ വി ജോസഫിന്റെ അടുത്ത് ഷീജാ പ്രഭാകരന്‍ എത്തുന്നു. ജീവാ ലാബിലെ പരിശോധനാ ഫലം ശരിയാണോ എന്ന് അറിയാന്‍ ഡോ വിപി ഗംഗാധരന്റെ നിര്‍ദ്ദേശാനുസരണം ലേക്ഷോറിലും ബയോപ്‌സി നടത്തുന്നു. ഈ ബയോപ്‌സി ഫലം ഡോ ജോജോ വി ജോസഫിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയാ ദിവസത്തിന് മുമ്പ് കിട്ടുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് ഡോക്ടര്‍ പരിശോധിക്കേണ്ടത് അല്ലേ?
2, ജീവാ ലാബിലെ ബയോപ്‌സി റിപ്പോര്‍ട്ടും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? ശസ്ത്രക്രിയയ്ക്ക് മുമ്പ് പുതിയൊരു ലാബ് റിപ്പോര്‍ട്ട് വന്നാല്‍ അത് പരിശോധിക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമല്ലേ? അത്തരത്തില്‍ ഉത്തരവാദിത്തം നിറവേറ്റേണ്ട ഡോക്ടര്‍ പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് ഒരു സാധാരണക്കാരന്റെ അവയവം മുറിച്ചു മാറ്റുന്നത് ശരിയാണോ? ഇത്തരത്തിലൊന്ന് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമല്ലേ?
3, വലതു മാറിടം നഷ്ടമായ ഒരു സാധാരണക്കാരി തന്റെ വേദന ലോകത്തോട് അറിക്കാന്‍ മറുനാടനെ ബന്ധപ്പെടുമ്പോള്‍ അത് ചെയ്യാതിരിക്കുന്നത് മാധ്യമ ധര്‍മമല്ലേ? അത് ചെയ്ത മറുനാടനെ പഴയ ബയോപ്‌സി റിപ്പോര്‍ട്ട് ഫെയ്‌സ് ബുക്കില്‍ ഇട്ട് പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പ്രവര്‍ത്തി ക്രിമിനല്‍ കുറ്റമല്ലേ? ഇങ്ങനെയാണോ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ പ്രതികരിക്കേണ്ടത്?
4, ഡോ ജോജോ വി ജോസഫിനെതിരെ പോലീസ് എഫ് ഐ ആര്‍ ഉണ്ട്. കുടുംബം പരസ്യമായി തന്നെ പരാതിയും പറയുന്നു. ഈ അവസരത്തില്‍ വാര്‍ത്ത കൊടുക്കുന്നത് മോഡേണ്‍ മെഡിസന്റെ എത്തിക്‌സ് പോലെ മാധ്യമ ധര്‍മ്മം ഉയര്‍ത്തി പിടിക്കുന്ന നടപടിയല്ലേ? പേഷ്യന്റിന്റെ പ്രൈവസിയില്‍ കള്ളം പറയുന്ന ഡോ ജോജോ വി ജോസഫിനെതിരെ നിയമ നടപടികള്‍ തുടരേണ്ടതല്ലേ? ഇപ്പോള്‍ ജനങ്ങളുടെ സപ്പോര്‍ട്ട വേണ്ടത് ഷീജാ പ്രഭാകരന് അല്ലേ?
ഡോ ജോജോ വി ജോസഫിന്റെ ചികില്‍സയിലെ പോരായ്മകള്‍ മാത്രമാണ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് എഫ് ഐ ആറും വലതു മാറിടം നഷ്ടമായ വ്യക്തിയുടെ പരസ്യ പ്രതികരണവും ഉണ്ട്. 2024 ഫെബ്രുവരിയിലാണ് ഇതെല്ലാം സംഭവിച്ചത്. ചികില്‍സിച്ച ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങി അവര്‍ അപ്പോള്‍ തന്നെ പോലീസില്‍ പരാതിയുമാക്കി. 2024 ഓഗസ്റ്റില്‍ പോലീസ് എഫ് ഐ ആറും ഇട്ടു. പക്ഷേ നടപടികള്‍ ഒന്നും ആരുമെടുത്തില്ല. ശരീരാവയവം നഷ്ടമായ സാധാരണക്കാരിയുടെ കണ്ണീര്‍ അന്ന് പൊതു സമൂഹം അറിയാതെ പോയി. നടപടികള്‍ ആകാതെ വന്നപ്പോഴാണ് അവര്‍ രേഖകളുമായി മറുനാടനെ സമീപിച്ചത്. അങ്ങനെയാണ് വാര്‍ത്ത നല്‍കിയത് എന്ന് കൂടി ഡോ വിഷ്ണു മനസ്സിലാക്കുക. ഇത്തരം വാര്‍ത്തകള്‍ ഇനിയും മറുനാടന്‍ നല്‍കും. മറ്റൊരു മാധ്യമവും ഇതൊന്നും സംഘടിത വിഭാഗങ്ങളെ ഭയന്ന് കൊടുക്കില്ലായിരിക്കാം. ഇത്തരം വാര്‍ത്തകള്‍ സാധാരണക്കാരുടെ പക്ഷത്ത് നിന്നും കൊടുക്കുന്നതു കൊണ്ടാണ് മെഡിക്കല്‍ രംഗത്തെ അവയവ മാഫിയ പോലും മറുനാടനെതിരെ കൊല വിളി നടത്തുന്നത്. ഇത്തരക്കാരുടെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ ആരോപണങ്ങളെ മറുനാടന ചെറുക്കാന്‍ രേഖകളുടെ ശക്തിബലം എന്നും ഉണ്ടായിരുന്നു.
ഡോ വിഷ്ണുവിന് വായിക്കാന്‍ ഷീജാ പ്രഭാകരന്റെ കണ്ണീര്‍ കഥ ചുവടെ
കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ മാറിടം മുറിച്ചുമാറ്റി എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിനിയായ 54 വയസ്സുകാരി ഷീജാ പ്രഭാകരന്റെ വലതു മാറിടമാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്. 2024 ലാണ് സംഭവം. മാറിടത്തില്‍ വേദന വന്നതിനെ തുടര്‍ന്ന് ഷീജാ പ്രഭാകരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോളി ടി ജോസഫ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൊടകര ശാന്തി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പ്രാഥമിക പരിശോധനയില്‍ ബ്രസ്റ്റ് കാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പോളി ടി ജോസഫ് പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ച ഷീജ ശാന്തി ഹോസ്പിറ്റലിനേക്കാള്‍ കുടുതല്‍ സൗകര്യമുള്ള കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തി.
2024 ഫെബ്രുവരി 2 ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വിപി ഗംഗാധരനെയാണ് കണ്ടത്. റിസള്‍ട്ട് നോക്കിയ ശേഷം ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് തൃശൂരിലെ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധിക്കണമെന്നും അതിന് ശേഷം മാത്രമേ സര്‍ജറി നടത്തൂ എന്നും ഡോക്ടര്‍ ഷീജയോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അതേ ദിവസം രാത്രിയോടെ തൃശൂരിലെ ലാബില്‍ നിന്നും ബയോപ്സി സാംപിള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബയോപ്സിക്കായി ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് സാംപിള്‍ അയച്ചു. പിന്നീട് കണ്ടത് ഡോക്ടര്‍ ബിനിലിനെയാണ്. മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം ഉടന്‍ സര്‍ജറി നടത്തണമെന്ന് അറിയിച്ചു.
സര്‍ജറിക്കായി ഓണ്‍കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫിനെയാണ് കണ്ടത്. സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 16 ന് ആശുപത്രിയില്‍ അഡ്മിറ്റായി. 17 ന് ഷീജയുടെ മാറിടം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മൊബൈലില്‍ പകര്‍ത്തിയ ലേക്ക് ഷോര്‍ ആശുപത്രിയിലെ ബയോപ്സി റിസള്‍ട്ട് വ്യക്തമായി പരിശോധിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നത്. കാന്‍സര്‍ ഇല്ലാ എന്ന്. ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് അയച്ചപ്പോഴും കിട്ടിയ റിസള്‍ട്ടിലും കാന്‍സര്‍ ഇല്ലാ. ഇതോടെ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബന്ധു ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് കൊടുത്ത സാംപിള്‍ തിരികെ വാങ്ങി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ബയോപ്സി ചെയ്തു. അപ്പോഴും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കാന്‍സര്‍ ഇല്ല. അപ്പോഴാണ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ ബയോപ്സ് റിസള്‍ട്ട് നോക്കാതെയാണ് ഡോ.ജോജോ വി ജോസഫ് സര്‍ജറി നടത്തിയത് എന്ന് മനസ്സിലായത്.
കാന്‍സറില്ലാതിരുന്ന തന്റെ മാറിടം മുറിച്ചു മാറ്റിതിനെതിരെ ഷീജ പരാതിയുമായി മുന്നോട്ട് പോയി. കടവന്ത്ര പോലീസ് തൃശൂരിലെ ജീവാ ലബോറട്ടറീസ്, കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, ഡോ. ജോജോ വി ജോസഫ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.എന്‍.എസ് 125, 125(b) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം തൃശൂരിലെ ജീവാ ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത് എന്ന് ഡോ.ജോജോ വി ജോസഫ് മറുനാടനോട് പ്രതികരിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ കൊണ്ടു വരുന്ന പരിശോധനാ ഫലം വീണ്ടും പരിശോധിപ്പിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു. ഞങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് വച്ച് ആരും സര്‍ജറി ചെയ്യാറില്ലാ എന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവാ ലബോറട്ടറിയുടെ വിചിത്രമായ പ്രതികരണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും കാന്‍സറില്ലാത്ത അമ്മയുടെ മാറിടം മുറിച്ചു മാറ്റിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷീജയുടെ മകള്‍ കാവ്യ പറഞ്ഞു.
