ഗ്രീഷ്മയുടെ 'പ്രണയ വിഷം' തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന്‍ മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര്‍ ചതിയൊരുക്കിയപ്പോള്‍ സസ്‌പെന്‍ഷന്‍; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ 'സേതുരാമയ്യര്‍' ഓണ്‍ ആക്ഷന്‍; കെജെ ജോണ്‍സണ്‍ നേര് കണ്ടെത്തുമ്പോള്‍
കാസര്‍കോട്: എല്ലാവരും മറന്നു തുടങ്ങിയതാണ് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം. അങ്ങനെ മറന്നു തുടങ്ങിയവര്‍ ഒന്നും കാസര്‍കോട്ടെ ജില്ലാ പോലീസില്‍ പുതിയ മുഖമെത്തിയത് ശ്രദ്ധിച്ചില്ല. പഴക്കമുള്ള പല കേസും തെളിയിച്ച് മികവ് കാട്ടിയ കെജി ജോണ്‍സണ് പോലീസിലെ ഭിന്നതകള്‍ സമ്മാനിച്ചത് സസ്‌പെന്‍ഷനായിരുന്നു. രണ്ടു വലിയ കേസുകളുടെ അന്വേഷണ മികവിന്റെ കൈയ്യടിയില്‍ നില്‍ക്കുമ്പോള്‍ ജോണ്‍സണെ തേടി സസ്‌പെന്‍ഷനെത്തി. ഗുണ്ടാ ബന്ധം ആരോപിച്ചായിരുന്നു അതെല്ലാം. കുട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട വിവാദം തെളിയിക്കാന്‍ ആരുടെ കൈയ്യിലും ഒന്നും ഉണ്ടായിരുന്നില്ല. ഒരു സിഐയ്‌ക്കെതിരായ പീഡനാരോപണം അന്വേഷിച്ചിറങ്ങിയ ജോണ്‍സണ്‍ ആ കേസിലും പിടിമുറുക്കി. അതിന്റെ പ്രതികാരമായി ചിലരൊരുക്കിയ കെണിയായി ജോണ്‍സണ് കിട്ടിയ സസ്‌പെന്‍ഷനെ കരുതുന്നവരുമുണ്ട്. ഒടുവില്‍ പിണറായി സര്‍ക്കാര്‍ ആ സസ്‌പെന്‍ഷന്‍ സെപ്റ്റംബറില്‍ പിന്‍വലിച്ചു. നവംബറില്‍ കാസര്‍കോട്ടെ ജില്ലാ ക്രൈംറിക്കോര്‍ഡ് ബ്യൂറോയുടെ ഡിവൈഎസ് പിയായി ചുമതലയേറ്റു. അതിന് ശേഷം ഒരു മാസം. ഇതിനിടെയില്‍ തന്നെ ആ ആഭിചാര സംഘത്തെ തെളിവുകള്‍ സഹിതം പൂട്ടുകയാണ് ജോണ്‍സണ്‍. അങ്ങനെ 2023 ഏപ്രില്‍ 14 ന് ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ അബ്ദുല്‍ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടില്‍ കൊന്നിട്ടവരുടെ കൈയ്യില്‍ കൈയ്യാമം വീണു. ജോണ്‍സണ്‍ എന്ന പോലീസുകാരന്റെ തൊപ്പിയില്‍ അന്വേഷണ മികവിന്റെ ഒരു തൂവല്‍ കൂടി.
ക്രൈംറിക്കോര്‍ഡ് ബ്യൂറോയിലെ ഡിവൈഎസ് പിയ്ക്ക് സാധാരണ നിലയില്‍ കേസ് അന്വേഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ജോണ്‍സണ് ക്രൈംറിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ വെറുതെ ഇരിക്കാന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിനാകട്ടേ നിരവധി കേസുകള്‍ അന്വേഷിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങനെയാണ് ബേക്കല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈംറിക്കോര്‍ഡ് ബ്യൂറോയില്‍ എത്തുന്നത്. ജോണ്‍സണെ സംഘ തലവനായി നിശ്ചയിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗഫൂറിന്റെ മരണം മാത്രമായിരുന്നു ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഫോണ്‍ റിക്കോര്‍ഡുകള്‍ പരിശോധിച്ച് ജിന്നുമ്മയിലേക്ക് എത്താനുള്ള തെളിവുകള്‍ ജോണ്‍സണ്‍ കണ്ടെത്തി. ഒടുവില്‍ ആഭിചാരക്കാര്‍ക്ക് കുറ്റസമ്മതവും നടത്തേണ്ടി വന്നു. അങ്ങനെ പോലീസിന് മറ്റൊരു അന്വേഷണ പൊന്‍തൂവല്‍ കൂടി നല്‍കുകയാണ് ജോണ്‍സണ്‍.
അബ്ദുല്‍ഗഫൂറിനെ കൊന്നതിന് പിന്നില്‍ യുവതി നേതൃത്വം നല്‍കുന്ന ഇസ്ലാമിക ആഭിചാര സംഘമായിരുന്നു. ഇരിട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുള്‍ ഗഫൂറില്‍ നിന്ന് വാങ്ങിയ സ്വര്‍ണം തിരിച്ച് കൊടുക്കേണ്ടിവരുമെന്ന് കരുതിയായിരുന്നു കൊലപാതം. 596 പവന്‍ സ്വര്‍ണ്ണമാണ് സംഘം തട്ടിയത്. സംഭവുമായി മൂന്ന് സ്ത്രീകള്‍ ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാനെന്ന് പേരില്‍ ഇസ്ലാമിക ആഭിചാര ക്രിയകള്‍ നത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മരണസമയം ഗഫൂര്‍ വീട്ടില്‍ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു. പിന്നീടാണ് 596 പവന്‍ സ്വര്‍ണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പള്ളിഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ആന്തരികാവയവങ്ങള്‍ കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതോടെ കൊലപാതകം തെളിഞ്ഞു. എന്നാല്‍ ജിന്നുമ്മയെന്ന് വിളിക്കുന്ന ഷമീമയുടെ ബന്ധങ്ങള്‍ അവരെ സംരക്ഷിച്ച് നിര്‍ത്തി. എന്നാല്‍ ജോണ്‍സണ് അന്വേഷണ ചുമതല കിട്ടുമ്പോള്‍ ആ കരുതലിനും ജിന്നുമ്മയെ രക്ഷിക്കാനായില്ല. ഇതു തന്നെയാണ് ഷാരോണ്‍ വധത്തിലും നിര്‍ണ്ണായകമായത്.
2022 ഒക്ടോബര്‍ 30നാണ് ഗ്രീഷ്മയെന്ന പ്രണയ വിഷത്തെ മലയാളി തിരിച്ചറിഞ്ഞത്. പാറശ്ശാല പൊലീസ് ഒതുക്കി തീര്‍ത്ത കേസില്‍ സത്യം തെളിഞ്ഞത് ഒറ്റ ദിവസത്തെ ചോദ്യം ചെയ്യലിലാണ്. അതിന് ശേഷം കൃത്യം ഒരു മാസം കഴിഞ്ഞ് നവംബര്‍ 30ന് കേരളം മറ്റൊരു കേസ് കൂടി കേട്ട് ഞെട്ടി. ഊരൂട്ടമ്പലം ഇരട്ടക്കൊല കേസില്‍ അറസ്റ്റുണ്ടായി. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നത് വിദ്യയുടെ കാമുകനായിരുന്ന മാഹിന്‍കണ്ണ് ആണെന്ന് ജോണ്‍സണ്‍ തെളിയിച്ചു. അങ്ങനെ ജോണ്‍സണ്‍ കേരളാ പോലീസിലെ 'സേതുരാമയ്യര്‍' എന്ന വിശേഷണത്തിന് ഉടമയായി. പക്ഷേ പോലീസിലെ ചില വില്ലനമാരുടെ കേസുകളില്‍ വിട്ടുവീഴ്ചയില്ലാ സമീപനം സ്വീകരിച്ചതോടെ അവരുടെ കണ്ണിലെ കരടായി. അങ്ങനെ ഗുണ്ടാ ബന്ധത്തില്‍ സസ്‌പെന്‍ഷനുമായി. തിരിച്ചു വരവും പ്രമാദമായ കേസില്‍ അറസ്റ്റിലൂടെ ജോണ്‍സണ്‍ ചര്‍ച്ചകളിലേക്ക് കടന്നു വരികയാണ്. കാസര്‍കോട്ടെ തെളിയാത്ത ഫയലുകള്‍ ഓരോന്നായി ജോണ്‍സണ്‍ പൊടിതട്ടിയെടുക്കുമോ എന്ന ഭയം പല ഉന്നതര്‍ക്കും പിടികൂടുകയാണ്.
ബ്രണ്ണനിലെ എസ് എഫ് ഐക്കാരന്‍ പോലീസായപ്പോള്‍
ബ്രണ്ണന്‍ കോളേജിലെ പഠന കാലയളവില്‍ എസ് എഫ് ഐ ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി നേതാവ്.. കെ എസ് യുക്കാരുടെ വെട്ടേറ്റ് വീണ വയനാട്ടുകാരന്‍. ഇങ്ങനെ പഠന സമയത്തും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടി പേരെടുത്ത ആളാണ് ഡി വൈ എസ് പി കെ.ജെ ജോണ്‍സനെന്ന് പഴയ കാല സുഹൃത്തുക്കളും ഓര്‍ക്കുന്നു. 2022ല്‍ പാറശ്ശാല പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയ ഗ്രീഷ്മയെ കുടുക്കിയത് ജോണ്‍സണിന്റെ നാലേ നാല് ചോദ്യങ്ങളാണ്. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാന്‍ ശ്രമിച്ചത്. ആ ചോദ്യങ്ങളാണ് ഗ്രീഷ്മയെ കുരുക്കിയത്. പാറശ്ശാല പൊലീസ് നല്‍കിയ ക്ലീന്‍ ചിറ്റിന്റെ പിന്‍ബലത്തിലെത്തിയ ഗ്രീഷ്മ ഡി വൈ എസ് പി കെ ജെ ജോണ്‍സണിന്റെ സമര്‍ത്ഥമായ നീക്കത്തിന് മുന്നില്‍ പതറി. ഇതേ ചോദ്യം ചെയ്യലാണ് മാഹിന്‍ കേസിലും കെജെ ജോണ്‍സണ്‍ നടത്തിയത്. അങ്ങനെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ കുറ്റവാളിയും ഭാര്യയും അഴിക്കുള്ളിലായി. ഇപ്പോഴിതാ കാസര്‍കോട്ടെ ജിന്നുമ്മയും.
ഉരൂട്ടമ്പലം കേസിലെ മാഹിന്‍കണ്ണിനെ പലരും ചോദ്യം ചെയ്തു. അബദ്ധത്തില്‍ കണ്ണില്‍ പെട്ട കേസിന് പിന്നാലെ ജോണ്‍സണ്‍ യാത്ര ചെയ്തു. പലവട്ടം മാഹിന്‍കണ്ണ് ജോണ്‍സണിനേയും കബളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഈ പൊലീസുകാരന്‍ വെറുതെ വിട്ടില്ല. ഗ്രീഷ്മാ കേസില്‍ സത്യം പുറത്തു വന്ന ശേഷം തെളിവെടുപ്പും പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത ശേഷം ജോണ്‍സണ്‍, വിദ്യയുടേയും കുട്ടിയുടേയും കൊലപാതകിക്ക് പുറകെ യാത്രയായി. തെളിവുകള്‍ എല്ലാം കണ്ടെത്തി ചോദ്യം ചെയ്തു. എല്ലാം മാഹിന്‍കണ്ണിന്റെ കള്ളം പൊളിഞ്ഞു. അങ്ങനെ കേരളം ഞെട്ടിയ കൊലക്കേസ് പുറത്തായി. എല്ലാ ക്രെഡിറ്റും ജോണ്‍സണു മാത്രമുള്ളതാണെന്നാണ് കേരളാ പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുനാടനോട് പ്രതികരിച്ചത്. തിരുവനന്തപുരം റൂറല്‍ എസ് പിക്ക് കീഴിലെ ക്രൈം വിഭാഗത്തില്‍ അന്വേഷകനായി എത്തിയ ജോണ്‍സണിന്റെ കണ്ണില്‍ എങ്ങനെയോ കുടുങ്ങിയതാണ് വിദ്യയെ കാണാതകല്‍ കേസ്.
2022 ഏപ്രില്‍ മാസമാണ് ജോണ്‍സണ്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ക്രൈംബ്രാഞ്ചില്‍ ഡിവൈ എസ് പിയായത്. പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റവും നല്‍കി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ തിരുവനന്തപുരം റൂറലില്‍ തന്നെ തുടര്‍ന്നു. അങ്ങനെയാണ് നിര്‍ണ്ണായക ഘട്ടത്തില്‍ ആ രണ്ട് കേസുകളുടെ അന്വേഷണ ചുമതല ജോണ്‍സണ് കിട്ടുന്നത്. അന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ കേസിലെ വസ്തുത പുറത്തു വന്നു. പാറശ്ശാല പൊലീസിനെ കബളിപ്പിച്ച ഗ്രീഷ്മ അങ്ങനെ അകത്താകുകയും ചെയ്തു. അടുത്ത ഊഴും ഊരൂട്ടമ്പലത്തും. പിന്നാലെ സസ്‌പെന്‍ഷനും എത്തിയെന്നതാണ് യാദൃശ്ചികത.
പഠനകാലത്തെ എസ് എഫ് ഐക്കാരന്‍ മികച്ച കേസന്വേഷകനാണ്. പക്ഷേ സ്വന്തം വഴിയിലൂടെ നീങ്ങുന്നതു കൊണ്ട് തന്നെ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ സേനയില്‍ കാര്യമായ റോളുകള്‍ ജോണ്‍സണ് പലപ്പോഴും കിട്ടിയിരുന്നില്ല. വയനാട്ടുകാരനായ ജോണ്‍സണ്‍ ഇപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ ഏത് കേസും തെളിയിക്കാമെന്ന് ഏവരേയും ബോധ്യപ്പെടുത്തുകയാണ്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഴയ എസ് എഫ് ഐ ക്കാരന്‍ പഠന ശേഷം പൊലീസായി. ഇതോടെ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിച്ചു. നിലപാടുകളില്‍ അപ്പോഴും കമ്യൂണിസ്റ്റുകാരന്‍ ഒളിച്ചിരുന്നു. അതുകൊണ്ട് തന്നെ ധാര്‍മികമായി ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്തു. ഇത് സേനയ്ക്കുള്ളില്‍ ഒറ്റയാന്‍ പരിവേഷം ജോണ്‍സണ് നല്‍കി.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി പോലും അടുത്ത ബന്ധം ഈ ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിക്കുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സര്‍വ്വീസിലെ നേട്ടങ്ങള്‍ക്ക് ജോണ്‍സണ്‍ ഉപയോഗിച്ചിരുന്നില്ലെന്നതും വസ്തുതയാണ്. അതുകൊണ്ട് തന്നെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോണ്‍സണ് എത്താനുമായില്ലെന്നതാണ് വസ്തുത. ജോണ്‍സണ്‍ തിരുവനന്തപുരം റൂറലില്‍ ചുമതലയേറ്റ ശേഷം മറ്റ് രണ്ട് കേസുകള്‍ കൂടി തെളിയിച്ചിരുന്നു. അഭിഭാഷകന്‍ ചമഞ്ഞ് പ്രവാസി യുവതിയില്‍ നിന്നും 80 ലക്ഷം തട്ടിയെടുത്ത ശങ്കര്‍ദാസിനെയും അരുണ പാര്‍വ്വതിയേയും നിഷ്പ്രയാസം പൊക്കി ജയിലിലുമാക്കി. കൂടാതെ അഞ്ച് വര്‍ഷം മുന്‍പ് കാണാതായ ജോസിനെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തി നാട്ടില്‍ എത്തിച്ചതും ഇതേ അന്വേഷണ സംഘമായിരുന്നു.
റിയല്‍ എസ്റ്റേറ്റ്, ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ജോണ്‍സണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. ഗുണ്ടാസംഘങ്ങളുമായടക്കം ബന്ധം പുലര്‍ത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് 2023 ജനുവരിയിലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര സ്വഭാവദൂഷ്യം, അച്ചടക്കലംഘനം, അധികാരദുര്‍വിനിയോഗം തുടങ്ങിയ വീഴ്ചകളുടെ പേരിലായിരുന്നു നടപടി. പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റയാളും ഗുണ്ടാനേതാവായ ഓംപ്രകാശും ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ മധ്യസ്ഥരായി പ്രവര്‍ത്തിച്ചുവെന്നായിരുന്നൂ ആരോപണം. ഗുണ്ടാലിസ്റ്റിലുള്ള ഓംപ്രകാശിന്റെ ഉറ്റ അനുനായിയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയെന്നും ആരോപണമെത്തി. പക്ഷേ ഇതിലൊന്നും തെളിവുകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഏതാണ്ട് രണ്ടു വര്‍ഷത്തിന് അടുത്ത് പുറത്തു നിന്ന ജോണ്‍സണെ തിരിച്ചെടുക്കേണ്ട സാഹചര്യം വന്നത്.
അബ്ദുള്‍ ഗഫൂര്‍ ഹാജി കേസില്‍ നടന്നത് നിര്‍ണ്ണായക നീക്കം
പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെയാണ്. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ ശേഷം പ്രതികള്‍ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വര്‍ണ്ണം ജ്വല്ലറികളില്‍ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വര്‍ണ്ണ വ്യാപാരികളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ ഹാജിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഗഫൂര്‍ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുള്ളതിനാല്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്.
ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഗഫൂര്‍ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉള്‍പ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു
പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്. സംഭവത്തില്‍ ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറില്‍നിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.