കുടുംബ പ്രശ്നത്തില്‍ വകുപ്പുതല നടപടിയ്ക്ക് പിന്നില്‍ 'ചതി'; പ്രതികാരമായി 2022ലെ കോവളത്തെ മദ്യസല്‍കാര സെല്‍ഫി എക്സൈസ് മന്ത്രിയ്ക്ക് മുമ്പിലെത്തി; പരാതി കിട്ടിയതും അതിവേഗ നടപടികള്‍; സുനില്‍ കുമാറിനും വനിതാ ഉദ്യോഗസ്ഥര്‍ക്കും വിനയായത് പഴയ സുഹൃത്ത്; എക്‌സൈസില്‍ 'പെണ്‍ പോര്' ?
തിരുവനന്തപുരം: എക്‌സൈസില്‍ 2022ലെ മദ്യസല്‍കാരം ഇപ്പോള്‍ വാര്‍ത്തയായതിന് പിന്നില്‍ 'പെണ്‍ പോര്' എന്ന് സൂചന. നാലു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ എക്‌സൈസ് മന്ത്രിക്ക് പരാതി കിട്ടിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍ വരുന്നത്. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജി.സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഉദ്യോഗസ്ഥര്‍ മൂന്നുപേരും കൂടി കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന് കാരണമായത് ഫോട്ടോയാണ്. ഇതോടെ നടപടി അനിവാര്യമായി.
കുറച്ചു ദിവസം മുമ്പ് കുടുംബ പ്രശ്‌നത്തില്‍ മറ്റൊരു ആള്‍ക്കെതിരെ എക്‌സൈസില്‍ നടപടിയുണ്ടായിരുന്നു. ഇതിന് പിന്നില്‍ ചില ഗൂഡാലോചനയുണ്ടായി എന്ന വിലയിരുത്തലുണ്ടായിരുന്നു. പിന്നാലെയാണ് 2022ലെ മദ്യ സല്‍കാരം പരാതിയായി എത്തിയത്. വിജി സുനില്‍കുമാറുമായി ഏറെ സൗഹൃദമുള്ള കുടുംബത്തിലായിരുന്നു പ്രശ്‌നമുണ്ടായത്. ഇത് സസ്‌പെന്‍ഷനിലേക്ക് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതി എക്‌സൈസ് മന്ത്രിക്ക് എത്തിയത് എന്നതാണ് ശ്രദ്ധേയം. ഫോട്ടോയുള്ളതു കൊണ്ടു തന്നെ നടപടി അനിവാര്യതയുമായി. സുനില്‍കുമാറിന്റെ സുഹൃത്തുക്കള്‍ തമ്മില്‍ ഭിന്നതകളുണ്ടായിരുന്നു. ഈ ഭിന്നതകളാണ് കുടുംബ പ്രശ്‌നത്തിലെ സസ്‌പെന്‍ഷനായത്. ഇതില്‍ പകയുള്ള ഒരാള്‍ ചിത്രം അടക്കം പുറത്തു വിട്ട് മറ്റുള്ളവര്‍ക്കും സസ്‌പെന്‍ഷന്‍ ഉറപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
എക്‌സൈസിനുള്ളില്‍ നിന്ന് തന്നെയാണ് പരാതിയ്ക്ക് ആധാരമായ ഫോട്ടോ പുറത്തു വന്നത്. ജീവനക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് അവര്‍ റിക്കോര്‍ഡും ചെയ്യാറുണ്ടത്രേ. ഇത്തരം ഫോണ്‍ റിക്കോര്‍ഡുകളും ഇനി പുറത്തു വരാന്‍ സാധ്യതയുണ്ട്. തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ സുനില്‍ കുമാര്‍ എതിര്‍വിഭാഗത്തിനൊപ്പം നിന്നുവെന്ന സംശയത്തിലാണ് ഫോട്ടോ പുറത്തുവിട്ട ആളിന്റെ ഇപ്പോഴത്തെ നടപടിയെന്നും സൂചനയുണ്ട്. ബാറുടമയാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്‌സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്‌ക്കെതിരേയും നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെ നിലവില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ തൃശൂരിലായിരുന്നു ജോലി ചെയ്യുന്നത്. എക്‌സൈസ് സേനയ്ക്കാകെ നാണക്കേടായ സംഭവത്തില്‍ ഏറെ വൈകിയാണ് വകുപ്പുതല നടപടി ഉണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണ് പരാതി കിട്ടിയ ഉടനെ നടപടി വന്നു. പരാതി വരാന്‍ നാലു കൊല്ലം വൈകിയെന്നതാണ് വസ്തുത.
മദ്യം കഴിച്ചവര്‍ക്കും, യൂണിഫോമിട്ടിരുന്നവര്‍ക്കും അതറിയാം. പക്ഷെ, വകുപ്പിന് അത് മനസ്സിലാകണമെങ്കില്‍ തെളിവു വേണം. ആ തെളിവാണ് അവര്‍തന്നെ സ്വയം എടുത്ത സെല്‍ഫി. മറ്റാരെങ്കിലും എടുത്തതായിരുന്നുവെങ്കില്‍ ആ ഫോട്ടോയില്‍ ആരോപണം ഉന്നയിക്കാമായിരുന്നു. ഇത് മദ്യപ സംഘത്തിലെ ഒരു വനിത തന്നെ എടുത്ത സെല്‍ഫിയാണ്. ഇത് ആരൊക്കെയാണ് എവിടെ ഇരുന്നാണ് മദ്യപിച്ചതെന്നും, എപ്പോഴാണെന്നുമുള്ള സൂചനകളുമുണ്ട്. ഒരാള്‍ തന്റെ സുഹൃത്തുക്കളുമായി ബറില്‍ പോയി മദ്യപിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, യൂണിഫോം ഫോഴ്സിലുള്ള, അതും മദ്യത്തിനും മയക്കു മരുന്നിനുമെതിരേ സംസാരിക്കേണ്ടവര്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ മദ്യപിക്കുന്നു എന്നതാണ് കുറ്റം. ഇതിലൂടെ പൊതു സമൂഹത്തിന് കിട്ടുന്ന സന്ദേശവും മറ്റൊന്നായിരിക്കും-ഇതായിരുന്നു പരാതി.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിക്ക് അയച്ച ഒരു കൂട്ട പരാതി എന്ന നിലയിലാണ് അത് എത്തിയതും. മുഖ്യമന്ത്രിയില്‍ നിന്ന് നിരവധി തവണ മെഡലുകളും നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും നേടിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നിരവധി വിമുക്തി ക്ലാസുകളിലും ബോധവല്‍ക്കരണ ക്ലാസുകളിലും പങ്കെടുക്കുകയും വനിതാ സ്റ്റാഫിനൊപ്പം യൂണിഫോമില്‍ മദ്യപിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അര്‍ഹതയുള്ള ഒരാള്‍ക്ക് ലഭിച്ച മുഴുവന്‍ അംഗീകാരങ്ങളും അദ്ദേഹം തിരിച്ചെടുക്കുന്നത് എത്ര വിരോധാഭാസമാണ്-ഇതായിരുന്നു പരാതിയിലെ പരിഹാസം.
സ്ത്രീ ജീവനക്കാരുമായി ഒരു ബാര്‍ ഹോട്ടലില്‍ പോയി ഡ്യൂട്ടിയിലിരിക്കെ യൂണിഫോമില്‍ മദ്യപിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
